14 ജൂൺ 2011

ലക്ഷങ്ങളും - സ്വാശ്രയങ്ങളും !


സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സംവരണ തര്‍ക്കം മാനേജ്മെന്റും സര്‍ക്കാരും തമ്മില്‍ പ്രവേശന സമയത്ത് ഉയര്‍ന്നു വരും. കാലം കൊറെയായി രണ്ടു പേരും ചുമന്നു നടക്കാന്‍ തുടങ്ങിയിട്ട്. ഇത് മനുഷ്യന് പരിഹരിക്കാന്‍ കഴിയുന്നതല്ല എന്നാ രീതിയില്‍ തീര്‍പ്പാകാതെ ഓരോ ഭരണ ഋതുക്കള്‍ മാറി മാറി വരുമ്പോള്‍ ചര്‍ച്ചക്കായി ഈ പ്രശനം തിളച്ചു വരും ! എന്നാല്‍ ഇത്രയൊക്കെ ചര്‍ച്ചയും, കമ്മറ്റിയും, പരിഹാര സമവായങ്ങളും ഒക്കെ നടന്നീട്ടും ഒരാള്‍ മാത്രം ഇതിലൊന്നും പെടാതെ പോയത് ഇപ്പോള്‍ മാത്രമാണോ അധികാരികള്‍ അറിയുന്നത് !
അമൃത മെഡിക്കല്‍ കോളേജ് ! സ്വാശ്രയവും, സര്‍ക്കാരും പകുതി-പകുതി വടം വലി നടത്തി കൊണ്ടിരിക്കുമ്പോള്‍ ഒരു സ്വാശ്രയന്‍ മാത്രം മാറി നില്‍ക്കുന്നത് ആരുടേയും കണ്ണില്‍ പെട്ടില്ല. അവിടെ എന്താണ് പ്രവേശന മാനധണ്ടം എന്ന് പോലും ആരും അന്വേഷിച്ചില്ല. അതൊരു "കൊച്ചു" സ്വാശ്രയന്‍ ആയതു കൊണ്ടാകും !


സാമൂഹിക രംഗങ്ങളില്‍ ദൈവിക പരിവേഷവുമായി സഹായ ഹസ്തങ്ങള്‍ നല്‍കുന്ന അമ്മയുടെ കീഴിലുള്ള ഒരു സ്ഥാപനത്തില്‍ ഈയൊരു കാര്യത്തില്‍ ഉള്ള വിരുദ്ധ നിലപാട് എല്ലാവരെയും അത്ഭുതപെടുത്തും ! മറ്റേതു സ്വകാര്യ കോളെജുകളും എന്ത് നിലപാട് എടുക്കുമ്പോഴും, അതിനേക്കാള്‍ സുതാര്യമായ ഒരു സാമൂഹിക നിലപാട് ആത്മീയതയുടെ പേരില്‍ നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ സത്യസന്ധമായ ഇടപെടലിലൂടെ കാണിക്കേണ്ടതുണ്ട്.
അത്തരമൊരു സ്ഥാപനമെന്ന് കരുതിയിരുന്ന അമൃത മെഡിക്കല്‍ കോളേജ് ഇപ്പോള്‍ മീഡിയയില്‍ , സമൂഹത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നു. തങ്ങള്‍ക്കു കേരളത്തിലെ നിയമങ്ങള്‍ ബാധകമല്ലെന്നും, കേന്ദ്രത്തിന്റെ പരിധിയിലാണ് തങ്ങളെന്നും പറഞ്ഞു നിയമ വശങ്ങളുടെ കെട്ടഴിച്ചു വളരെ ബുദ്ധിപൂര്‍വ്വം സംവരണത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നു. എന്തായാലും ഈ "ആത്മീയ ബുദ്ധിയെ" കണ്ടു മറ്റു സ്വാശ്രയങ്ങള്‍ തങ്ങളുടെ പകുതി സീറ്റില്‍ നിന്നും ലഭിക്കുമായിരുന്ന "ലക്ഷങ്ങളെ " ഓര്‍ത്തു തലയില്‍ കയ്യ് വെച്ച് നില്‍ക്കുന്നുണ്ടാകും !!!


