25 സെപ്റ്റംബർ 2011

ഹെന്റെ ദൈവമേ, ആരായിരിക്കും ??

മൈതാനത്തില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ വീര്‍പ്പടക്കി കാത്തിരിക്കുകയാണ്. മൈതാനത്തില്‍ ഇല്ലാത്തവര്‍ അവരവരുടെ വീടുകളില്‍ ടിവി പെട്ടിക്കു മുമ്പില്‍ കാതും കണ്ണും, കൂര്‍പ്പിച്ചിരിക്കുന്നു. അങ്ങിനെ കാതും, കണ്ണും കൂര്‍പ്പിചിരിക്കുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ ! ഗവര്‍മെന്റിന്റെ ജനക്ഷേമ പദ്ധതികളെ കുറിച്ച്, ഭരണം അഴിമതി രഹിതമാക്കുന്നതിനെ കുറിച്ച് കാതു കൂര്‍പ്പിക്കുകയാണീ ജനം എന്ന് കരുതി എങ്കില്‍ തെറ്റി !



വര്ഷം വര്ഷം നമുക്ക്, മലയാളിക്ക് ഒരു സ്റ്റാര്‍ സിങ്ങരിനെ വേണം. ഒരു കോടി സമ്മാനം കൊടുത്തു ഒരു വര്ഷം കൊണ്ട് നമുക്ക് പാട്ട് കേള്‍ക്കാന്‍ ഒരു സിങ്ങറിനെ കണ്ടെത്തി ടി വി ക്കാര് തരും. കഞ്ഞി കുടിച്ചില്ലെങ്കിലും വേണ്ടില്ല ഒരു സിങ്ങറിനെ വര്‍ഷത്തില്‍ മലയാളിക്ക് വേണം എന്നിടത് എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. മത്സരത്തില്‍ ജയിച്ചു കോടി സമ്മാനം കിട്ടാന്‍ ഒരുങ്ങി വരുന്നവരില്‍ നിന്ന് അവസാനം, മൂന്നു പേര്‍ ! ആ മൂന്നു പേരും, മൈതാനത്തും, ടിവിക്ക് മുന്നിലുള്ള ലക്ഷങ്ങളും കാതു കൂര്‍പ്പിക്കുന്നു.


മലയാളിക്ക് അരിയല്ല, പ്രശ്നം, പാട്ടുകാരെ കിട്ടാത്തത് കൊണ്ട് പാട്ട് കേള്‍ക്കാന്‍ കഴിയാത്തതാണ് പ്രശ്നം എന്നപോലെ പ്രശ്ന പരിഹാരം അവതാരികയില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരിക്കുന്നു. ആരായിരിക്കും ഇത്തവണത്തെ സ്റ്റാര്‍ സിങ്ങര്‍ !! പറയാതെ പറഞ്ഞു കാതു കൂര്‍പ്പിചിരിക്കുന്നവരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി ഇത്തവണത്തെ സ്റാര്‍ സിങ്ങറിനെ പ്രഖ്യാപിക്കാന്‍ അവതാരക മുഖ്യാതിതിയെ ക്ഷണിക്കുന്നു. മുഖ്യാഥിതി വരുന്നു, കയ്യില്‍ നല്‍കിയ വിജയിയുടെ പേര്‍ നോക്കുന്നു. ഒന്നും പറയാതെ വീണ്ടും കാതു കൂര്‍പ്പിചിരിക്കുന്നവരെ കുറച്ചു നേരം മുള്‍ മുനയില്‍ നിര്ത്തുന്നു.


ഹെന്റെ ദൈവമേ, ആരായിരിക്കും ഇത്തവണത്തെ സ്റ്റാര്‍ സിങ്ങര്‍ !


എല്ലാവരും സ്വയം ആത്മഗതം ചെയ്തു ഫൈനലില്‍ എത്തിയ മൂന്നു പേരെയും കണ്ണ് കലങ്ങി നോക്കുന്നു ! മൂന്നു പേരുടെ കുടുമ്പങ്ങള്‍ നിശബ്ദമായി പ്രാര്‍ഥിക്കുന്നു. ആര്‍ക്കായിരിക്കും കോടി !


