16 ജനുവരി 2012

അത്‌ "റിയല്‍" മുടി തന്നെ !! !!

ഒരു ഇടവേള...

ഒരു വര്‍ഷത്തിനു ശേഷം ഒരു മാസത്തെ വെകേഷന്‍ എന്നെ നാട് കാണിച്ചു ! നാടും വീടും കുടുമ്പക്കാരെയും വിട്ടു നിന്ന ഒരു വര്‍ഷത്തിനു ശേഷം എയര്‍ പോര്‍ട്ടില്‍ വണ്ടി ഇറങ്ങി പുറത്തേക്കു നോക്കി.
എയര്‍ പോര്‍ട്ടില്‍ നാട് പറഞ്ഞയച്ച ആളുകളെ പെട്ടിയടക്കം കൂട്ടികൊണ്ട് വീട്ടിലേക്കു പോവാന്‍ അക്ഷമരായി കാത്തു നില്‍ക്കുന്ന ബന്ധുക്കള്‍ ! പച്ചപിടിച്ച മരങ്ങള്‍, നികത്തല്‍ കഴിഞ്ഞു ബാക്കി തരിശായി മേലോട്ട് നോക്കി എന്തൊക്കെയോ ഓര്‍ത്തു മലര്‍ന്നടിച്ചു കിടക്കുന്ന നെല്പാടങ്ങള്‍ ! എന്തൊക്കെയോ ചവച്ചു നില്‍ക്കുന്ന നിഷ്കലങ്ങരായ മൃഗങ്ങള്‍ !


ഞാനും എന്നെ കാത്തുനിന്നിരുന്ന വണ്ടീല്‍ കയറി എയര്‍ പോര്‍ട്ട്‌ വിട്ടു, റോഡിലൂടെ വണ്ടി എതിരെയും കുറുകെയും പിറകെയും വരുന്ന വണ്ടികള്‍ക്കിടയിലൂടെ പാമ്പും കോണിയും കളിച്ചു പോയ്കൊണ്ടിരുന്നു. റോഡിനു ഇരുവശവും അപ്പാര്‍ട്ട്മെന്റുകളുടെ കൂറ്റന്‍ റിയല്‍ എസ്റെറ്റ് ഫ്ലെക്സ് പരസ്യങ്ങള്‍ ! നടന്മാര്‍ അഭിനയ പോസുകളില്‍ കൂടെയുല്ലവരോടൊപ്പം ചിരിച്ചു നില്‍ക്കുന്ന സിനിമാ ഫ്ലെക്സുകള്‍ ! വണ്ടി അതിനെ ഓരോന്നിനെയും പിറകിലാക്കി പോവുമ്പോള്‍ പെട്ടെന്ന് ഒരു കൂറ്റന്‍ പരസ്യം ! തലയില്‍ കെട്ടുമായി ഒരാളുടെ വലിയ ചിത്രം, മുഖത്ത് ചിരി വിടര്‍ത്തി ! എവിടെയോ കണ്ടു മറന്ന മുഖം ! രാഷ്ട്രീയക്കാരനല്ല, എന്നാല്‍ മുഖത്ത് ചിരിയുണ്ട് ! പരസ്യതിലേക്ക് സൂക്ഷിച്ചു നോക്കി വായിച്ചു, ശഅറെ മുബാറക്ക്‌ !


ങേ ! ശഅറെ മുബാറക് ! ഇത് അത്‌ തന്നെ ! പത്രങ്ങളും , ബ്ലോഗുകളും, സങ്ങടനകളും വിഷയങ്ങലാക്കി, വിവാദമാക്കി, തര്ക്കങ്ങലാക്കി ഒന്നാം ക്ലാസ്സിലെ കുട്ടിയെ വരെ പരിചയപെടുത്തിയ വിഷയം. ഇപ്പൊ കൂറ്റന്‍ ഫ്ലെക്സുകളില്‍ നിറയുന്നു. പ്രവാചകന്റെ മുടി ! അല്ലെന്നും ആണെന്നും ആള്‍ക്കാരെ തമ്മിലടിപ്പിച്ച ആ മുടി ! കൂറ്റന്‍ കെട്ടിട സമുച്ചയതിനുള്ളില്‍ ഒരു പളളി മനോഹരമായ ത്രി ഡി ഡിസൈനിങ്ങില്‍ ഒറിജിനല്‍ ഫോടോ എന്ന പോലെ ഉയര്‍ന്നു നില്‍ക്കുന്നു . ഒറ്റ നോട്ടത്തില്‍ ആരും കൊതിച്ചു പോകും ! ഹറം ആണെന്ന് കരുതി അവിടെ നമസ്കരിക്കും !