ലാഭേച്ചയില്ലാതെ സാമൂഹിക പ്രതിബദ്ധത കൂടുതല്‍ പ്രതിഫലിക്കേണ്ട ഒരു ഇന്സ്ടിടൂഷന്‍ ആണ് മെഡിക്കല്‍ കോളേജുകള്‍. ഓരോ തലമുറക്കും വേണ്ട ഡോക്ടര്‍ മാരെ സൃഷ്ടിക്കേണ്ട സ്ഥാപനങ്ങള്‍ ഇപ്പോള്‍ ലക്ഷങ്ങളുടെ വിളവെടുപ്പ് സ്ഥലങ്ങളായി മാറി കൊണ്ടിരിക്കുന്നു. സീറ്റുകള്‍ക്ക് വേണ്ടിയുള്ള ലക്ഷങ്ങളുടെ വില പേശലുകളില്‍ തന്നെ ഒരു വിദ്യാര്‍ഥിയുടെ സാമൂഹിക പ്രതിബദ്ധതയും ഇവിടെ കമ്പോള വല്ക്കരിക്കപെടുന്നു. ഈ അവസ്ഥക്ക് കാരണമാകുന്ന ഒരു സാഹചര്യത്തെ ഒഴിവാക്കുവാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ട ആത്മീയതയുടെ മറവിലുള്ള സ്ഥാപനങ്ങള്‍ പോലും കമ്പോളത്തിന് നേരെ തങ്ങളുടെ പണപെട്ടി തുറന്നു വെച്ചിരിക്കുകയാണ്. രാഷ്ട്രീയവും, ആത്മീയതയും തങ്ങളുടെ കീഴിലുള്ള ആയിരം തലമുറയ്ക്ക് കഴിയാനുള്ള കോടികളുടെ സ്രോതസ്സുകള്‍ തേടുമ്പോള്‍ എവിടെ നിന്നാണ് ""സാമൂഹിക പ്രതിബദ്ധത" പ്രതീക്ഷിക്കേണ്ടത് !!!

08 ജൂൺ 2011

ഹൈടെക് ഉപവാസം !

കള്ളപണത്തിനും, അഴിമതിക്കും എതിരെ ഇത് വരെ കാണാത്ത സമരത്തിന്റെ ചിത്രങ്ങള്‍. ഗാന്ധിയന്‍ മാര്‍ഗതിലൂടെയുള്ള സമരത്തിന്‌ ശേഷം ഒരു ഹൈടെക് സമരത്തിന്‌ സാക്ഷ്യം വഹിക്കുന്നു ഇന്ത്യ ! കോടികള്‍ ചിലവാക്കി സമരം നയിക്കുന്നത് "കള്ള പണതിനെതിരെ" എന്നറിയുമ്പോള്‍ ശ്വാസം വിട്ടീരിക്കുന്നവര്ക്കു ഒന്ന് ശ്വാസം മുട്ടും ! ഭൌതിക വിരക്തിയുടെയോ, ലാളിത്വതിന്റെയോ, വസ്ത്രമെന്നു കണ്ടു പരിചയിച്ച കാവി ഇപ്പോള്‍ മീടിയയിലൂടെ വിളിച്ചു പറയുന്നത് ഹിമാലയ സാനുക്കളുടെ ഹൈടെക് പരിണാമത്തെ കുറിച്ചാണ്. അതെന്തുമാകട്ടെ, ഉയര്‍ത്തിയിരിക്കുന്ന ആവശ്യം തീര്‍ച്ചയായും നടപടി അര്‍ഹിക്കുന്നത് തന്നെ !



ഈ കള്ളപണം എന്ന് പറയുന്നത് കള്ളന്മാരുടെ പണമാണോ ?


കള്ളതരം കാണിച്ചു ഉണ്ടാക്കുന്ന പണമാണോ ?


ഉറവിടം ഇല്ലാതെ ശൂന്യതയില്‍ നിന്നും വരുന്ന പണമാണോ ?


ആര്‍ക്കറിയാം !


എന്തായാലും അതിനൊക്കെ ഒരു ആധികാരികത വേണ്ടത് തന്നെ. എല്ലാ ഇന്ത്യാക്കാരും സമന്മാരാണ് എന്നാണു നിയമത്തിന്റെ വെയ്പ്പ് ! പക്ഷെ പലതിലും അങ്ങിനെയല്ലെന്നു ഓരോ സംഭവങ്ങള്‍ തെളിയിക്കുന്നു.