ഒരു കോടി, പിന്നെ പതിനഞ്ചു ലക്ഷം, പിന്നെ അഞ്ചു ലക്ഷം !!


ലക്ഷങ്ങള്‍ വീര്‍പ്പടക്കി നില്‍ക്കുന്നതിനിടെ സ്റ്റാര്‍ സിങ്ങറിനെ പ്രഖ്യാപിച്ചു !! ഹെല്ലാവര്‍ക്കും സമാധാനമായി, പരിപാടി കഴിഞ്ഞു മൈതാനതുള്ളവര്‍ വീടുകളിലേക്കും, വീടുകളില്‍ ഉള്ളവര്‍ അവരവരുടെ വീടുകളിലാനെന്നു ഉറപ്പുവരുത്തി അടുത്ത സ്റാര്‍ സിങ്ങര്‍ ആരായിരിക്കും എന്ന് ആലോചിച്ചു അന്ന് സമാധാനത്തോടെ പതിവ് പോലെ രാത്രി നിദ്ര പ്രാപിച്ചു.


ടി വി അങ്ങിനെയാണ്. വിശക്കുന്നവന്റെ വിശപ്പ്‌ മറപ്പിക്കും, പ്രശ്നമുള്ളവരുടെ പ്രശ്നം വിസ്മരിപ്പിക്കും ! അത്തരം പരിപാടികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി എരിവും, പുളിയും, മഞ്ഞയും, നീലയല്ലാത്ത നീലയും കലര്‍ത്തി പല നേരങ്ങളില്‍ ആവശ്യത്തിനനുസരിച്ച് വിളമ്പും.


കുടുമ്പവും, തനിച്ചും അതൊക്കെ കണ്ടു തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കേണ്ട പരിസരത്തെ, കടമകളെ ഓരോ ദിവസവും വിസ്മരിക്കുകയാണ്.


അതിനനുസരിച്ച് ടിവി ചാനലുകള്‍ കൂടി വരുന്നു , തട്ടുപൊളിപ്പന്‍ പരിപാടികളുമായി ഓരോ ചാനലുകളും മത്സരിക്കുകയാണ് ! അതൊക്കെ കാണാന്‍ ടി വിക്ക് മുമ്പില്‍ കണ്ണ് മിഴിച്ചിരിക്കുന്ന ജന സമൂഹം !


മറ്റൊരു ഭാഗത്ത്‌ ആത്മീയ കച്ചവടങ്ങള്‍ ! എല്ലാം വിശ്വാസമെന്ന് പേരിട്ടു പ്രശ്ന പരിഹാരത്തിന്, ശാന്തിക്ക് ഓരോ വിഭാഗത്തിനും യോജിച്ച ധ്യാന കേന്ദ്രങ്ങള്‍ ! അവിടെയും ലക്ഷങ്ങള്‍ !


എല്ലാത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ട് ! പ്രശ്നങ്ങള്‍ക്ക് നേരെ നിഷ്ക്രിയമായിരിക്കാന്‍ തക്ക "കലാപരിപാടികള്‍" നമുക്ക് മുമ്പില്‍ അതിന്റേതായ സമയങ്ങളില്‍ ഉള്ളപ്പോള്‍ പിന്നെന്തു പ്രശ്നം ഹേ !! നമ്മള്‍ വിശ്വസിച്ചു ഭരണം കയ്യിലെല്പ്പിച്ച "ജനാധിപത്യം" കളവു മില്ല, ചതിയുമില്ല, അഴിമതി എള്ളോളമില്ല എന്ന് വരുകില്‍, "നമുക്കിട്ടു" തരുന്ന റിയാലിറ്റിഷോ ഏമ്പക്കം വിട്ടിരുന്നു കണ്ടിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും !

ദെ, അടുത്ത സ്റ്റാര്‍ സിങ്ങരാകാനുള്ളവര്‍ പാട്ട് പാടി സ്റെജില്‍ കാലെടുത്തു വെച്ച് കഴിഞ്ഞു !

ആരായിരിക്കും അടുത്ത സ്റ്റാര്‍ സിങ്ങര്‍ ??