ഇപ്പൊ ചിത്രങ്ങള്‍ അങ്ങിനെയാണ് വീട് പണിയുന്നതിനു മുമ്പേ എന്‍ജിനീയര്‍ വീടിന്റെ അകത്തളം വരെ എല്ലാ ഫര്നിഷിങ്ങും ചെയ്തു ഇമെജിലൂടെ നടത്തി കാണിക്കും. അത്‌ പ്രിന്റെടുത്ത് കാണിച്ചാല്‍ ആരും കടം വാങ്ങിചായാലും പണിതു പോകും ബില്ടിംഗ് ! പണ്ടത്തെ പെന്‍സില്‍ കൊണ്ടുവരച്ച ചതുരവും അതിനുള്ളിലെ നാല് വര മുറികളും ഒക്കെ ചരിത്രം. അത്‌ പോട്ടെ ! പറയാന്‍ വന്നത് അതല്ല !


ആ പരസ്യം എന്താണ് പറയുന്നത് ! ആ നില്‍ക്കുന്ന ആളാണ്‌ അതിന്റെ മാസ്റെര്‍ മൈന്‍ഡ് ! അത്‌ കൊണ്ടാണ് അദ്ധേഹത്തിന്റെ ചിത്രം ! ആ പള്ളിയാണ് മുടി വെക്കുന്ന പളളി ! അതാണ്‌ നടുവില്‍ ! ചുറ്റും കാണുന്നത്.. ഹോ മനസ്സിലായി മനസ്സിലായി നോളെജ് സിറ്റി ! ആ ബില്ടിങ്ങുകളിലൂടെയാണ് ഇനി നോളെജ് വരിക ! മുടി പോലെ പല നോലെജുകലുമാണോ ഇനി ഇതിലൂടെ വരാനിരിക്കുന്നത് ! ഇതുവരെ ഇല്ലാതിരുന്ന ഏത് പുത്തന്‍ നോളെജ് ആയിരിക്കും ഇത് വരെ ഉറങ്ങി കിടന്നിരുന്ന ഒരു "സമൂഹത്തില്‍" നിന്നും ഈ പദത്തില്‍ ഉള്ള നഗരത്തിലൂടെ വരാനിരിക്കുന്നത് ! ആര്‍ക്കറിയാം ! അതോ മുടി വെച്ചു ആധുനിക ശാസ്ത്രങ്ങളുടെ ഉള്ളറകളിലേക്ക് കാതു കൂര്പിച്ചു ചിന്തകള്‍ പറപ്പിച്ചു, പുതിയ വിജ്ഞാന മേഖലകള്‍ ആണോ ഉയര്‍ന്നു വരിക ! ഏയ്‌ ! അതായിരിക്കില്ല !എങ്കില്‍ അതും മുടിയും തമ്മില്‍ അടികൂടും !


മുമ്പ് മുസ്ല്യാക്കന്മാര്‍ "ഇത്രത്തോളം" ഉയര്‍ന്നു ചിന്തിച്ചിരുന്നില്ല ! അവരുടെ ചിന്ത അവരെ നിയമിച്ച പള്ളിയകങ്ങളില്‍, മദ്രസകളില്‍, വഅളുകളില്‍ തങ്ങളുടെ മഹല്ലുകളില്‍ ആരാധന വിഷയങ്ങളില്‍ ഒതുങ്ങിയിരുന്നു ! ഇപ്പൊ വളരെ മാറി ! ഭൌതിക വിജ്ഞാനത്തിന് നേരെ പുറം തിരിഞ്ഞു നില്‍ക്കുകയും, പുറം തിരിഞ്ഞു നില്‍ക്കണമെന്ന രീതിയില്‍ മത വിഷയങ്ങളില്‍ ശ്രദ്ധിക്കണമെന്ന ഉള്ബോധനങ്ങളില്‍ നിലകൊള്ളുകയും ചെയ്തപ്പോള്‍ സമൂഹം വആളു കേള്‍ക്കാനും , മുസ്ല്യാര്‍ക്ക് ചിലവിനു കൊടുക്കാനും മാത്രമുള്ള സമൂഹമായി മാറി. മറ്റുള്ള സമൂഹങ്ങള്‍ സാമൂഹികമായി/വൈജ്ഞാനിക പരമായി മുന്നേറിയപ്പോള്‍ നമ്മുടെ സമൂഹം സ്കൂളില്‍ പോകാതെ വ ആളും കേട്ടു ലേലോം വിളിച്ചു ഇരിക്കുകയായിരുന്നു ! ഒരു ജോലിയും ലഭിക്കാനുള്ള യോഗ്യത ഇല്ലെന്ന തിരിച്ചറിവില്‍ വായും പിളര്ന്നി ഇരിക്കുമ്പോഴാണ് അന്ന് ഗള്‍ഫ്‌ അത്താണി . ആയി അവതരിക്കുന്നത്. ഗള്‍ഫ് നാട്ടില്‍ ജോലിയില്ലാതവരെ കൊണ്ടു പോയി !മുസ്ലിയാക്കന്മാര്‍ തങ്ങളുടെ ഭാഷാ വിജ്ഞാനമായ ആര്‍ക്കും വേണ്ടാത്ത അറബി മലയാളം പഠിപ്പിച്ചു ആളുകളുടെ സമയം കളഞ്ഞെങ്കിലും കിട്ടിയ ജോലി ചെയ്തു, അറബികളില്‍ നിന്നും അറബി കേട്ടു പഠിച്ചു. കുടുമ്പത്തെ വിട്ടു മരുഭൂമിയില്‍ ജോലി ചെയ്യവേ ഞെട്ടിക്കുന്ന ഒരു സത്യം സമൂഹം തിരിച്ചറിഞ്ഞു ! തങ്ങള്‍ക്കന്ന്യമായ വിദ്യഭ്യാസത്തിന്റെ പ്രാധാന്യം !