ബാബ രാം ദേവ് ആവശ്യപെടുന്ന പോലെ ധനം വരുന്ന സ്രോതസ്സുകളെ കുറിച്ച് വ്യക്തമായ അന്വേഷണം വരേണ്ടതുണ്ട്. കള്ള പണമാണോ, അല്ലയോ എന്നത് എല്ലാ മേഖലയിലും അന്വേഷണ വിധേയമാക്കേണ്ടത് ഇന്ത്യയുടെ സാമ്പത്തിക കെട്ടുറപ്പിന് അനിവാര്യമാണ്. താന്‍ നിലകൊള്ളുന്ന പ്ലാട്ഫോമിനെതിരെയുള്ള അന്വേഷണം പ്രതീക്ഷിച്ചു കൊണ്ട് തന്നെ അദ്ദേഹം ഇത് പറയുമ്പോള്‍ അത്തരത്തിലുള്ള എല്ലാം ആത്മീയ കേന്ദ്രങ്ങളടക്കം അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന ഓര്‍മപെടുത്തല്‍ കൂടി ഈ സന്ദര്‍ഭത്തില്‍ വ്യക്തമാണ്. തങ്ങളുടെ പേരിലുള്ള ആരോപണങ്ങള്‍ സത്യമല്ലെന്ന് തെളിയിച്ചു കൊടുക്കേണ്ടത് നിയമതോടുള്ള ബാധ്യത കൂടിയാണെന്ന് ഈ സമരം അതുമായി ബന്ധപെട്ടവരെ ഒര്മാപെടുതുന്നു.
                                       _________________
ആര് പറഞ്ഞു ഇന്ത്യയില്‍ ഭൂരി ഭാഗവും ദരിദ്രര്‍ എന്ന് !


ഇതുവരെ കേട്ടു കേള്വിയില്ലാതെ കോടികളെ കുറിച്ചാണ് പത്രങ്ങളായ പത്രങ്ങളില്‍ വാര്‍ത്ത !


വെറുതെ കിട്ടുന്ന ഓക്സിജന്‍ വലിച്ചു കേറ്റി വിടുന്ന ശ്വാസ പ്രക്രിയയും , ധ്യാനവും വരെ കോടികളുടെ ആസ്തിയില്‍ കടലുകള്‍ ഏഴും കടന്നു നില്‍ക്കുന്നു.


എവിടെയും ജനക്കൂട്ടങ്ങള്‍. ആയിരങ്ങള്‍, ലക്ഷങ്ങള്‍ വെറുതെ ഇരുന്നു ശ്വാസം പിടിക്കാനും , മിണ്ടാതിരിക്കാനും !


അതിജീവനത്തിനും, അധ്വാനത്തിനും അനുയോജ്യമായ രീതിയില്‍ പ്രകൃതി നിര്‍ണയിച്ചിരിക്കുന്ന ശ്വസന താളം ഇപ്പോള്‍ വെറുതെ ഇരുന്നു വലിച്ചു കേറ്റുന്ന രീതിയിലേക്ക് എത്തി നില്‍ക്കുന്നു.


മൂക്ക് പൊത്തിയും, ഇടക്കൊന്നു വിട്ടും, വിടാതെയും, വയര്‍ എക്കി പിടിച്ചു പിടിച്ചു നിര്‍ത്തിയും നടത്തുന്ന ഈ ശ്വാസ-കോഴ്സിന്റെ ശിഷ്യ ഗണങ്ങളായി മാറിയിരിക്കുന്നു സമൂഹം.


ആളുകള്‍ ധ്യാനത്തില്‍ ആണ് ! ആയിരങ്ങള്‍ മൂക്കുകള്‍ അമര്‍ത്തി ശ്വാസം പിടിചിരിപ്പാണ്. എന്നീട്ടും കോടികള്‍ ഒഴുകുന്നു...


വയലുകളില്‍ പണി ചെയ്തിരുന്ന മനുഷ്യര്‍ എവിടെ ! ധ്യാനതെക്കാള്‍, ഇരുന്നു ശ്വാസം പിടിക്കുന്നതിനെക്കാള്‍ ഉത്തമമായ പ്രകൃതിയുടെ ഊര്‍ജ്ജം ആവാഹിച്ചു മണ്ണില്‍ പണി ചെയ്യേണ്ട മനുഷ്യര്‍ എവിടെ !!