14 ജൂൺ 2011

ലക്ഷങ്ങളും - സ്വാശ്രയങ്ങളും !


സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സംവരണ തര്‍ക്കം മാനേജ്മെന്റും സര്‍ക്കാരും തമ്മില്‍ പ്രവേശന സമയത്ത് ഉയര്‍ന്നു വരും. കാലം കൊറെയായി രണ്ടു പേരും ചുമന്നു നടക്കാന്‍ തുടങ്ങിയിട്ട്. ഇത് മനുഷ്യന് പരിഹരിക്കാന്‍ കഴിയുന്നതല്ല എന്നാ രീതിയില്‍ തീര്‍പ്പാകാതെ ഓരോ ഭരണ ഋതുക്കള്‍ മാറി മാറി വരുമ്പോള്‍ ചര്‍ച്ചക്കായി ഈ പ്രശനം തിളച്ചു വരും ! എന്നാല്‍ ഇത്രയൊക്കെ ചര്‍ച്ചയും, കമ്മറ്റിയും, പരിഹാര സമവായങ്ങളും ഒക്കെ നടന്നീട്ടും ഒരാള്‍ മാത്രം ഇതിലൊന്നും പെടാതെ പോയത് ഇപ്പോള്‍ മാത്രമാണോ അധികാരികള്‍ അറിയുന്നത് !
അമൃത മെഡിക്കല്‍ കോളേജ് ! സ്വാശ്രയവും, സര്‍ക്കാരും പകുതി-പകുതി വടം വലി നടത്തി കൊണ്ടിരിക്കുമ്പോള്‍ ഒരു സ്വാശ്രയന്‍ മാത്രം മാറി നില്‍ക്കുന്നത് ആരുടേയും കണ്ണില്‍ പെട്ടില്ല. അവിടെ എന്താണ് പ്രവേശന മാനധണ്ടം എന്ന് പോലും ആരും അന്വേഷിച്ചില്ല. അതൊരു "കൊച്ചു" സ്വാശ്രയന്‍ ആയതു കൊണ്ടാകും !


സാമൂഹിക രംഗങ്ങളില്‍ ദൈവിക പരിവേഷവുമായി സഹായ ഹസ്തങ്ങള്‍ നല്‍കുന്ന അമ്മയുടെ കീഴിലുള്ള ഒരു സ്ഥാപനത്തില്‍ ഈയൊരു കാര്യത്തില്‍ ഉള്ള വിരുദ്ധ നിലപാട് എല്ലാവരെയും അത്ഭുതപെടുത്തും ! മറ്റേതു സ്വകാര്യ കോളെജുകളും എന്ത് നിലപാട് എടുക്കുമ്പോഴും, അതിനേക്കാള്‍ സുതാര്യമായ ഒരു സാമൂഹിക നിലപാട് ആത്മീയതയുടെ പേരില്‍ നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ സത്യസന്ധമായ ഇടപെടലിലൂടെ കാണിക്കേണ്ടതുണ്ട്.
അത്തരമൊരു സ്ഥാപനമെന്ന് കരുതിയിരുന്ന അമൃത മെഡിക്കല്‍ കോളേജ് ഇപ്പോള്‍ മീഡിയയില്‍ , സമൂഹത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നു. തങ്ങള്‍ക്കു കേരളത്തിലെ നിയമങ്ങള്‍ ബാധകമല്ലെന്നും, കേന്ദ്രത്തിന്റെ പരിധിയിലാണ് തങ്ങളെന്നും പറഞ്ഞു നിയമ വശങ്ങളുടെ കെട്ടഴിച്ചു വളരെ ബുദ്ധിപൂര്‍വ്വം സംവരണത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നു. എന്തായാലും ഈ "ആത്മീയ ബുദ്ധിയെ" കണ്ടു മറ്റു സ്വാശ്രയങ്ങള്‍ തങ്ങളുടെ പകുതി സീറ്റില്‍ നിന്നും ലഭിക്കുമായിരുന്ന "ലക്ഷങ്ങളെ " ഓര്‍ത്തു തലയില്‍ കയ്യ് വെച്ച് നില്‍ക്കുന്നുണ്ടാകും !!!