ഇന്ന് സമൂഹം വിധ്യാസംപന്നരാന് ! വിദ്യഭ്യാസം നേടണമെന്ന് ഗള്‍ഫ് പറഞ്ഞു, ലോകം പറഞ്ഞു ! ഇനി തങ്ങളുടെ ജല്‍പ്പനങ്ങള്‍ കൊണ്ടു കാര്യമില്ലെന്ന തിരിച്ചറിവ് പൌരോഹിത്യത്തെ ഭൌതിക വിധ്യാഭ്യാസത്തിന്റെ അപ്പസ്തോലന്മാരാക്കി. ഗള്‍ഫ് പണത്തെ കണ്ടു കൊണ്ടു തന്നെ വിശ്വാസത്തിന്റെ മറവില്‍ പണം കണ്ടെത്തി ഒരേ സമയം ഭൌതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും, തങ്ങള്‍ക്കു നിലകൊള്ളാന്‍ ആത്മീയ സ്ഥാപനങ്ങളും പടുത്തുയര്‍ത്തി തങ്ങളുടെ നില ഭദ്രമാക്കി. തങ്ങള്‍ ഭൌതിക വിധ്യാഭ്യാസതിനും പ്രാധാന്യം കൊടുക്കുന്നു എന്ന് സമൂഹത്തില്‍ വരുത്തി തീര്‍ത്തു. അങ്ങിനെ പൌരോഹിത്യം ആത്മീയതയുടെ ബിസിനസ് സാദ്യതകള്‍ മനസ്സിലാക്കി പുതിയ മേചില്പുരങ്ങള്‍ തേടുന്നതിന്റെ വ്യക്തമായ അടയാളങ്ങളാണ് സമൂഹത്തില്‍ മുളച്ചു വരുന്ന "വിശുദ്ധ മുടികളും" അവയുടെ വ്യാപാര സാധ്യതകള്‍ വിളംബരം ചെയ്യുന്ന ആത്മീയ-ഭൌതിക പ്രോജെക്ടുകളും ! വിശ്വാസത്തിന്റെ പേരില്‍ എന്തും വിശ്വസിക്കും തങ്ങള്‍ നിര്‍മിച്ച വിശ്വാസികള്‍ എന്ന് ഉറപ്പിച്ചവരുടെ ശബ്ദം പത്തു രൂപയില്‍ നിന്നും "ശത കോടികളിലേക്ക് " എത്തിച്ചതിന്റെ "ആത്മീയ റേറ്റിംഗ് ഇന്ടെക്സ്" അവര്‍ നടത്തിയ "ബിസിനസ് മാനേജ്മെന്റിന്റെ" വിജയമാണ് ! വിശുദ്ധരുടെ മുടികളും, ശരീര ഭാഗങ്ങളും കോടികള്‍ വരുമാനം നല്‍കുന്ന വഴികള്‍ ആണെന്ന കണ്ടെത്തലുകള്‍ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്നും വിശ്വാസികളെ ഹൈജാക്ക് ചെയ്യുന്നവരുടെ നിരയിലേക്ക് പുതിയ "രംഗ പ്രവേശങ്ങള്‍" സമൂഹത്തിനു പ്രതീക്ഷിക്കാമെന്ന സൂജനകള്‍ നല്‍കുന്നുണ്ട് ! "വിശ്വാസം അതല്ലേ എല്ലാം" എന്ന പരസ്യ വാചകം ഇവിടെ അന്വര്തമാകുന്നുണ്ടോ ?


