26 ജൂൺ 2012

വി വെല്‍കം യു ഓണ്‍ ബോര്‍ഡ്‌ !!!

എന്തു പറ്റി ? കണ്ണുകള്‍  നിറഞ്ഞിരിക്കുന്നു?
ദിനേന ആവര്‍ത്തിച്ച്‌ വരുന്ന കൊലപാതക  വാര്‍ത്തകളുമായി  അന്നത്തെ പത്രം മലര്‍ന്നടിച്ചു ടേബിളില്‍ കിടക്കുന്നുണ്ട്.  ചോദ്യം കെട്ടീട്ടും തലയുയാര്താതെ അതിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്  മിസിസ്സ് !
"ഹേയ്  ഒന്നൂല്ല" ! ഇടറിയ സ്വരത്തില്‍ മിസിസ്സിന്റെ മറുപടി.
പറയ്‌ ! എന്താ പറ്റിയത് ?
ഹത്, നമ്മടെ ഹെയര്‍ ഇന്ത്യാ...മിസിസ്സിന്റെ സങ്കടം  വാചകം പകുതി വെച്ചു മുറിച്ചു. 
നമ്മടെ ഹെയര്‍ ഇന്ത്യോ ? എന്തായിരിക്കും പറയാന്‍ വന്നത് !  ന്താ ഹെയര്‍ ഇന്ത്യ കൊല്ലപെട്ടോ ? 
ഹെയര്‍ അല്ല എയര്‍ ! മിസിസ് സങ്കടം വിട്ടു പൂര്‍വസ്ഥിതിയിലേക്ക് വന്നു. 
ഓ എയര്‍ഇന്ത്യ ! എയര്‍ഇന്ത്യക്ക് എന്ത് പറ്റി ക്വോട്ടെഷന്കാര് തട്ട്യോ ?
നിങ്ങളെന്താ ഈ പറയണത്. ക്വോട്ടേഷന്‍കാര്‍ തട്ടാന്‍  ഇതെന്താ കുലംകുത്തിയോ !
ഒരു തരത്തില്‍ പ്രവാസികള്‍ക്കിടയില്‍ അതൊരു കുലംകുത്തിയാ, അതൊക്കെ പോട്ടെ, കാര്യം പറ ! 
"നമ്മള്‍ പ്രവാസികള്‍ ഇതൊക്കെ കേട്ടാല്‍ കരയണം ! അല്ലെങ്കിലും ഈ എയര്‍ ഇന്ത്യ അങ്ങിനെയാ ! പറയുന്ന വാക്കും, പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധോമില്ല". എവിയെഷനെ കുറിച്ച് ഇതുവരെ നടത്താത്ത  മിസിസ്സിന്റെ  പ്രസ്താവന കേട്ടു ഞാന്‍  ഞെട്ടി.
എന്തെ അങ്ങിനെ പറയാന്‍ ? ഞാന്‍ മറുപടിക്ക് വേണ്ടി ചെവി വളച്ചു !
അപ്പൊ നിങ്ങള്‍ അറിഞ്ഞില്ലേ ?
എന്ത്, നീ വളച്ചു കെട്ടാതെ കാര്യം പറ ! ദേ എന്റെ ചെവി കഴക്കുന്നു !
ഓ ഒന്നും അറിയാത്ത പോലെ ! എയര്‍ ഇന്ത്യ സര്‍വീസുകള്‍ പലതും റദ്ദാക്കീന്ന് !
ഓഹോ അതാണോ കാര്യം ! ഇത് ആദ്യത്തെ അനുഭവമോന്നുമാല്ലല്ലോ, അതിന് നമുക്കെന്താ ! 
മിസിസ്സിന്റെ മുഖത്ത്  അനുയോജ്യമായ രീതിയില്‍ കാര്‍മേഘം ഉരുണ്ടു കൂടുന്നത് ഞാന്‍ ശ്രദ്ധിച്ചു.    അപ്പൊ നമുക്ക് ഈ വെകെഷന്  നാട്ടീല്‍ പോണ്ടേ ? മിസിസ് ഹോം സിക്നെസായി.
നാട്ടീല്‍ പോകാനോ ? നല്ല കാര്യായി !  ടിക്കട്ടിനോക്കെ എന്താ വില ! പോരാത്തതിന് സര്‍വീസുകള്‍ പലതും  ഇപ്പൊ റദ്ദാക്കീ, സമരവും !
അത്‌ തന്നെയാ ഞാന്‍ പറയണെ ! നമ്മള്‍ പ്രവാസികളല്ലേ ! നമക്ക് വേണ്ട്യല്ലേ ഈ ഫ്ലൈറ്റൊക്കെ ? നമുക്കൊരു മന്ത്രീല്ലേ ?എന്നീട്ടെന്താ  നമ്മളോടിങ്ങിനെ ഒരു അമ്മായിയമ്മ സ്വഭാവം ! അല്ലെങ്കിലും അങ്ങിനെയാ ! അവര്‍ക്ക് നമ്മള്‍ അയക്കുന്ന പൈസ കിട്ട്യാ മതി. ഒരു മാസം നാട്ടിലേക്ക്  അമ്പതിനായിരം കോടിയാത്രെ ഗള്‍ഫ്വാര്‍  അയക്കുന്നത് !