ലാഭേച്ചയില്ലാതെ സാമൂഹിക പ്രതിബദ്ധത കൂടുതല്‍ പ്രതിഫലിക്കേണ്ട ഒരു ഇന്സ്ടിടൂഷന്‍ ആണ് മെഡിക്കല്‍ കോളേജുകള്‍. ഓരോ തലമുറക്കും വേണ്ട ഡോക്ടര്‍ മാരെ സൃഷ്ടിക്കേണ്ട സ്ഥാപനങ്ങള്‍ ഇപ്പോള്‍ ലക്ഷങ്ങളുടെ വിളവെടുപ്പ് സ്ഥലങ്ങളായി മാറി കൊണ്ടിരിക്കുന്നു. സീറ്റുകള്‍ക്ക് വേണ്ടിയുള്ള ലക്ഷങ്ങളുടെ വില പേശലുകളില്‍ തന്നെ ഒരു വിദ്യാര്‍ഥിയുടെ സാമൂഹിക പ്രതിബദ്ധതയും ഇവിടെ കമ്പോള വല്ക്കരിക്കപെടുന്നു. ഈ അവസ്ഥക്ക് കാരണമാകുന്ന ഒരു സാഹചര്യത്തെ ഒഴിവാക്കുവാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ട ആത്മീയതയുടെ മറവിലുള്ള സ്ഥാപനങ്ങള്‍ പോലും കമ്പോളത്തിന് നേരെ തങ്ങളുടെ പണപെട്ടി തുറന്നു വെച്ചിരിക്കുകയാണ്. രാഷ്ട്രീയവും, ആത്മീയതയും തങ്ങളുടെ കീഴിലുള്ള ആയിരം തലമുറയ്ക്ക് കഴിയാനുള്ള കോടികളുടെ സ്രോതസ്സുകള്‍ തേടുമ്പോള്‍ എവിടെ നിന്നാണ് ""സാമൂഹിക പ്രതിബദ്ധത" പ്രതീക്ഷിക്കേണ്ടത് !!!

08 ജൂൺ 2011

ഹൈടെക് ഉപവാസം !

കള്ളപണത്തിനും, അഴിമതിക്കും എതിരെ ഇത് വരെ കാണാത്ത സമരത്തിന്റെ ചിത്രങ്ങള്‍. ഗാന്ധിയന്‍ മാര്‍ഗതിലൂടെയുള്ള സമരത്തിന്‌ ശേഷം ഒരു ഹൈടെക് സമരത്തിന്‌ സാക്ഷ്യം വഹിക്കുന്നു ഇന്ത്യ ! കോടികള്‍ ചിലവാക്കി സമരം നയിക്കുന്നത് "കള്ള പണതിനെതിരെ" എന്നറിയുമ്പോള്‍ ശ്വാസം വിട്ടീരിക്കുന്നവര്ക്കു ഒന്ന് ശ്വാസം മുട്ടും ! ഭൌതിക വിരക്തിയുടെയോ, ലാളിത്വതിന്റെയോ, വസ്ത്രമെന്നു കണ്ടു പരിചയിച്ച കാവി ഇപ്പോള്‍ മീടിയയിലൂടെ വിളിച്ചു പറയുന്നത് ഹിമാലയ സാനുക്കളുടെ ഹൈടെക് പരിണാമത്തെ കുറിച്ചാണ്. അതെന്തുമാകട്ടെ, ഉയര്‍ത്തിയിരിക്കുന്ന ആവശ്യം തീര്‍ച്ചയായും നടപടി അര്‍ഹിക്കുന്നത് തന്നെ !



ഈ കള്ളപണം എന്ന് പറയുന്നത് കള്ളന്മാരുടെ പണമാണോ ?


കള്ളതരം കാണിച്ചു ഉണ്ടാക്കുന്ന പണമാണോ ?


ഉറവിടം ഇല്ലാതെ ശൂന്യതയില്‍ നിന്നും വരുന്ന പണമാണോ ?


ആര്‍ക്കറിയാം !


