പിണറായി അങ്ങിനെയാണ് ! ആരും പ്രതീക്ഷിക്കാത്തത് പറയും. അത് കേട്ട് പാര്ട്ടികാരടക്കം എല്ലാരും ഞെട്ടും ! പണ്ട് അച്ചന്മാരെ കുറിച്ച് നികൃഷ്ട ജീവി എന്ന് വിളിച്ചതിന്റെ ഓര്മ പല അച്ചന്മാരും മറന്നു കാണാന്‍ ഇടയില്ല. പിണറായി എന്ന് കേട്ടാല് അവര്‍ക്ക് നികൃഷ്ട ജീവിയെ ഓര്മ വരും. അതൊക്കെ മറക്കാന്‍ ശ്രമിച്ചു വരവേ ആണ് സി പി എമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ ആ വെളിപാട് അനുയായികളുടെ മുമ്പില്‍ പിണറായി ഉരുക്കഴിച്ചത്. യേശു ക്രിസ്തു ചരിത്രത്തിലെ മഹാനായ വിപ്ലവകാരിയെന്ന് ! മാര്‍ക്സിന്റെയും എമ്ഗല്സിന്റെയും, ചെഗുവേരയുടെയും പേരുകള്‍ മാര്‍കിസ്റ്റ് അധ്യാപനങ്ങളില്‍ കേട്ട് സിന്ദാബാദ് പറഞ്ഞിരുന്ന അനുയായികള്‍ പുതിയൊരു വെളിപാട് കേട്ട് "ഹല്ലെലുയാ" പറഞ്ഞോ എന്തോ ? തൊഴിലാളികളുടെ ചുമടുകള്‍ ഏറ്റെടുക്കുവാന്‍ വന്ന വിപ്ലവകാരിയെന്ന പരിചയപെടുത്തലില്‍ നോക്ക് കൂലിക്കാര്‍ വരെ രോമാഞ്ചം കൊണ്ടു ! വചനം കേട്ട് അനുയായികള്‍ കണ്ണ് തിരുമി പിണറായിയെ സാകൂതം നോക്കി ! ളോഹയില്ലാതെ വചനം പറയുന്നത് ആരാണ് !
എന്തായാലും വചനം പല ഭാഗത്തും കൊണ്ടു ! റബ്ബര്‍ പന്ത് ചുമരുകളില്‍ തട്ടി തെറിക്കുന്ന പോലെ പല ഭാഗത്ത് നിന്നും അതിന്റെ അനുരണനം ഉണ്ടായി ! എതിര്‍ പാര്‍ട്ടികളില്‍, ചര്ച്ചുകളില്‍ ! തങ്ങളുടെ ആരാധനാലയങ്ങളില്‍ തങ്ങളുടെ നാവില്‍ നിന്നും വന്നിരുന്ന ദൈവത്തിന്റെ പേര്‍ വിപ്ലവകാരിയുടെ രൂപത്തില്‍ മര്കിസ്ടുകാര്‍ക്കിടയില്‍ അവതരിച്ചിരിക്കുന്നു. അവരില്‍ ചിലര്‍ ഹല്ലേലുയ പാടി !
നികൃഷ്ട ജീവി വെളിപാടിന് ശേഷം അതിന് കടക വിരുദ്ധമായി ഇതെന്താ ഇപ്പൊ ഇങ്ങിനെ യൊരു വെളിപാട് എന്ന് അച്ചന്മാര്‍ ഒറ്റക്കും കൂട്ടായും ധ്യാനത്തില്‍ ആണ്ടു ! ചിലര്‍ പറഞ്ഞു ! പറഞ്ഞത് ശരിയാ. യേശു വിപ്ലകാരി തന്നെയാണ് ! ചൂഷകന്മാര്‍ക്കെതിരെ, പലിശക്കാര്‍ക്കെതിരെ, പൂഴ്ത്തിവേപ്പുകാര്‍ക്കെതിരെ നിലകൊണ്ട വിപ്ലവകാരി ! അതുകേട്ടപ്പോള്‍ വിശ്വാസികള്‍ക്ക് കണ്ഫൂശന്‍ ആയി. അപ്പൊ കമ്യൂണിസവും, ക്രിസ്ത്യാനിട്ടിയും തമ്മില്‍ ബന്ധക്കാരാണോ ! ന്നാലും ഇത്ര കാലോം ഇതൊക്കെ മനസ്സില്‍ അടക്കി പിടിച്ചു അച്ഛന്ക്ക് വിളിച്ചവര്‍ക്ക് ഇപ്പോഴെങ്കിലും