മനുഷ്യന് വയര്‍ നിറക്കാന്‍, പ്രകൃതിയുടെ വിഭവങ്ങള്‍ വേണം ! കൃഷി സ്ഥലങ്ങള്‍ നിരത്തി കോടികള്‍ വെച്ച് കെട്ടിടം പണിയുകയാണ് കോടികള്‍ കിട്ടുന്നവര്‍. കോടികളിലൂടെ സ്വന്തം സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നവര്‍ !


നിഷ്ക്രിയരായിരിക്കുന്നവരുടെ വയറുകള്‍ നിറക്കേണ്ട ബാധ്യത രാസവളങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. മനുഷ്യര്‍ നിഷ്ക്രിയരായാപ്പോള്‍ മാരകമായ വിഷങ്ങള്‍ കൃഷിയിടങ്ങളില്‍ തെളിച്ചു ഉത്പാദന വര്ധന്നവിലൂടെ ലാഭങ്ങള്‍ കൊയ്യുന്ന തിരക്കിലാണ് കമ്പനികള്‍. ജനിതക മാറ്റം വരുത്തിയ ഹൈബ്രിഡ് കൃഷികള്‍ പ്രകൃതിയെ മാറ്റി മറിച്ചത് പോലും ധ്യാന നിരതരായവര്‍ക്കൊന്നും വിഷയമേ ആകുന്നില്ല.


മനുഷ്യര്‍ എല്ലാവരും ധ്യാനതിലാണ്. ചുറ്റും പരിസ്ഥിതിക്കെല്‍പ്പിച്ച ആഘാതങ്ങളുടെ ഇരകള്‍ ! മാരകമായ അസുഖങ്ങള്‍ ! മാരക കീട നാശിനിയായ എന്‍ഡോ സള്‍ഫാന്‍ നിരോധനം ആരൊക്കെയോ ഒച്ച വെച്ചതിന്റെ പേരില്‍ ഇപ്പോഴെങ്കിലും ഇഴഞ്ഞെതിയിരിക്കുന്നു. ഈ അവസ്ഥകള്‍ ചുറ്റും നടക്കുമ്പോഴും, പതിനായിരങ്ങളെ തങ്ങളുടെ കുടകീഴിലാക്കി ശ്വാസം വിട്ടിരിക്കാന്‍ നേതൃത്വം കൊടുക്കുന്നവരും, ആത്മീയ ധ്യാനക്കാരും ഇതൊന്നും നമ്മള്‍ക്ക് ബാധകമല്ലെന്ന രീതിയില്‍ നിശബ്ദമായി നിലകൊള്ളുന്നു ! വെറുതെ ഇരുന്നു ശ്വാസം പിടിച്ചു കാണിച്ചു കൊടുത്താല്‍, ഇരുന്നു കൈ കൊട്ടി പാടിയാല്‍, കണ്ണടച്ച് മിണ്ടാതെ ഇരുന്നാല്‍, കോടികള്‍ വരുന്നെങ്കില്‍, പിന്നെ ആളുകള്‍ക്ക് അതാണ്‌ വേണ്ടതെങ്കില്‍ അത് കൊടുക്കുന്ന ഇവരെ എന്തിനു കുറ്റം പറയണം ! അല്ലെ !


ഇവിടെ കോടികള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ആത്മീയതയും, ആത്മീയതയും തമ്മില്‍, രാഷ്ട്രീയവും-ആത്മീയതയും തമ്മില്‍, കച്ചവടവും, കച്ചവടും തമ്മില്‍
ആത്മീയത രാഷ്ട്രീയത്തെ വളരെ എളുപത്തില്‍ കടത്തി വെട്ടുന്ന ചിത്രങ്ങള്‍ ആണ് നമുക്ക് ചുറ്റുമുള്ള "കോടികള്‍" പറയുന്നത്.മൊത്തം ആത്മീയ വ്യവസായത്തിന്റെ കോടികളുടെ കണക്കു പുറത്തേക്കു വരുമെങ്കില്‍, ആരെങ്കിലും ഞെട്ടുമോ !! ചായ്, ഒരാളും ഞെട്ടില്ല ! കോടികള്‍ അത്രമാത്രം ചെറുതായിരിക്കുന്നു, നമ്മുടെ ഇന്ത്യയില്‍ ! എന്നീട്ടും, ഇന്ത്യയില്‍ പട്ടിണി ഉണ്ടെന്നു പറഞ്ഞാല്‍, ദരിദ്രര്‍ ഉണ്ടെന്നു പറഞ്ഞാല്‍ ഈ ""കോടികള്‍"" ചിരിക്കും !!