എന്തായാലും അതിനൊക്കെ ഒരു ആധികാരികത വേണ്ടത് തന്നെ. എല്ലാ ഇന്ത്യാക്കാരും സമന്മാരാണ് എന്നാണു നിയമത്തിന്റെ വെയ്പ്പ് ! പക്ഷെ പലതിലും അങ്ങിനെയല്ലെന്നു ഓരോ സംഭവങ്ങള്‍ തെളിയിക്കുന്നു.


ബാബ രാം ദേവ് ആവശ്യപെടുന്ന പോലെ ധനം വരുന്ന സ്രോതസ്സുകളെ കുറിച്ച് വ്യക്തമായ അന്വേഷണം വരേണ്ടതുണ്ട്. കള്ള പണമാണോ, അല്ലയോ എന്നത് എല്ലാ മേഖലയിലും അന്വേഷണ വിധേയമാക്കേണ്ടത് ഇന്ത്യയുടെ സാമ്പത്തിക കെട്ടുറപ്പിന് അനിവാര്യമാണ്. താന്‍ നിലകൊള്ളുന്ന പ്ലാട്ഫോമിനെതിരെയുള്ള അന്വേഷണം പ്രതീക്ഷിച്ചു കൊണ്ട് തന്നെ അദ്ദേഹം ഇത് പറയുമ്പോള്‍ അത്തരത്തിലുള്ള എല്ലാം ആത്മീയ കേന്ദ്രങ്ങളടക്കം അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന ഓര്‍മപെടുത്തല്‍ കൂടി ഈ സന്ദര്‍ഭത്തില്‍ വ്യക്തമാണ്. തങ്ങളുടെ പേരിലുള്ള ആരോപണങ്ങള്‍ സത്യമല്ലെന്ന് തെളിയിച്ചു കൊടുക്കേണ്ടത് നിയമതോടുള്ള ബാധ്യത കൂടിയാണെന്ന് ഈ സമരം അതുമായി ബന്ധപെട്ടവരെ ഒര്മാപെടുതുന്നു.
                                       _________________
ആര് പറഞ്ഞു ഇന്ത്യയില്‍ ഭൂരി ഭാഗവും ദരിദ്രര്‍ എന്ന് !


ഇതുവരെ കേട്ടു കേള്വിയില്ലാതെ കോടികളെ കുറിച്ചാണ് പത്രങ്ങളായ പത്രങ്ങളില്‍ വാര്‍ത്ത !


വെറുതെ കിട്ടുന്ന ഓക്സിജന്‍ വലിച്ചു കേറ്റി വിടുന്ന ശ്വാസ പ്രക്രിയയും , ധ്യാനവും വരെ കോടികളുടെ ആസ്തിയില്‍ കടലുകള്‍ ഏഴും കടന്നു നില്‍ക്കുന്നു.


എവിടെയും ജനക്കൂട്ടങ്ങള്‍. ആയിരങ്ങള്‍, ലക്ഷങ്ങള്‍ വെറുതെ ഇരുന്നു ശ്വാസം പിടിക്കാനും , മിണ്ടാതിരിക്കാനും !


അതിജീവനത്തിനും, അധ്വാനത്തിനും അനുയോജ്യമായ രീതിയില്‍ പ്രകൃതി നിര്‍ണയിച്ചിരിക്കുന്ന ശ്വസന താളം ഇപ്പോള്‍ വെറുതെ ഇരുന്നു വലിച്ചു കേറ്റുന്ന രീതിയിലേക്ക് എത്തി നില്‍ക്കുന്നു.


മൂക്ക് പൊത്തിയും, ഇടക്കൊന്നു വിട്ടും, വിടാതെയും, വയര്‍ എക്കി പിടിച്ചു പിടിച്ചു നിര്‍ത്തിയും നടത്തുന്ന ഈ ശ്വാസ-കോഴ്സിന്റെ ശിഷ്യ ഗണങ്ങളായി മാറിയിരിക്കുന്നു സമൂഹം.


ആളുകള്‍ ധ്യാനത്തില്‍ ആണ് ! ആയിരങ്ങള്‍ മൂക്കുകള്‍ അമര്‍ത്തി ശ്വാസം പിടിചിരിപ്പാണ്. എന്നീട്ടും കോടികള്‍ ഒഴുകുന്നു...