ആര് ഗള്‍ഫാര്‍ മുഹമ്മദാലിയോ ?
അല്ല ഗള്‍ഫുകാര്‍ ? ഒന്നു ഷോര്ടാക്കീതാ ! കാര്യം പറയുന്നതിന്റെടെലാ ഒരു തമാശ !
അല്ല ഈ അമ്പതിനായിരം  കോടീം  എയര്‍ ഇന്ത്യേം തമ്മില്‍ എന്താ ബന്ധം ? രാഷ്ട്രീയോം ക്വോട്ടെഷനുമായി ഉള്ള ബന്ധത്തിന്റെ പോലീസ് തെളിവെടുപ്പ് പോലെ ഞാനൊരു ഒരു ചോദ്യം.
ഓ..ഞാന്‍ അതല്ല പറഞ്ഞത്. നമ്മള്‍ ഗള്‍ഫുകാര്‍ ജീവിക്കാന്‍ വേണ്ടി നാടും വീടും വിട്ടു വര്‍ഷങ്ങളോളം ഈ ചൂടത്ത് പണിയെടുതീട്ടു നാട്ടീല്‍ പോകാന്‍ നേരം അനുഭവിക്കുന്ന ഈ ടികറ്റ് വില വര്‍ധന വേദന ഈ ഫ്ലൈട്ടുകാരും, ഉത്തരവാധപെട്ടവരുമോന്നും മനസ്സിലാക്കുന്നില്ലല്ലോ  ? അതോര്‍ക്കുമ്പോ സങ്കടം വരുന്നൂ.   
ങേ, ഇവള്‍ പറഞ്ഞ ഈ നീണ്ട സുരേഷ് ഗോപി ഡയലോഗില്‍  കാര്യമുണ്ടല്ലോ ? ഞാന്‍ ആത്മഗതം ചെയ്തു. നമുക്കിത് കേന്ദ്ര പ്രവാസികാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണം ! 
പിന്നെ, ആള്‍ക്കിതെ പറ്റി അറിയാന്ജീട്ടല്ലേ ! ഒന്നു പോ  കളിയാക്കാതെ ! കഴിഞ്ഞ ദേവസം ഇതേപോലെ പത്രം നോക്കിയിരിക്കുമ്പോള്‍ ഒരു കൌതുക വാര്‍ത്ത ഞാന്‍ വായിച്ചു. പ്രവാസികളെ   കുറിച്ചുള്ള വിവരമൊന്നും  പ്രവാസി  വകുപ്പ് ഒരു തുണ്ട് പേപ്പറില്‍  പോലും എഴുതി വെചീട്ടില്ലാത്രേ.   വകുപ്പിന്റെ ഇതുവരെയുള്ള കാര്യക്ഷമതയെ കുറിച്ച്  എല്ലാവരുടെയും സംശയത്തിനു  അതോടെ വിരാമമായി ! പിന്നെയാ ഈ ശ്രദ്ധയില്‍ പെടുത്തല്‍ !
അല്ല ശ്രദ്ധയില്‍ പെടുത്തല്‍ ആണല്ലോ  നമ്മടെ പണി. അവരെ ഇതില്‍ നിന്നൊക്കെ അശ്രധയിലാക്കുന്ന പണിക്കു വേറെ ആളുണ്ടാവും ! എന്നാലും ശ്രദ്ധേല്‍ പെടുതീന്നു സമധാനിക്കാലോ. 
'മുന്‍ഷി'യിലെ  പോലെ ഒരു ഭാഗത്ത്‌ മാറി നിന്നു ഇതൊക്കെ കേട്ടിരിക്കുന്ന പത്തു വയസ്സുള്ള പുത്രന്‍ ക്ലോസ്അപ്പില്‍ വന്നു പുതിയൊരു ഫ്ലാഷ് ന്യൂസ്‌ പുറത്തു വിട്ടു.
സജീവന്‍ അങ്കിളിന്റെ ഫാമിലി ഇപ്രാവശ്യം നാട്ടീ പോകനില്ലാന്ന് ! 
നിന്നോട് ആരു പറഞ്ഞു ? 
അവര് ബുക്ക്‌ ചെയ്ത ഫ്ലൈറ്റ് കാന്സലായീന്നു   ! അന്കില്‍ന്റെ  മോന്‍ എന്റെ ക്ലാസിലാ അവന്‍ പറഞ്ഞതാ, അവര് പോണില്ലാന്ന് ! അത്‌ പറഞ്ഞു അവന്‍ അടുത്ത വാചകം പറയാന്‍  നിശബ്ദനായി. 
ഈ ഫ്ലൈറ്റുകള്‍ പറക്കാണ്ടിരുന്നാല്‍ നമ്മളെങ്ങിനെ നാട്ടീ പോകും ? പുത്രന്‍ ഇന്ത്യന്‍ വായുവാഹനത്തിന്റെ  അസുഖത്തെ  കുറിച്ചുള്ള ആശങ്ക മൊത്തമായി പങ്കു വെച്ചു. പ്രവാസത്തിന്റെ നിസ്സന്കത ബാധിക്കാത്ത അവന്‍ പെട്ടെന്നൊരു ആശയം മുന്നോട്ടു വെച്ചു. 
