24 ഏപ്രിൽ 2012

മാനവികതയെ ഇങ്ങിനെയും ഉണര്‍ത്തും !!

GMC എന്നവണ്ടിയുടെ പരസ്യം അല്ലേയല്ല !
കേരളത്തില്‍ മാനവികതക്കു എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ ? രാഷ്ട്രീയ കൊലപാതകങ്ങളും, വര്‍ഗീയ സംഘട്ടനങ്ങളും അരങ്ങേറിയിരുന്ന മുന്‍കാലങ്ങളെ അപേക്ഷിച്ച് മാനവികത ഒരു പണത്തൂക്കം മുമ്പില്‍ ആണ് ഇന്ന്. പിന്നെ അന്നും ഇന്നും എന്നും മാനവികതക്കു ആരും എതിരല്ല. അതിന് വിരുദ്ധമായി ചെയ്യുന്നവരാകട്ടെ അന്നും ഇന്നും എന്നും അതൊക്കെ അവരുടെ താല്പര്യങ്ങള്‍ക്കായി അനുയോജ്യമായ സമയത്ത്  ചെയ്തു കൊണ്ടിരിക്കും. ആരൊക്കെ യാത്ര ചെയ്താലും, ആത്മീയം പറഞ്ഞാലും, സ്വലാത്ത് ചൊല്ലിയാലും ഇതൊക്കെ അതുപോലെ തന്നെ സംഭവിച്ചു കൊണ്ടിരിക്കും. മാധ്യമങ്ങളില്‍ വിളംബരം  ചെയ്തു ഒരു യാത്ര പോയത് കൊണ്ടു വേദികള്‍ക്ക്  മുന്നില്‍  തങ്ങളുടെ വഅള് പരിപാടികളില്‍ കൂടാറുള്ള അനുയായിവൃന്ടങ്ങളെ കൂട്ടമെന്നല്ലാതെ   നടേ പറഞ്ഞവര്‍ക്ക്  മാനസാന്തരം ഉണ്ടാകുമെന്ന്  കരുതുന്നത് അതിര് കടന്നതാകും ! യാത്രകളും, ചങ്ങലകളും, പ്രതിന്ജകളും  കണ്ടും കേട്ടും  തഴമ്പിച്ച കേരളത്തില്‍ പ്രത്യേകിച്ചും ! പ്രശ്നങ്ങള്‍ക്ക്  യാത്രകള്‍ പരിഹാരമാകുമെങ്കില്‍ മുട്ടിനു മുട്ടിനു ഓരോ യാത്രകളും, സീകരണങ്ങളും സംഘടിപ്പിച്ചാല്‍ മതി. യാത്ര പോകുന്നവര്‍ക്കും സുഖം, കാണുന്നവര്‍ക്കും സുഖം ! എല്ലാം ശുഭം !  

അപ്പോള്‍ പിന്നെ ഈ യാത്രയുടെ  സാംഗത്യം ! എല്ലാവര്ക്കും അവരുടെതായ ഓരോ രാഷ്ട്രീയമുണ്ട് ! ആത്മീയത പറഞ്ഞിരുന്നവര്‍ക്കും തങ്ങള്‍ പടിക്കു പുറത്തു നിറുത്തിയിരുന്ന സാമൂഹിക രാഷ്ട്രീയ മേഖലയില്‍ രാഷ്ട്രീയക്കാരുടെ യാത്രയെ അനുകരിക്കാന്‍ തോന്നിയെങ്കില്‍ അവരെ കുറ്റം പറയാന്‍ പാടില്ല. ഒരു ടൈറ്റില്‍ ! പിന്നെ പരസ്യം, കൊടി  തോരണങ്ങള്‍, യാത്ര, വാര്‍ത്ത, സമാപനം ! പക്ഷെ,  യാഥാര്ത്യങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു പ്രഹസനത്തില്‍ മാത്രം ഒതുങ്ങി പോകുന്നിടതാണ് കൊട്ടിഘോഷിക്കുന്ന ഈ യാത്രയും അവസാനിക്കുക. ആത്മീയ നേതാവെന്നു പറയുന്നവരില്‍ നിന്നു ലക്ഷങ്ങള്‍ ചിലവഴിച്ചുള്ള ഇത്തരം പ്രഹസന യാത്രകള്‍ വരുമ്പോള്‍ അവിടെ മാനവികതക്കുള്ള റോള്‍ എങ്ങിനെ എന്നാണ് സമൂഹം ഉയര്‍ത്തുന്ന ചോദ്യം ! 


