16 ജനുവരി 2013

ഐ റിമെംബര്‍ ! ബട്ട്‌ യു ജസ്റ്റ്‌ റിമെംബര്‍ ദാറ്റ് !!

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പങ്കാളിത്വ പെന്‍ഷന്‍ നടപ്പിലാക്കുന്നതിനെതിരെ പണിമുടക്കി. പണിമുടക്കിയത് ഒരു ദിവസമല്ല, ആറു ദിവസം !!!ഒന്നോ രണ്ടോ ജീവനക്കാരല്ല, ജനങ്ങളുടെ ഫയലുകള്‍ നിശ്ചലമാകി കൊണ്ട് സംസ്ഥാനത്ത് പതിനായിരങ്ങള്‍ ! ആറു ദിവസവും ജനങ്ങളുടെ ഫയലുകള്‍ മേശപ്പുറത്തു ഉണ്ടായിരുന്നു ! ഒരു ജനതയുടെ പ്രശ്നങ്ങള്‍, പ്രതീക്ഷകള്‍ ! അവരുടെ ഫയലുകള്‍ നീക്കുന്നതിനാണ് ജനാധിപത്യം ജനങ്ങളില്‍ നിന്നുമുള്ള നികുതി പണത്തില്‍ നിന്നും ശമ്പളം കൊടുത്തു നിയമിച്ചത് !നല്ലൊരു നാളെ സ്വപ്നം കണ്ടു ഒരു നേരം വിശപ്പടക്കാന്‍ ബുധിമുട്ടുന്നവന്റെയും നികുതി പണം ഉണ്ടാവും സര്‍ക്കാര്‍ നല്‍കുന്ന ശമ്പളത്തില്‍ എന്ന ബോധം സമരങ്ങളില്‍ വിസ്മരിക്കപ്പെടുകയാണ് !

എന്നീട്ടും, കര്‍ത്തവ്യം മറന്നു, ജനങ്ങളെ മറന്നു, പിരിഞ്ഞു പോകുമ്പോഴുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയെന്ന പോലെയായി ജോലി... ! ശമ്പളം കിട്ടാതിരിക്കാന്‍ മാത്രം കമ്പനി പൊളിയില്ലെന്ന ഉറപ്പു സര്‍ക്കാര്‍ ജോലിക്കുന്ടെന്ന ധൈര്യം തന്നെയാണ് കര്‍ത്തവ്യത്തെ വിസ്മരിപ്പിച്ചത്. ജനങ്ങളെ നയിക്കുന്ന രാഷ്ട്രീയത്തില്‍പെട്ടവര്‍ തന്നെയാണ് പിന്തുണ നല്‍കി  കര്തവ്യത്തെ പുറംകാലുകൊണ്ട്‌ തൊഴിച്ചത് ! 


എല്ലാം മറക്കും, ജനം ! ഈ രാഷ്ട്രീയക്കാരെ ഇനിയും അധികാരം അനുഗ്രഹിക്കും ! അവകാശം എന്നത് ജനങ്ങള്‍ക്ക്‌ റേഷനരിയില്‍ മാത്രം ഒതുങ്ങും ! രാഷ്ട്രീയക്കാര്‍ക്കും, പിണിയാളുകള്‍ക്കും ഇതൊക്കെ പാര്‍ട്ടി  വളര്‍ത്താനുള്ള ഇടകൃഷിയായിരിക്കും ! അറിയാം, എങ്കിലും ചോദിച്ചു പോകുകയാണ് ? ഒരു അവകാശത്തിനും ഇടം കിട്ടാതെ അനേകായിരങ്ങളുടെ ജീവിതങ്ങള്‍ പുറത്തു അലയുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പണിമുടക്കി സ്തംപിപ്പിക്കാന്‍ എങ്ങിനെ കഴിയുന്നു, നിങ്ങള്ക്ക് ! പണിമുടക്കുന്നതിനു മുമ്പ് തങ്ങളുടെ 'മുന്നില്‍ വന്നു' നില്‍ക്കുന്നവരുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെ ഒന്ന് നോക്കുകയെങ്കിലും ആവാം !