ഡാഡീ,  നമുക്കൊരു ഫ്ലൈറ്റ് വാങ്ങിചൂടെ ! എന്നീട്ടു അതീല്‍ പോകാലോ ?
ഡാ അതിനൊക്കെ നല്ല പൈസ വേണം ! അതത്ര എളുപ്പല്ല ! ഇവിടെ തോട്ടി വാങ്ങാന്‍ പൈസ ഇല്ലാതിരിക്കുംപോഴാ  ആനയെ വാങ്ങാന്‍ പറയുന്നത്. ഞാന്‍ മുറുമുറുത്തു ! അത്‌ കേട്ടീട്ടാവണം അവന്റെ കൌണ്ടര്‍ പോയന്റ് ഉടന്‍ വന്നു.  
ടീവീല്‍ ജോയ് ആലുക്കാസിന്റെ   ഫ്ലൈറ്റ് കാണാറുണ്ടല്ലോ ? ആള്‍ക്ക് ഇത്ര വലിയ പൈസ ഉണ്ടോ?
"ആവോ എനിക്കറിയില്ല". 
ഡാഡി സജീവന്‍ അങ്കിളിനോട് ചോദിക്ക് ഷെയര്‍ തരാന്‍ ! ആ അങ്കിളിനു പച്ചകറി ബിസിനസ്സാ. കയ്യില്‍ നല്ല പൈസ കാണും. നന്ദൂനു ഗാലക്സി പ്രോയാ വാങ്ങി കൊടുത്തെ ! പറഞ്ഞു നോക്ക്  ! പോരെങ്കില്‍ പിന്നെ എന്റെ കൂട്ടുകാരുണ്ട്, അവരുടെ അച്ഛന്മാരോട് പറയാന്‍ ഞാന്‍ അവരോടു പറയാം..! ഫ്ലൈറ്റിനു എന്റെ പേരു ഫ്രീ തരാം !

നീ ആള് കൊള്ളാലോ ? നീ യെംബിയെ സെലെക്റ്റ് ചെയ്താ  മതി ! നിന്റെ ഇന്‍റെറസ്റ്റ്‌  അതിലാ !
അയ്യേ, എനിക്ക് വേണ്ട അവളെ !
എന്ത് ? 
അല്ല ഡാഡി എന്താ പറഞ്ഞെ..യെമ്പി.. 
എവിടെയോ ഒരു മിസ്‌ അണ്ടര്‍സ്ടാണ്ടിംഗ് ഉണ്ടെന്നു  മനസ്സിലായി  അവന്‍ സ്വയം ബ്രേകിട്ടു. അവനെ കുറ്റം പറഞ്ജീട്ടു കാര്യമില്ല. ടീവീല്‍ മുഴുവന്‍ ഇത് തന്നെയല്ലേ ! മുടിഞ്ഞ പ്രണയകഥകള്‍  !
ഡാ, എം ബി എ ന്ന് വെച്ചാല്‍, ബിസിനസ് മാനെജ്മെന്റ്, ആ സബ്ജക്റ്റ് സെലെക്റ്റ് ചെയ്താ മതീന്ന്. നിന്റെ ബിസിനസ് ചിന്തക്ക് അതാ നല്ലത്. ജോലിയൊക്കെ കിട്ടി പൈസ ഉണ്ടാക്കി കൂട്ടുകാരെയെല്ലാം  കൂട്ടി നീയൊരു ഫ്ലൈറ്റ് വാങ്ങ്. എന്നീട്ടു നിന്റെ പേരിട്ടു വിളിച്ചോ ! 
അതൊന്നും പെട്ടെന്ന് നടക്കൂല ഡാഡി ! ഇപ്പൊ നമക്ക് നാട്ടീ പോകാനുള്ള പോംവഴിയെ കുറിച്ച് ചിന്തിക്കാം.
എന്ത് പോംവഴി ? 
നിങ്ങള്‍ എല്ലാരും കൂടി ഫ്ലൈറ്റ് വാങ്ങ് ! എന്റെ കൂട്ടുകാരന്റെ ചേട്ടന്‍ പൈലട്ടാ. ആളോടിചോളും.
നിനക്ക് എക്സാം അല്ലെ, സമയം കളയാതെ പോയ്‌ പടിച്ചേ !  മിസിസ് സംഭാഷണത്തെ ഇന്‍റെരെപ്റ്റ് ചെയ്തു പുത്രന്റെ ഐഡിയ വന്ന മുഖത്തേക്ക് രൂക്ഷമായി നോക്കി. അവന്‍ എപിസോഡില്‍ നിന്നു പതുക്കെ പിന്‍വലിഞ്ഞു സ്കൂളില്‍ മറന്നു വെച്ച  പുസ്തകം പതിവ് പോലെ ബാഗില്‍  തപ്പാന്‍ തുടങ്ങി.

രംഗം  രണ്ടു..