മസ്ജിദിനകത്ത്‌ മാത്രമല്ല പുറത്തേക്കുള്ള വഴിയില്‍ കൂടിയും പ്രവാചകന്റെ ഇസ്ലാം ഉണ്ടെന്നു മനസ്സിലാക്കിയ പ്രബുദ്ധരായ  ജനസമൂഹം തങ്ങളുടെ രാജ്യങ്ങളിലെ  ഭരണങ്ങളില്‍ പൊറുതി മുട്ടിയാണ് വസന്തങ്ങള്‍ സ്വപ്നം കണ്ടത്,  ഭരണകൂടങ്ങളെ  ചിറകടിച്ചു തകര്‍ത്തത്‌! കണ്ടു പരിചയിച്ച കലുഷിതമായ ലോകമല്ലാതെ ഒരു നവലോകം മുമ്പിലുന്ടെന്നു "അറബ് വസന്തം" ലോക ജനതക്ക് പാഠം നല്‍കി. യൂറോപ്പിലും, പാശ്ചാത്യലോകത്തും അതിന്റെ തരംഗങ്ങള്‍ ഉണ്ടായി. ലോകത്ത് ചര്‍ച്ചയായി ! ഇങ്ങു കേരളത്തില്‍ രാഷ്ട്രീയ മേഖലകളില്‍ വരെ അതിന്റെ ചര്‍ച്ചകള്‍ സജീവമായി.   അത്തരമൊരു നവമാനവിക ലോകത്തിന്റെ ചലനാത്മകമായ സാഹചര്യം കേരളീയ മത, രാഷ്ട്രീയ ചിന്താമണ്ഡലത്തെ പോലും സജീവമാക്കിയ സന്ദര്‍ഭത്തെ       ഒരു "വിശുദ്ധ മുടി" കൊണ്ടാണ് തങ്ങളുടെ അനുയായികളുടെ ചിന്തയെ പള്ളികളിലും, കൂട്ട സ്വലാത്ത്, ദര്‍ശന പുണ്യങ്ങളിലും കെട്ടിയിട്ടത്.  പിന്നീടങ്ങോട്ട്  മതവും, രാഷ്ട്രീയവും, സമൂഹവും, മീഡിയകളും  മുടികളെ കൊണ്ടു നിറഞ്ഞു. അങ്ങിനെ രാഷ്ട്രീയത്തെയും, സമൂഹത്തെയും നാലുഭാഗതാക്കിയ "മുടിയുടെ" തിരക്ക് കഴിഞ്ഞാണ്, മാനവികതയുടെ ഉണര്തല്‍ യാത്ര രംഗപ്രവേശം ചെയ്യുന്നത്.  വിശുദ്ധമുടിയും, കോടികളുടെ പ്രോജെക്ടും വിവാദമായ സാഹചര്യത്തില്‍ സമൂഹത്തില്‍ നിന്നും തല്‍ക്കാലം അവ തിരശീലക്കു പിറകിലേക്ക്  മാറ്റിയതിന്റെ ഹീറോ "ഉണര്‍ത്തിയാല്‍  ഉണരുമെന്ന്  പറയുന്ന ഈ മാനവികതയാണ്"  !