സൃഷ്ടാവിനെ മനുഷ്യ ചിന്തയേക്കാളും താഴ്ന്ന രൂപത്തില്‍ ചിന്തിക്കുന്ന ഒരു പ്രതിഷ്ടയാക്കി ആരാധനകള്‍ അര്‍പ്പിക്കാന്‍ പല വഴികള്‍ അവതരിപ്പിക്കുന്നിടതാണ് പൌരോഹിത്യം നിലനില്‍ക്കുന്നത്. ആരാധന, പ്രീതി, എന്ന വാക്കുകളില്‍ ഒതുക്കി മനുഷ്യ ജീവിതത്തിന്റെ പ്രായോഗിക മേഖലകളില്‍ ചിന്തകളെയും, അറിവുകളെയും, ഇടപെടലുകളേയും അന്യമാക്കി തങ്ങളുടേതായ ഇരിപ്പിടങ്ങളില്‍ ഇരുന്നു പൌരോഹിത്യം ജല്‍പ്പനം നടത്തുമ്പോള്‍ ലഭ്യമാകുന്ന എല്ലാ സൌകര്യങ്ങളെയും കണ്ണടച്ച് അനുഭവിക്കുന്നതിന്റെ അവസരവാദ രാഷ്ട്രീയമാണ് ആത്മീയതയുടെ മറവിലുള്ള അനേകം സ്ഥാപനങ്ങള്‍ വിളിച്ചു പറയുന്നത്.


ശഅറെ മുബാറക് പ്രവാചകനോടുള്ള സ്നേഹമോ ! അതോ ആ സ്നേഹത്തിന്റെ പേരില്‍ പണികഴിപ്പിക്കുന്ന പള്ളിയെ വിഴുങ്ങുന്ന ക്നോലെജ് സിറ്റിയെന്ന വമ്പന്‍ പ്രോജെക്ടിന്റെ ആത്മീയ സാധ്യതയെ വിജയിപ്പിക്കുന്നിടത് ഒതുങ്ങുന്ന സ്നേഹമോ ? അങ്ങിനെയൊരു വ്യാപാര സാധ്യത ഇല്ലായിരുന്നുവെങ്കില്‍ ഈ മുടി പണ്ടേ ഇവിടെ ഒരു പ്രോജെക്ടും ഇല്ലാതെ സ്ഥാപിക്കപെടുമായിരുന്നു ! പക്ഷെ ????????


റിയല്‍ എസ്റെറ്റ് ബിസിനസ്സുകളില്‍ ഭൂമി കിടന്നു കറങ്ങുകയാണ് ! കൃഷി സ്ഥലങ്ങള്‍ നികതപെടുന്നു ! വനങ്ങള്‍ വെട്ടിമാറ്റുന്നു ! അവിടെ കോണ്ക്രീറ്റ് വനങ്ങള്‍ സ്ഥാപിക്കപെടുകയാണ് ! ആത്മീയതയും, ഭൌതികതയും വാക്കുകളില്‍ മാത്രമുള്ള അന്തരങ്ങളായി മാത്രം മാറുന്നു.
________________________________
ആധുനിക ആദു സമൂഹത്തിനു നേതൃത്വം നല്കുന്നവരിലേക്ക് ഹൂദ്‌ നബിയുടെ ശബ്ദം എന്നാനുയരുക ! മൂസ നബിയുടെ അഭാവത്തില്‍ പൌരോഹിത്യം പശുകുട്ടിയുമായ് എവിടെയൊക്കെയോ ഉദയം ചെയ്യുന്നു....!!!

1 അഭിപ്രായം:

..naj പറഞ്ഞു...

കുര്‍ആന്‍ പ്രവാചകന്റെ ജീവിതമെന്ന് ! ആ പ്രവാചകന്റെ ജീവിതം പ്രായോഗികമായി ജീവിതത്തില്‍ പ്രതിഫലിപ്പിക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ പ്രവാചകനോടുള്ള സ്നേഹമെന്ന് കുര്‍ആന്‍ !! പ്രവാചകന്റെതെന്നു പറയുന്ന മുടിയെ തള്ളി പറയുന്നത് വിശ്വാസത്തില്‍ നിന്നുള്ള വ്യതിച്ചലനമാനെന്നു പറയുന്ന അര്‍ത്ഥ ശൂന്യതയെ തിരിച്ചറിയണമെങ്കില്‍ യഥാര്‍ത്ഥ വിശ്വാസ വിജ്ഞാനത്തിലേക്കു ഇനിയും വിശ്വാസികള്‍ ഉയരെണ്ടിയിരിക്കുന്നു. അത്‌ വരെ ഇത്തരം പ്രച്ഛന്ന വേഷങ്ങള്‍ സമൂഹത്തില്‍ അവതരിച്ചു കൊണ്ടേയിരിക്കും.