ഞാന്‍ ബെഡ്ഡില്‍ എന്തോ ആലോചിച്ചു കിടക്കുന്നു. കയ്യില്‍ ഒരു വൈറ്റ്‌ പേപ്പര്‍ ! ഒരു പേന ! നിശബ്ദമായ അന്തരീക്ഷം. നെറിയും, ആത്മാഭിമാനവും ഉള്ള  ഏതോ ഒരു വീമാനം സമയം പാലിച്ചു പതിവ് പോലെ ഉയര്‍ന്നു അകന്നകന്നു പോകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. 

എന്തായാലും ആ വീമാനം ഇന്ത്യന്‍ വംശജനല്ല! അതിലിപ്പോള്‍ ആത്മാഭിമാനമുള്ള യാത്രക്കാര്‍ ഇരുന്നു പ്രവാസികാര്യ മന്ത്രിയൊന്നുമില്ലാത്ത അവരുടെ നാട്ടിലേക്ക് പോകുകയാകും. എന്റെ മനസ്സ് എയര്‍ഇന്ത്യ വിട്ടു ആ ഫ്ലൈട്ടിനോടോപ്പം പറന്നു. 
റൂമില്‍ നല്ല ചൂട്, ഫ്ലൈറ്റിന്റെ പ്രൊപെല്ലര്‍ കറങ്ങുന്ന പോലെ ഫാന്‍ ഒരു ഇരമ്പല്‍ നല്‍കി കറങ്ങുന്നുണ്ട്. അതില്‍ നിന്നും  ഇടയ്ക്കു എയര്‍ ഇന്ത്യയുടെ ശബ്ദം ഇളകി വന്നത് വീണ്ടും ഫ്ലൈറ്റ് പരിഹാരത്തിലേക്ക് ചിന്തയെ നയിച്ചു. പുത്രന്‍ പറഞ്ഞ പോലെ സ്വന്തമായിറ്റ് വാങ്ങിയില്ലെങ്കിലും  ഒരു ഫ്ലൈറ്റ് പ്രവാസികള്‍ക്ക് സ്വന്തമായി വാങ്ങി ഓടിക്കുന്ന കാര്യം ഇനിയെങ്കിലും ആലോചിച്ചുകൂടെ ! കുറെ പ്രവാസി വ്യവസായികള്‍ ഇല്ലേ. പതിനായിരങ്ങള്‍ക്ക് ഗള്‍ഫില്‍ ജോലി കൊടുത്തു പ്രവാസത്തിന്റെ മണമുള്ള ബിസിനസ്സുകാര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമാണോ ഇത്.  
എന്നാലും ഇത്ര കാലായിട്ടും അവരെന്തേ അങ്ങിനെ വിചാരിക്കാത്തത്. അതോ നടക്കില്ലെന്നു കരുതിയിട്ടാണോ. ഏയ്‌ അതായിരിക്കില്ല ! തല്പര്യമില്ലാഞ്ഞിട്ടാണോ ! ഇതിനായി ഷെയര്‍ ആവശ്യമുണ്ടെന്നു പറഞ്ഞാല്‍ മലയാളികളായ പ്രവാസികളുടെ ഷെയര്‍ മാത്രം മതിയാകും ഒരു വീമാന കമ്പനി തുടങ്ങാന്‍ ! വേര്‍ ദ വേള്‍ഡ് കം ടു ഷോപ്പ് ലുലൂന്റെ  ഓണര്‍ യൂസഫലി വിചാരിച്ചാല്‍ പോരെ ! ആള്‍ടെ ലോകമാകെ വ്യാപിച്ചു കിടക്കുന്ന ബിസിനസ് തിരക്കിനിടയില്‍ ഈ പുലിവാല്‍ കൂടി വേണ്ടെന്നു വെച്ചതാവാം ! ന്നാലും ഒന്നവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ പ്രവാസികളുടെ യാത്ര ചന്കിടിപ്പിനുള്ള പോംവഴി അറിയാമായിരുന്നു. അനേകായിരങ്ങള്‍ക്ക് ജോലി നല്‍കിയ ബിസിനെസ്സ് ഗ്രൂപ്പ് ഗള്‍ഫാര്‍ മുഹമ്മദലി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനങ്ങളുമായി ചിരിച്ചു നില്‍ക്കുന്ന രാമചന്ദ്രന്‍, പിന്നെ വിശ്വസ്തതക്ക് എപ്പോഴും അര പണത്തൂക്കം മുന്നിലുള്ള ആലുക്കാസ് ഗ്രൂപ്പ് അങ്ങിനെ കുറെ...
ഇവര്‍ക്കെന്തേ  ഫ്ലൈറ്റ് കമ്പനി ഇഷ്ടല്ലേ ! 
വലിയ ഉയരത്തില്‍  ആലോചിചീട്ടാവനം  ഉറക്കവും വരുന്നുണ്ട്.
അല്ല നിങ്ങളെന്താ കയ്യില്‍ കടലാസും, പേനയുമായി ഇങ്ങിനെ മിണ്ടാതെ കിടക്കുന്നത്. മിസിസ് പിറുപിറുത്തത്  എനിക്ക് അവ്യക്തമായി. 