ഇത് തോന്നീലോ എന്ന് ചിലര്‍ ആത്മ ഗതം പൂണ്ടു. പണ്ട് തങ്ങളുടെ സഖാവ് മത്തായി ചാക്കോ അന്ത്യകൂദാശ സീകരിച്ചു എന്ന് അച്ഛന്‍ വിളിച്ചു പറഞ്ഞപ്പോ അതെന്തോ വൃത്തികെട്ട സാധനമാണെന്ന് തെട്ടിധരിചീട്ടാണോ തങ്ങളുടെ അനുയായി അങ്ങിനെയൊന്നു സീകരിക്കുകയില്ലെന്നു പിണറായി കട്ടായം പറഞ്ഞു വിവാധമാക്കിയതും ഒരു നികൃഷ്ട ജീവി നാവില്‍ നിന്നും പുറത്തു ചാടിയതും ! അന്നതൊക്കെ മാധ്യമങ്ങള്‍ക്കും എതിര്‍ പാര്ട്ടികാര്‍ക്കും പെരുന്നാള്‍ ആയിരുന്നു. എന്തിനാ വെറുതെ പഴയതൊക്കെ ഒര്മിപ്പിക്കണേ അതൊക്കെ മറന്നേക്കൂ. ഇനി ഇപ്പൊ മാര്‍ക്സും, ചെഗുവേരയുമൊക്കെ നമ്മുടെ രൂപകൂടില്‍ സ്ഥാനം പിടിക്കോ ! അതോ മാര്കിസ്ടുകാരില്‍ യേശുക്രിസ്തുവിന്റെ രൂപകൂട് വരോ ! ഇനി ക്രിസ്തുമസ് അരിവാളിന് മേലെ ചുമന്ന നക്ഷത്രം തൂക്കിയിട്ടു ഇവരും ആഘോഷിക്കോ, എന്ന് വിശ്വാസി സമൂഹം അങ്ങോട്ടുമിങ്ങോട്ടും മെഴുകുതിരി പിടിച്ചു ആത്മഗതം ചെയ്തു ! ഇപ്പൊ മെഴുകുതിരിയില്‍ പോലും രാഷ്ട്രീയം മണക്കുന്നതായി കത്തിക്കുന്നവര്‍ക്ക് തോന്നി ! പാര്ട്ടികാര്‍ ഇങ്ങിനെയൊക്കെ ആയാല്‍ മെഴുകുതിരിക്കു ഇനി മാര്‍കറ്റില്‍ വില കൂടുമോ, എന്തോ !
പിണറായി എന്ത് പറഞ്ഞാലും അതില്‍ തങ്ങള്കിട്ടു എന്തോ പണിയുണ്ട് എന്ന് കോണ്ഗ്രസ്സിന്റെ സുന്നഹദോസ് മനസ്സിലാക്കിയിട്ടാവണം പിണറായിയുടെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നു. യേശു ചരിത്രത്തിലെ വിപ്ലവകാരിയെന്ന് ഒറ്റയടിക്ക് പിണറായി പറഞ്ഞ പോലെ, ഒറ്റയടിക്ക് അതല്ല എന്ന് എങ്ങിനെ പറയും! കോണ്ഗ്രസ് ഒന്ന് ബ്രേകിട്ടു ! പിണറായി പ്രയോഗിച്ച ബൈബ്ലിക്കന്‍ ഗ്രാമറിലെ ഒബ്ജെക്ടീവില്‍ നിന്നും എങ്ങിനെ നൌണിലേക്ക് മാത്രമാക്കി മാറ്റും എന്ന കോണ്ഗ്രസ് രാഷ്ട്രീയ ഗ്രാ മര് ചെന്നിത്തലയില്‍ നിന്നും ഉടനടി പുറത്തു വന്നു. ദൈവങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് ശരിയല് ലെന്നും യേശുക്രിസ്തുവിനെ ആരാധി ക്കാനുളള സ്വാതന്ത്ര്യം വിശ്വാസികള്ക്ക് വിടണമെന്നും മറുവചനം വന്നു. ആ പ്രസ്താവനയില്‍ പിണറായി ഉയര്‍ത്തിയ ഇന്ടെക്സ് ചെറുതായി ഒന്ന് താഴ്ത്തിയെന്നു പിറവത്തെ നോക്കി ആശ്വസിച്ചു !
മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് അടിക്കടി പറയുന്നവരാണ് ഇപ്പൊ യേശുക്രിസ്തുവിനെ പിടിച്ചു പാര്‍ട്ടിയില്‍ ഇരുത്തിയത് ! ഇന്ന് ഞാന്‍ നാളെ നീ എന്ന് പറഞ്ഞ പോലെ ഇന്ന് യേശുവിനെ പിടിച്ചു ഇരുത്തിയവര്‍ നാളെ ഏതൊക്കെ വിശ്വാസികളുടെ ആരാധനാ പാത്രങ്ങളെയാവും പോളിറ്റ് ബ്യൂറോയുടെ ചുമരുകളിലേക്ക് ആവാഹിച്ചു പ്രതിഷ്ടിക്കുക എന്നത് പ്രവചനാതീതമാണ്. തങ്ങള്‍ എത്തിപെട്ടിരിക്കുന്ന മൂലധന സിദ്ധാന്തത്തിന്റെ ശോഷണത്തെ കുറിച്ചുള്ള തിരിച്ചറിവാണോ കേരളത്തിലെ സൈദ്ധാന്തിക തലത്തില്‍ നിന്നും വരുന്ന കുരിശിന്റെ വഴിയിലേക്കുള്ള ഈ വെളിപാടുകള്‍ !
വിവാദങ്ങള്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് തിരി കൊളുതുംപോള്‍ കേരള രാഷ്ട്രീയത്തിലെ തങ്ങളുടെ പ്രതിയോഗികളുടെ മേല്‍ ആണിയടിച്ചു രാഷ്ട്രീയ കാല്‍വരിയില്‍ തൂക്കുക എന്ന ആത്യന്തിക ലക്ഷ്യമാണ് രാഷ്ട്രീയ അപ്പോസ്തോലന്മാര്‍ വചനങ്ങള്ക്കുപരിയായി കാണുന്നത് !
മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നു പറഞ്ഞവര്‍ ഇപ്പൊ പാര്‍ടി മതത്തിനെ മയക്കുന്നത്തിനു കണ്ടെത്തിയ വിപ്ലവ വാക്ക്യത്തില്‍ അനുയായികള്‍ക്ക് അലിവു തോന്നുണ്ടെങ്കില്‍ അത് തന്നെയാണ് ഇപ്പോഴത്തെ വൈരുദ്ധ്യാത്മക ഭൌതിക വാദ പ്രത്യയ ശാസ്ത്രത്തിന്റെ വിജയം ! ഓടുന്ന പട്ടിക്കു ഒരു മുഴം മുമ്പേ എന്ന് പണ്ടാരോ പറഞ്ഞ പോലെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കാര്യങ്ങളൊക്കെ പ്രവച്ചനാതീതമായിരിക്കെ ഒരു മുഴം മുമ്പേ എറിയാന്‍ പിണറായിയെ പ്രേരിപിച്ച കാര്യം പിണറായിക്ക് മാത്രമേ അറിയൂ. അന്ത്യ കൂദാശ വിവാദവും, വെടിയുണ്ട വിവാദം, ലാവ്ലിന്‍ വിഷയവുമൊക്കെ പുഷപമാക്കി മാറ്റിയ ഒരു നേതാവിന്റെ ഇത് പോലുള്ള കൌശലം നിറഞ്ഞ പ്രസ്താവനകള്‍ക്ക് മുമ് പില് രാഷ്ട്രീയ കേരളത്തിന്റെ ഭാവി രേഖപെടുതുന്നുണ്ട് എന്നതാണ് ഇതിന്റെയൊക്കെ മര്‍മം !
ഫ്ലാഷ് ന്യൂസ്: "ഏത് മുടിയായാലും കത്തും" !
കോണ്ഗ്രസ് വെക്കാന്‍ ധൈര്യപെടാത്ത ഈ വെടി പിണറായി കാഞ്ചി വലിച്ചത് , കാന്തപുരം അവതരിപ്പിക്കുന്ന വിശുദ്ധ മുടിക്ക് നേരെയാണ് ! അത് കൊള്ളേണ്ടിടത് കൊള്ളും ! പുക വരും ! വിശുദ്ധ മുടിക്കെതിരെ പാളയത്തില്‍ പടയുള്ളപ്പോള്‍ ഈ ആപ്തവാക്ക്യം വിപ്ലവത്തിന് മുതല്‍കൂട്ടാവും ! അങ്ങിനെ സംഭവിക്കാതിരിക്കണം എങ്കില്‍ മുടി കത്തിച്ചു അത്ഭുതം കാണിക്കേണ്ടവര്‍ തീപെട്ടിയെടുക്കട്ടെ !
1 അഭിപ്രായം:
ആശംസകള്‍ , ഇനിയും എഴുതി മുന്നേറുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