കണ്ടീട്ടുണ്ട്, ഒരു തസ്തികയ്ക്ക് പതിനായിരങ്ങള്‍ ടെസ്റ്റെഴുതി പോകുന്നത് ! അവരില്‍ ഒരാളായിട്ടുണ്ട്‌ ! ജീവിതകാലം മുഴുവന്‍ കാത്തിരിക്കുന്നതിനിടയില്‍ ജീവിക്കാനായി ഒരവകാശവും ആവശ്യപെടാനില്ലാതെ എന്തെങ്കിലും ജോലി ചെയ്തു അവരും ജീവിക്കുന്നുണ്ട് ചുറ്റും ! 
ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ലോണെടുത്തും, ഉള്ളത് വിറ്റും ഓട്ടോറിക്ഷയാക്കിയും, മറ്റും ജീവിതമോടിക്കുന്നവരുണ്ട് അക്കൂട്ടത്തില്‍ ! ഇഴഞ്ഞും, വലിഞ്ഞും പോകുന്ന അത്തരമൊരു സമൂഹത്തില്‍ 'ലോണ്‍ നല്‍കിയവര്‍' മാത്രം അവകാശപ്പെടുന്ന ജീവിതങ്ങളെ ഒരു പാട് കാണാം! നാട്ടില്‍ ജീവിക്കാനുള്ള തൊഴില്‍ അവസരങ്ങള്‍ അന്യമായത് കൊണ്ട് നാട്ടില്‍ ജീവിക്കാനുള്ള അവകാശം അടിയറവു വെച്ച് അനെകായിരങ്ങളുണ്ട് ഒരു തൊഴില്‍ ഗ്യാരണ്ടിയുമില്ലാതെ ഗള്‍ഫിലും, മറ്റു വിദേശങ്ങളിലും ! അവകാശങ്ങളുടെ ലിസ്റ്റെഴുതി പിടിച്ചു മുദ്രാവാക്ക്യം വിളിച്ചു നില്‍ക്കുമ്പോള്‍ അത്തരം ജീവിതങ്ങളെയും, സമൂഹത്തെയും കാണാതെ പോകരുത് ! 

തസ്തികകളില്‍ കയറി പറ്റിയവര്‍ അതൊക്കെ കണ്ടീട്ടും നാടിന്റെയും, ജനതയുടെയും പ്രശ്നങ്ങള്‍ വിസ്മരിക്കുന്നത് കൊണ്ടാകണം സമൂഹത്തിനു നേരെ പല്ലിളിച്ചു കൊണ്ട് പണിമുടക്കി സര്‍ക്കാര്‍ നല്‍കുന്ന അവകാശതിനെതിരെ ഒച്ചവെക്കുന്നത്.  'സുഹൃത്തേ ഞാനെന്താണ് താങ്കള്‍ക്കു വേണ്ടി ചെയ്തു തരേണ്ടത്‌' എന്ന് ഒരു പബ്ലിക് സെര്‍വന്റ്റ്‌ പറയുന്നത് ഞാന്‍ കേട്ടീട്ടില്ല ! മുന്നില്‍ തലചൊറിഞ്ഞു നില്‍ക്കുന്നവരെ ശല്യമായല്ലോ എന്ന് മുഖമുയര്‍ത്താതെ നോക്കുന്നവരാധികവും ! ഇതിനിടയില്‍ നല്ലവര്‍ ഇല്ലാ എന്നല്ല ! ഉണ്ട്, ഉണ്ടാകണം ! പക്ഷെ, എല്ലാവരും 'തന്റെ കര്‍ത്തവ്യത്തില്‍ പബ്ലിക് സെര്‍വന്റ്റ്‌' ആണെന്ന് ജനങ്ങള്‍ക്ക്‌ മുമ്പില്‍ ഓര്‍ക്കേണ്ടതുണ്ട്, ഇടക്കെങ്കിലും ! അതില്ലാത്ത ഒരു നാടിന്റെ ദുരവസ്ഥയാണ് സമരങ്ങളെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ പരിഹാസ്യമായ കാഴ്ചയാക്കുന്നത് !