ര്നീം ടിര്‍നീം ര്നീം ടിര്‍നീം...
ബെല്ലടിക്കുന്നുണ്ട്. ആള്‍ തിരക്കിലായിരിക്കും.
ഹെലോ..ഇത് ലുലൂന്റെ ഓണരാണോ !
സ്പീകിംഗ്, താങ്കള്‍ ആരാ !
ഞാന്‍ ഒരു പ്രവാസി. തിരക്കിലാണോ ?
തിരക്കിലാണ് ! ഫ്ലൈട്ടിലുമാണ് ! എങ്കിലും പറയൂ...
ഫ്ലൈറ്റ് എയര്‍ ഇന്ത്യയാണോ ?
ഇത് ചോദിക്കാനാണോ  വിളിച്ചത് ?
അല്ല, ഞാന്‍ വിഷയത്തിലേക്ക് വരാം.
താങ്കള്‍ക്കറിയാലോ, എയര്‍ ഇന്ത്യ സര്‍വീസുകള്‍ പലതും റദ്ദാക്കീത്. പിന്നെ ഉള്ളത് തന്നെ ഭയങ്കര ചാര്‍ജാ ! പോരാത്തതിനു പൈലറ്റുമാരുടെ സമരം! കുടുംപവുമായി നാട്ടില്‍ പോകാണംന്നു വിചാരിച്ചാല്‍ മാനംമുട്ടെ ഉയര്‍ത്തിയ ഫ്ലൈറ്റ് ചാര്‍ജു സമ്മതിക്കൂല. പിന്നെ മുന്നറിയിപ്പില്ലാതെ ഇവരുടെ സര്‍വീസ് കാന്സലെശന്‍ ! താങ്കള്‍ വിചാരിച്ചാല്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ പ്രവാസികളുടെതായി ഒരു എയര്‍ലൈന്‍ സ്ഥാപിച്ചുകൂടെ ? ഒറ്റ ശ്വാസത്തില്‍ എല്ലാം പറഞ്ജീട്ടു മറുപടിക്ക് കാതോര്‍ത്തു. 
അത്‌ ! ഞാന്‍ അതെ പറ്റി ആലോചിചീട്ടില്ല ! 
കൊച്ചിന്‍ എയര്‍പോര്‍ട്ടിന്റെ ടയരക്ടര്‍ കൂടിയായ താങ്കള്‍ക്കു ഇതെപറ്റിയൊക്കെ അറിയാലോ ? പ്രവാസികളുടെ ഹൃദയമിടിപ്പും വേദനയും  താങ്കളേക്കാള്‍ അറിയുന്ന മറ്റൊരാളും ഉണ്ടാവില്ല. അതുകൊണ്ട് പ്രവാസികളെ മുള്ളിന്മേല്‍ നിര്‍ത്തുന്ന എയര്‍ ഇന്ത്യക്ക് പകരം നമുക്ക് അതായത്  പ്രവാസികള്‍ക്ക് ഒരു...ഹലോ ഹലോ. 
എയര്‍ ഇന്ത്യയില്‍ സ്ഥാനം ഉള്ളത് കൊണ്ടത്‌ പറഞ്ഞത് ഇഷ്ടായിട്ടുണ്ടാവില്യെ..ഹെലോ...

"കേള്‍ക്കുന്നുണ്ട് പറഞ്ഞോളൂ." 
അല്ല ഇങ്ങിനെയൊന്ന് താങ്കള്‍ സെറ്റ് അപ് ചെയ്യുവാണെങ്കില്‍...ആദ്യമേ ചെയ്യേണ്ടതായിരുന്നു, വൈകിപോയി, ഇപ്പോഴെങ്കിലും... . ഒന്നല്ലെങ്കില്‍ അതിന്റെ ലാഭവിഹിതത്തിന്റെ ഗുണഭോക്താക്കള്‍ നമ്മള്‍ പ്രവാസികള്‍  തന്നെ ആവാലോ.  
കൊള്ളാം, നല്ല ഐഡിയാ ! താങ്കള്‍ എന്ത് കൊണ്ടെന്നെ മുമ്പ് വിളിച്ചില്ല.. അങ്ങിനെ വിളിച്ചിരുന്നെങ്കില്‍ പണ്ടേ നമ്മുടെ വീമാനത്തില്‍ നമ്മള്‍ യാത്ര ചെയ്തേനെ ! 
"അത്‌ ഞാന്‍...താങ്കളുടെ റിയാക്ഷന്‍ എങ്ങിനെ ആണെന്ന് അറിയില്ലല്ലോ." ആ കുറ്റപ്പെടുതലില്‍ കാര്യമുണ്ടെന്നു തോന്നി. അതോ ഒന്നു തമാശിച്ചതാണോ ? 
പറഞ്ഞോളൂ, പ്രവാസി, താങ്കള്‍ എങ്ങിനെയാണ് ഇത് ഉദേശിക്കുന്നത്..