സമുദായ മാനവികത !
എന്തായാലും പരസ്പരം ചേരി തിരിഞ്ഞു അങ്കം വെട്ടിയിരുന്ന സ്വന്തം സമുദായത്തിലെ അത്ര പ്രശ്നം പൊതു സമൂഹത്തിലെ മാനവികതക്കു ഉണ്ടായിരുന്നില്ല. ഐക്യപെടാനെ പാടില്ല എന്ന നിര്‍ബന്ധ ബുദ്ധിയില്‍ തന്നെ സമുദായത്തിന്റെ ആഘോഷ ദിവസങ്ങള്‍ വരെ തര്‍ക്കിച്ചും, അടിപിടി കൂടിയും നാല് ദിവസങ്ങളില്‍ വരെ ആഘോഷിപിചീട്ടുണ്ട്. സ്രഷ്ടാവ് ഒന്നേ ഉള്ളുവെങ്കിലും പള്ളികളില്‍ അടിപിടി കൂടി തങ്ങളുടെ വിഭാഗീയതകള്‍ പ്രതിഷ്ടിച്ചു  മൈക്കുകള്‍ സമൂഹത്തില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കും. നേതൃത്വങ്ങളുടെ ജോലിയും, സമൂഹത്തിന്റെ പ്രധാന വിനോദ പരിപാടികളുമായി അതൊക്കെ മാറി ! ഈ പരിപാടികള്‍ സമുധായത്തെ രണ്ടാക്കി, മൂന്നാക്കി, നാലാക്കി  ഇപ്പോള്‍ നാലുവഴിക്കു അടിച്ചു പിരിച്ചിരുത്തിയിരിക്കുന്നു.   

സംഘടനകളുടെ ഈ ആഘോഷങ്ങളുടെ" പിന്നാമ്പുറ ഗുട്ടന്‍സ്" മാസം അറിയിക്കുന്ന മാനത്തെ ചന്ദ്രന് അറിയില്ല. അതങ്ങിനെ പതിവ് പോലെ  ഭൂമിയെ ഭ്രമണം ചെയ്യും. ഗുട്ടന്‍സ് അറിയുന്നവര്‍ അനുയായികളെ തങ്ങള്‍ക്കു ചുറ്റും കറക്കി കൊണ്ടിരിക്കും. അങ്ങിനെ കറക്കി കറക്കിയാണ്‌ വിഭാഗീയതയില്‍ തന്നെ നിലകൊള്ളുന്ന സമുദായത്തില്‍ നിന്നും ഇപ്പോള്‍ മാനവികതയുടെ വിഭാഗീയ രൂപം റോഡിലൂടെ പോകുന്നത്.  ഈ മാനവികത ഒറ്റക്കാണ്. ഒറ്റക്കായലെ  അതിന് പ്രശസ്തിയുള്ളൂ. ഒന്നിച്ചിരുന്നു എല്ലാം മറന്നു സമുധായത്തെ ഒന്നാക്കി മാനവികത പറഞ്ഞാല്‍ "ന്യൂസ്  മൈലേജ്" കുറയുമെന്ന തിരിച്ചറിവായിരിക്കാം. അല്ലെങ്കില്‍ ആ മാനവികത വേറെ, ഈ മാനവികത വേറെ എന്ന അര്‍ത്ഥ വിത്യാസം സ്വന്തം നിഘണ്ടുവില്‍ ഉണ്ടായിരിക്കാം ! സ്വന്തം അനുയായികള്‍ മാത്രം ശുഭ്രവസ്ത്രത്തില്‍  പ്രത്യക്ഷപെടുന്ന മാനവികതയുടെ അതിര്‍ത്തി സ്വന്തം അതിര്‍ത്തിയില്‍ തന്നെ ഒതുങ്ങുമെന്ന് അത്‌ സ്വയം സമൂഹത്തില്‍ വിളിച്ചു പറയുന്നുണ്ട് !