ഇതിനായി ഒരു കമ്പനി രൂപീകരിക്കേണ്ടത് എങ്ങിനെയെന്ന് താങ്കള്‍ക്കരിയാലോ.ഒരു  മേജര്‍ ഷെയര്‍ താങ്കളും, താങ്കളെ പോലുള്ള മറ്റു പ്രവാസി ബിസിനസ് കാരും എടുക്കുക. ബാക്കി ഇവിടത്തെ പ്രവാസികള്‍ ഷയര്‍ എടുത്തുകൊള്ളും ! ഈ എയര്‍ലൈന്‍ വിജയിപ്പിക്കുന്ന കാര്യം പ്രവാസികളേറ്റു! പെട്ടെന്ന് തന്നെ തുടങ്ങുകയായിരുന്നെങ്കില്‍....!
ശരി, ശരി. എന്തായാലും എന്റെ ഭാഗത്ത്‌ നിന്നും താമസം ഉണ്ടാവില്യ ! ലെറ്റ്‌ മി എമ്ബാര്‍ക്ക് ഫ്രം ദിസ്‌ ഫ്ലൈറ്റ് ! ഐ വില്‍ സ്റ്റാര്‍ട്ട്‌ ദ  പ്രോസെസ്സ് ! ഫ്ലൈറ്റ് ഇപ്പോള്‍ ലാന്‍ഡ്‌ ചെയ്യുകയാണ്, പിന്നെ വിളിക്കാം. 
എല്ലാം ശരിയായിട്ടു തിരിച്ചു വിളിക്കും എന്ന വിശ്വാസത്തില്‍ സംഭാഷണം അവസാനിപ്പിച്ചു ഫോണ്‍ കട്ട് ചെയ്തു.
അല്ല നിങ്ങള്‍ തിരക്കുപിടിച്ച് ഈ ഒരുങ്ങുന്നത് എവിടെ പോകാനാ  ! 
ഓ അത്‌ തിരക്കിനിടയില്‍ പറയാന്‍ വിട്ടുപോയി. എല്ലാരും വേഗം ഒരുങ്ങ് നമ്മള്‍ ഇന്ന് നാട്ടില്‍ പോകുകയാ നമ്മുടെ എയര്‍ലൈന്‍സില്‍ ! എന്റെ മറുപടി കേട്ടു  മിസിസ്സ് പകച്ചു നിന്നു, പിന്നോയൊരു ചോദ്യം.
നമ്മുടെ എയര്‍ലൈന്‍സോ. അതെത് എയര്‍ലൈന്‍സ് ?
സംസാരിച്ചു നില്‍ക്കാന്‍ നേരല്യ. എല്ലാം എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ കാണാം.
ടികട്ടുകള്‍ കൌണ്ടറില്‍ കൊടുത്തു എമിഗ്രേഷന്‍ കഴിഞ്ഞു ഫ്ലൈട്ടിലേക്ക് നടന്നു. പ്രഥമ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്യുവാന്‍ പ്രമുഖ പ്രവാസി ബിസിനസ്  മാഗ്നറ്റുകളും  ഫ്ലൈട്ടിനരികെ എത്തിയിട്ടുണ്ട്. 


തിരക്ക് കണ്ടീട്ടു   ഫ്ലൈറ്റ് ഫുള്ളാകുമെന്ന്  തോന്നുന്നു. ബാക്കിയുള്ളവര്‍ നില്‍ക്കേണ്ടി വരും ! എന്നാലും സാരല്യ. നമ്മള്‍ മലയാളികള്‍ക്ക് അതൊന്നും പ്രശ്നല്ല. എങ്ങിനെയെങ്കിലും നാട് പിടിച്ചാല്‍ മതി. 
മുണ്ടും നേര്യതും ഉടുത്ത എയര്‍  ഹോസ്ടസുകളും, എയര്‍ ഹോസ്ടന്മാരും ഫ്ലൈട്ടിനകതെക്ക് കൈകൂപ്പി സ്വാഗതം ചെയ്തു ! നല്ല ഭംഗീണ്ട് അകം കാണാന്‍! കിട്ടിയ സ്ഥലത്തൊക്കെ എല്ലാവരും ഇരുന്നു. ഫ്ലൈറ്റ് ഫുള്ളായി. ചിലര്‍ സീട്ടുകള്‍ക്കിടയിലുള്ള സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്തു. ചിലര്‍ റൂഫ് കാബിനില്‍ ബാലന്‍സ് ചെയ്തു പിടിച്ചു നിന്നു. ഫ്ലൈറ്റിന്റെ ഡോര്‍ തുറന്നു പിടിച്ചു ആളുകള്‍ ബസില്‍ തൂങ്ങി നില്‍ക്കുന്ന നാട്ടിലെ പരിചയം വെച്ചു  അഡ്ജസ്റ്റ് ചെയ്തു നിന്നു. അതിനിടയില്‍ ഫ്ലൈറ്റ് പൊങ്ങാന്‍ നേരമുള്ള അനൌന്‍സ്മെന്റ് മാതൃ ഭാഷയില്‍ മൊഴിഞ്ഞത് കേട്ടു എല്ലാവര്ക്കും രോമാഞ്ചമുണ്ടായി ! ഉയരാന്‍ തുടങ്ങുമ്പോള്‍ എല്ലാവരും ഇരിക്കണമെന്നും, ബെല്ട്ടുള്ളവര്‍ ഇടണമെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ മറ്റുള്ളവരെ തള്ളിമാറ്റി എങ്ങിനെ പുറത്തേക്കു ചാടണമെന്നും ലൈവായി കാണിച്ചും  കേള്‍പ്പിച്ചതിന് ശേഷം ഫ്ലൈറ്റ് ഒരു ഇരമ്പലോടെ ഉയര്‍ന്നു പൊങ്ങി. ആ സമയം ചിലര്‍ ദേശീയ ഗാനം പാടി, ചിലര്‍ കണ്ണടച്ചു പ്രാര്‍ഥനയില്‍ മുഴുകി, തങ്ങളെ ഫിറ്റാക്കാനുള്ള  ബിവറേജസ് കോര്‍പറേഷന്‍   ട്രോളി ഇപ്പൊ വരുമെന്ന് കരുതി ചിലര്‍.   
പ്രവാസികള്‍ക്ക് വേണ്ടി പ്രവാസികാളാല്‍ ഒരു പ്രവാസികളുടെ എയര്‍ലൈന്‍ ! "എന്തായാലും ഇത് കലക്കും" ഒരു യാത്രക്കാരന്‍  ഒരു പരസ്യ വാചകം കടമെടുത്തു ഇരമ്പലിനിടയില്‍  പറഞ്ഞു 
ഇതെന്തേ നമുക്ക് ആദ്യം തോന്നിയില്ല...
എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട്, സുഹൃത്തേ...തൊട്ടടുത്തിരുന്നയാള്‍  സമാധനപെടുത്തി.
കേരളമെത്താരായെന്നു തോന്നുന്നു. താഴേക്കു നോക്കുമ്പോള്‍ കൊടി പിടിച്ച ഒരു പ്രകടനം ട്രാഫിക് ജാമാക്കി പോകുന്നത് ചെറുതായി കാണാം. ഒരു കവലയില്‍ കുറെ ആളുകള്‍ പ്രസംഗം കേട്ടു കയ്യടിക്കുന്നത് കാണാം. ഇവരൊക്കെ പണിക്കു പോകാതെ എങ്ങിനെ ജീവിക്കുന്നു എന്നല്ഭുതപെട്ടു. ആരെയെങ്കിലും കൊലവിളി നടത്തുന്നത് കേട്ടു കയ്യടിക്കുന്നതാണോ ഈ ജനം ! ആര്‍ക്കറിയാം.
ഇതിനിടയില്‍ അനൌന്‍സ്മെന്റ് മുഴങ്ങി. " യാത്രക്കാര്‍ ശ്രദ്ധിക്കുക, എല്ലാരും ഇരിക്കുന്ന സ്ഥലത്ത് തന്നെ ഇരിക്കുക. ഫ്ലൈറ്റ് ലാന്റ് ചെയ്യുകയാണ്. പിന്നെ,  അവരവരുടെ ബാഗേജ് എടുക്കാതെ  മറ്റുള്ളവരുടെ ബാഗേജ് എടുത്തു കടന്നു കളയാതിരിക്കാന്‍  ശ്രമിക്കുക.  നന്ദി ! വീണ്ടും വരിക ! വരണം, കാരണം ഇത് നമ്മളുടെ എയര്‍ലൈന്‍സ് ആണ്. 
ഫ്ലൈറ്റ് ഒരു ഇരമ്പലോടെ രണ് വേയിലിറങ്ങി കുലുങ്ങി നിന്നു !
ഹേയ് ! ഇതെന്തുറക്കമാ...ബെഡ് ഇളക്കി കൊണ്ടു മിസിസ്സിന്റെ ശബ്ദം.  
ഇത്ര പെട്ടെന്ന് നാടെത്തിയോ ? 
നാടോ, ഏത് നാട് ? നിങ്ങള്‍ക്കെന്തു പറ്റി.....? എണീറ്റു വന്നു ഭക്ഷണം കഴിക്ക് !
ഓഹോ അപ്പൊ ഞാന്‍ കണ്ടതൊക്കെ സ്വപ്നായിരുന്നോ ? 
എന്ത് സ്വപനം ? മിസിസ്സ് എന്റെ കയ്യിലുള്ള വെള്ളപേപ്പര്‍ വാങ്ങി. അത്‌ വായിക്കുന്നതിനു മുമ്പ് പെട്ടെന്നൊരു ചോദ്യം. 
ഇതാര്‍ക്കാ ഇത് ? ഞാനറിയാതെ നിങ്ങള്‍..
മിസിസ്സ് പേപ്പര്‍ വായിക്കാന്‍ തുടങ്ങി...