തന്റെ അവസരവാദ നിലപാടുകളെ തിരിച്ചറിയാത്ത അനുയായി വൃന്ടങ്ങളെ  തങ്ങളുടെ  ഏത് പരിപാടിയിലും ഒരു ആള്കൂട്ടമാക്കി എത്തിക്കാന്‍ കഴിയുന്നിടത്താണ്‌ കാന്തപുരം വിജയിക്കുന്നത്. താന്‍ പറയുന്നതെല്ലാം അപ്പടി വിഴുങ്ങുന്ന വിധം തന്റെ വൈരുധ്യങ്ങള്‍ നിറഞ്ഞ നിലപാടുകള്‍ക്കെതിരെ ഒരു ചോദ്യം പോലും വരാത്ത വിധം "അനുയായികളുടെ ബോധ മണ്ഡലത്തെ" തന്റെ ആത്മീയ പ്രതിരൂപത്തില്‍ തളച്ചിടാന്‍ അദ്ദേഹത്തിന് കഴിന്ജീട്ടുന്ടെങ്കില്‍ കുറ്റപെടുതെണ്ടത്‌ വിഭാഗീയ കാഴ്ച്ചപാടുകളെ നിലനിര്‍ത്താന്‍  പിന്തുണ നല്‍കുന്ന ചിന്താശേഷി സ്വയം അന്യമാക്കാന്‍ നിന്നുകൊടുത്ത  സമൂഹത്തെയാണ്.  അതിന്റെ ഫൈനല്‍ ലിട്മസ് ടെസ്റ്റ്‌ ആണ് മുടിയിലൂടെ പ്രബുദ്ധ കേരളം കണ്ടത്. ഒരു കാലത്ത് സമുധായത്തിനു കിട്ടിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള ശ്രമത്തില്‍ പരാജയപെടുകയും, പിന്നീട് "വിശുദ്ധ മുടി"യും, മുടിയിട്ട വെള്ളവും ശാന്തിക്കും, രോഗശമനത്തിനുമായി  ഇതാ അവതരിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ "പിന്നെന്തിനായിരുന്നു ഉസ്‌താദെ ലോണിന്റെ പിറകെ പോയി മെഡിക്കല്‍ കോളെജിനു ശ്രമിച്ചത്"  എന്ന സംശയം പോലും ഇല്ലാത്ത അനുയായി വൃന്ദത്തെ കൂടും, കുടുക്കയുമായി പകലന്തിയോളം ദര്‍ശന പുണ്യത്തിന് കാത്തു നിര്‍ത്തിയാണ് അതിന്റെ ട്രയല്‍ ടെസ്റ്റ്‌ വിജയം ഉറപ്പിച്ചത്. 

യാത്രകളുടെ രാഷ്ട്രീയ മുഖമാണ്  കാസര്‍കോഡ്‌  മുതല്‍ കന്യാകുമാരി വരെയുള്ള റൂട്ട്. കേരളത്തിലെ റോഡുകള്‍ അങ്ങിനെ പല പേരുകളില്‍ പല യാത്രകളും കണ്ടീട്ടുണ്ട്.  പണ്ടത്തെ യാത്രക്കുണ്ടായിരുന്ന  ബുദ്ധിമുട്ട് ഇപ്പോഴത്തെ  റോഡുകല്‍ക്കില്ല .  ഇപ്പോഴത്തെ റോഡുകള്‍  മികച്ചതാണ്. നല്ല സ്പീഡില്‍ ഏത് യാത്രയും പോകും !  മാനവികത (ഹ്യുമാനിറ്റി) പുതിയൊരു വെളിപാട് അല്ലെങ്കിലും വേണമെങ്കില്‍ റോഡിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചുള്ള സുഖകരമായ ഒരു യാത്രക്കുള്ള ടൈറ്റില്‍ നല്‍കുന്നുണ്ട്. 

മാനവികത യാത്ര കടന്നു പോകുന്ന വഴികള്‍...
മദ്യത്തിന്റെ കുത്തൊഴുക്കില്‍ കേരളം ഒലിച്ച് കൊണ്ടിരിക്കുന്നത് ഇന്ന് വാര്‍ത്തയെ അല്ല. ആഘോഷങ്ങള്‍ വരെ മദ്യമാണ് നടത്തുന്നത്. മദ്യം ഹറാം ആക്കണമെന്ന്  പറഞ്ഞു  വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാദര്‍ വടക്കന്‍, പ്രൊഫ. മന്മഥന്‍ എന്നിവര്‍ ദീര്‍ഘ കാലം സമരം ചെയ്തിരുന്നു. അന്ന് പേരിനെങ്കിലും അവരോടൊപ്പം കൂടാന്‍ "മദ്യവിരുദ്ധ സമുദായത്തിന്റെ" ആരും ഉണ്ടായിരുന്നില്ല. ഇപ്പൊ എല്ലാവരും കുടിച്ചു കുടിച്ചു കുടിയില്‍ ഡിപ്ലോമ എടുത്തു കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോ കുടിക്കരുത് എന്ന് പറയുന്നവരുടെ മേല്‍ ബിവറേജസ് കമഴ്ന്നടിച്ചു വീഴും ! 

ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്ന ലോട്ടറി കേരളത്തില്‍  ചുരണ്ടി ചുരണ്ടി  ദാരിദ്ര്യത്തിന്റെ കൈ കഴച്ചു. കൈ നോട്ടക്കാര്‍ റോഡു വക്കിലിരുന്നു   ദരിദ്രരെ നോക്കി ഭാവി പറഞ്ഞു.  ലോട്ടറി കടലാസ്സ്‌ കൊടുത്തു പൈസ അടിച്ചു കൊണ്ടുപോകുന്ന  അന്യ സംസ്ഥാനങ്ങളെ പുറത്താക്കി  സ്വന്തം ലോട്ടറി കേരളം ഭാഗ്യം പരീക്ഷണത്തിന്‌ സമൂഹത്തിനു നല്‍കി. വിയര്‍ത്തു കിട്ടുന്ന പൈസ കൊടുത്തു കേരള സംസ്ഥാന ഭാഗ്യക്കുറി ദരിദ്രരുടെ പോക്കറ്റില്‍ ഓരോ ദിവസവും മാറി മാറി സ്ഥാനം പിടിച്ചു. അങ്ങിനെ ഒരാളെ ലക്ഷാധിപതിയാക്കി മറ്റുള്ളവരെ ദാരിദ്രാക്കുന്ന പദ്ധതിയിലൂടെ സര്‍ക്കാരിന് വരുമാനം കൂടി. പോഷകാഹാരം കിട്ടാതെ ദാരിദ്ര്യം കുഞ്ഞുങ്ങളുടെ എല്ലുന്തിച്ചു കൊണ്ടേയിരുന്നു. 

മദ്യവും, മയക്കു മരുന്നും, അശ്ലീല സീടികളും, പ്രസിദ്ധീകരണങ്ങളും, സ്കൂള്‍ കോളേജുകളെ കേന്ദ്രീകരിച്ചു വ്യാപകമെന്നു വാര്‍ത്തകള്‍ ! വഴിതെറ്റിക്കപെടുന്ന സാമൂഹിക സാഹചര്യങ്ങള്‍  ! ദൃശ്യാ മീഡിയകള്‍ വരെകുടുംപങ്ങളെയും,  സമൂഹത്തെയും  മലീമാസമാക്കുന്നതില്‍ മത്സരിക്കുന്നു.  സമൂഹത്തില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ വളരുന്നുവെന്നു സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെ വ്യാപകമാകുന്ന  ചൂഷണങ്ങള്‍ വ്യക്തമാക്കുന്നു. മദ്യവും, കുറ്റ കൃത്യങ്ങള്‍ വളരുന്ന സാമൂഹ്യ സാഹചര്യങ്ങളും  കുടുമ്പങ്ങളുടെ സമാധാനവും, സ്വസ്ഥതയും നശിപ്പിക്കുമ്പോള്‍ മാനവികത എന്നത് യാത്രയിലൂടെയല്ല, ഭരണ കൂടത്തിന്റെ നയങ്ങളുടെ പ്രയോഗവല്‍ക്കരനതിലൂടെയാണ്  സംഭാവിക്കെണ്ടാതെന്ന  തിരിച്ചറിവാണ് യാത്രക്കായി പൈസ ചിലവഴിക്കുന്നവര്‍ മനസ്സിലാക്കേണ്ടത്. 

മാനവികത ഉണര്തെണ്ട ഒന്നല്ല ! സംസ്കരിക്കപെടുന്ന സാമൂഹ്യ സാഹചര്യങ്ങളിലൂടെ  ഉണ്ടായി തീരേണ്ട ഒന്നാണ്.  അതിന് വേണ്ടത് ലക്ഷങ്ങള്‍ ചിലവഴിചു റോഡുകളില്‍ കൂടിയുള്ള റിയാലിറ്റി-ഷോ  പ്രഹസന യാത്രകളല്ല. 
സ്വാര്‍ത്ഥ ലക്ഷ്യങ്ങല്‍ക്കപ്പുരം മനുഷ്യ പുരോഗതിക്കു വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ആണ് മാനവികതക്കായി ആദ്യം സൃഷ്ടിക്കപെടെണ്ടത്. ജാതി, മത, സമുദായ ഭിന്നതകളില്‍ നിന്നു സമൂഹത്തെ പൊതുവായ ധാരയിലേക്ക് മാറ്റിയെടുക്കുന്നത്തിനു  രാഷ്ട്രീയമായ പക്വതയാണ് മാനവികതയുടെ യഥാര്‍ത്ഥ ആത്മീയത ! അത്‌ വിഭാഗീയ മത പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു യാത്രക്കായി പൊതു സമൂഹത്തില്‍ അവതരിപ്പിക്കുമ്പോള്‍ തങ്ങള്‍ നിലനിര്‍ത്തി പരിപോഷിപ്പിക്കുന്ന സ്വന്തം നിലപാടുകള്‍ അതിനെതിരെ പരിഹാസ്യമായി ഉയര്‍ന്നു വരും ! അതുകൊണ്ട് തന്നെ കാന്തപുരം എന്ന നേതൃത്വവും, അദ്ധേഹത്തിന്റെ സംഘടനയും ഇനിയെങ്കിലും സമൂഹതോടൊപ്പം യാത്ര ചെയ്യേണ്ടതുണ്ട്. വിവാദങ്ങളും, തര്‍ക്കങ്ങളും ഒഴിവാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചു എല്ലാവരുമായും ഐക്യത്തോടെ വര്തിക്കുന്നതിനു ഈ മാനവികത തിരിച്ചറിവ് നല്‍കേണ്ടതുണ്ട്. മാനവികതക്കു രാഷ്ട്രീയ, സാമൂഹിക ഇടപെടലുകള്‍ ആവശ്യമെന്ന ഇപ്പോഴത്തെ തിരിച്ചറിവ് അദ്ധേഹത്തിന്റെ യാഥാസ്ഥിതിക ഇസ്ലാമിക കാഴ്ചപാടില്‍ നിന്നുമുള്ള മാറ്റത്തിന്റെ ശുഭ സൂചകമായിട്ടു വേണം കരുതാന്‍. മാനവികതയുടെ ഈ ശബ്ദം ഇനിയെങ്കിലും സ്വന്തം സമൂഹത്തിലെ ഐക്യത്തിന് നന്ദി കുറിക്കാന്‍ സ്വയം പ്രേരകമാകട്ടെ. 

ശിഷ്ടം: കാന്തപുരം എന്ത് തൊട്ടാലും അത്‌ വിവാധമാകും. മതത്തില്‍ തന്റെ സങ്കുചിതത്വ കാഴ്ചപാടുകള്‍ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്ന സമയങ്ങളിലെല്ലാം വിവാദം കൂടപിറപ്പാണ്    !  വിശുധമുടിയും പ്രോജെക്ടും വിവാധമാക്കി. തുടര്‍ന്ന് വന്ന മാനവികത യാത്രക്ക് നേരെയും സമൂഹത്തില്‍ പല ഭാഗത്ത്‌ നിന്നും വിവാദങ്ങള്‍ ഉയര്‍ന്നു.  സമൂഹത്തില്‍ നിലകൊള്ളുന്ന തന്റെ നിലപാടുകളും താന്‍ ഉയര്‍ത്തുന്ന മാനവികതക്കും തന്റെ വണ്ടിയില്‍ ഒരേ സമയം യാത്ര ചെയാന്‍ കഴിയുമോ എന്നതാണ് പുതിയ വിവാദത്തിലെ ശിഷ്ടം !