പ്രവാസികളുടെ യാത്രാ ക്ഷാമം പരിഹരിക്കുന്നതിന് മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ സ്വന്തമായി പ്രവാസികള്‍ ഒരു ഫ്ലൈറ്റ് കമ്പനി രൂപീകരിക്കെണ്ടാതായി വന്നിരിക്കുന്നു. മറ്റു എയെര്‍ ലൈനുകളെ പോലെ വെകേഷന്‍ സമയത്ത്  പ്രവാസികളേ  കൊള്ളയടിക്കാതെ ഏറ്റവും ചുരുങ്ങിയ ടികെറ്റ്   നിരക്കില്‍ സമരങ്ങല്‍ക്കന്യമായ ഒരു എയര്‍ലൈന്‍ ആണ് ലക്‌ഷ്യം. ഈ വഴിക്ക് ചിന്തിച്ചില്ലെങ്കില്‍ അധ്വാനിച്ചു നേടിയ വരുമാനം മുഴുവന്‍ എയെര്‍ ലൈന്‍ കമ്പനികള്‍ അകത്താക്കി സമരത്തിന്റെ പേരു പറഞ്ഞു നമുക്ക് നേരെ കൊഞ്ഞനം കുത്തും. ഇതിലേക്കുള്ള ഫണ്ട് എല്ലാ പ്രവാസികളില്‍ നിന്നും ഷെയര്‍ പിരിച്ചു കണ്ടെത്താന്‍ കഴിയും. 
പ്രവാസി ബിസിനസ്സുകാരുടെ ഷെയര്‍..
അഞ്ചു ലക്ഷം പ്രവാസികളില്‍ നിന്നും ഒരാളുടെ ചുരുങ്ങിയ ഷെയര്‍ വിഹിതം...
ഒരു ഫ്ലൈറ്റിന്റെ വില:
ഓപറേഷന്‍  ചിലവുകള്‍...
വര്‍ഷാന്ത്യമുള്ള  ലാഭം.... 
കൊള്ളാം, മര്കട്ടീന്നു വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്ടിടാന്‍ തന്ന പേപ്പറില്‍ നിങ്ങള്‍ എന്തൊക്കെയാ ഈ എഴുതി വെച്ചിരിക്കുന്നത് ! നടക്കാത്ത കാര്യം ! 
ഇതെന്താ നടക്കില്ലേ ! നമ്മുടെയൊക്കെ ഷെയര്‍ പിരിച്ചു എയര്‍പോര്‍ട്ടുകള്‍ ജില്ലകള്‍ തോറും സ്ഥാപിക്കാമെങ്കില്‍  എന്ത് കൊണ്ടു ഫ്ലൈറ്റിനു  പറ്റില്ല. എന്റെ മറുപടിക്ക് മുമ്പില്‍ മിസിസ് പതറി !
പിന്നെ! ഇതെന്താ ഫ്ലൈറ്റ് ഓപറേഷന്‍ ടാക്സി കാര്‍ പോലെയാനെന്നാ കരുത്യേ.. നടക്കാത്ത   ഓരോ കാര്യങ്ങള്‍ എഴുതി സ്വന്തം ഫ്ലൈറ്റില്‍ നാട്ടീ പോയെന്നു സ്വപ്നം കണ്ടത്രെ !
ദേ, വേഗം ചെന്ന് കുബ്ബൂസ് വാങ്ങി കൊണ്ടു വന്നാല്‍ ഭക്ഷണം കഴിക്കാം...!

1 അഭിപ്രായം:

..naj പറഞ്ഞു...

ഒന്നര മാസത്തോളമായി എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ പലതും നിര്തലാക്കിയിട്ട്‌. അടിക്കടിയുണ്ടായിരുന്ന സമരത്തിന്‌ പുറമേ ഇപ്പോള്‍ പൈലറ്റുമാരുടെ ശക്തമായ സമരമാണ് ഈയോരവസ്തക്ക് കാരണം. അധികൃതരുടെ പിടിവാശിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപെടാതെ പോകുമ്പോള്‍ ചെകുത്താനും കടലിനുമിടയിലെന്ന പോലെ പ്രവാസത്തിന്റെ പ്രയാസങ്ങളിലും എയര്‍ ഇന്ത്യക്കും ഇടയില്‍പെട്ട് പോകാന്‍ വിധിക്കപെടുകയാണ് പ്രവാസികള്‍. ചാര്‍ജു വര്ധനയുടെയും, അടിക്കടിയുള്ള സമരത്തിന്റെയും ഇരകളാകുന്നത് മലയാളികളാണ്. ഇവിടെ പ്രവാസി മലയാളികള്‍ മുന്നിട്ടിറങ്ങി ഒരു എയര്‍ലൈന്‍ തുടങ്ങേണ്ടതുണ്ട് ! അല്ലെങ്കില്‍ തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്‍ മാത്രം പരിഗണിക്കുന്ന എയെര്‍ ലൈനുകള്‍ പ്രവാസിയുടെ നേരെ കൊഞ്ഞനം കുത്തുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കും....!! അല്ലെങ്കില്‍ നാട്ടില്‍ പോകില്ലെന്ന് പ്രതിന്ജയെടുക്കുന്ന ഒരു സമാന്തര പ്രതിഷേധ സമരരീതിയെ കുറിച്ച് പ്രവാസികളും ചിന്തിക്കണം !!! ഈ പൂച്ചക്ക് ഇനിയെങ്കിലും മണി കെട്ടേണ്ടതുണ്ട് !!