വയലുകളില്‍ പണി ചെയ്തിരുന്ന മനുഷ്യര്‍ എവിടെ ! ധ്യാനതെക്കാള്‍, ഇരുന്നു ശ്വാസം പിടിക്കുന്നതിനെക്കാള്‍ ഉത്തമമായ പ്രകൃതിയുടെ ഊര്‍ജ്ജം ആവാഹിച്ചു മണ്ണില്‍ പണി ചെയ്യേണ്ട മനുഷ്യര്‍ എവിടെ !!


മനുഷ്യന് വയര്‍ നിറക്കാന്‍, പ്രകൃതിയുടെ വിഭവങ്ങള്‍ വേണം ! കൃഷി സ്ഥലങ്ങള്‍ നിരത്തി കോടികള്‍ വെച്ച് കെട്ടിടം പണിയുകയാണ് കോടികള്‍ കിട്ടുന്നവര്‍. കോടികളിലൂടെ സ്വന്തം സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നവര്‍ !


നിഷ്ക്രിയരായിരിക്കുന്നവരുടെ വയറുകള്‍ നിറക്കേണ്ട ബാധ്യത രാസവളങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. മനുഷ്യര്‍ നിഷ്ക്രിയരായാപ്പോള്‍ മാരകമായ വിഷങ്ങള്‍ കൃഷിയിടങ്ങളില്‍ തെളിച്ചു ഉത്പാദന വര്ധന്നവിലൂടെ ലാഭങ്ങള്‍ കൊയ്യുന്ന തിരക്കിലാണ് കമ്പനികള്‍. ജനിതക മാറ്റം വരുത്തിയ ഹൈബ്രിഡ് കൃഷികള്‍ പ്രകൃതിയെ മാറ്റി മറിച്ചത് പോലും ധ്യാന നിരതരായവര്‍ക്കൊന്നും വിഷയമേ ആകുന്നില്ല.


മനുഷ്യര്‍ എല്ലാവരും ധ്യാനതിലാണ്. ചുറ്റും പരിസ്ഥിതിക്കെല്‍പ്പിച്ച ആഘാതങ്ങളുടെ ഇരകള്‍ ! മാരകമായ അസുഖങ്ങള്‍ ! മാരക കീട നാശിനിയായ എന്‍ഡോ സള്‍ഫാന്‍ നിരോധനം ആരൊക്കെയോ ഒച്ച വെച്ചതിന്റെ പേരില്‍ ഇപ്പോഴെങ്കിലും ഇഴഞ്ഞെതിയിരിക്കുന്നു. ഈ അവസ്ഥകള്‍ ചുറ്റും നടക്കുമ്പോഴും, പതിനായിരങ്ങളെ തങ്ങളുടെ കുടകീഴിലാക്കി ശ്വാസം വിട്ടിരിക്കാന്‍ നേതൃത്വം കൊടുക്കുന്നവരും, ആത്മീയ ധ്യാനക്കാരും ഇതൊന്നും നമ്മള്‍ക്ക് ബാധകമല്ലെന്ന രീതിയില്‍ നിശബ്ദമായി നിലകൊള്ളുന്നു ! വെറുതെ ഇരുന്നു ശ്വാസം പിടിച്ചു കാണിച്ചു കൊടുത്താല്‍, ഇരുന്നു കൈ കൊട്ടി പാടിയാല്‍, കണ്ണടച്ച് മിണ്ടാതെ ഇരുന്നാല്‍, കോടികള്‍ വരുന്നെങ്കില്‍, പിന്നെ ആളുകള്‍ക്ക് അതാണ്‌ വേണ്ടതെങ്കില്‍ അത് കൊടുക്കുന്ന ഇവരെ എന്തിനു കുറ്റം പറയണം ! അല്ലെ !


ഇവിടെ കോടികള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ആത്മീയതയും, ആത്മീയതയും തമ്മില്‍, രാഷ്ട്രീയവും-ആത്മീയതയും തമ്മില്‍, കച്ചവടവും, കച്ചവടും തമ്മില്‍
ആത്മീയത രാഷ്ട്രീയത്തെ വളരെ എളുപത്തില്‍ കടത്തി വെട്ടുന്ന ചിത്രങ്ങള്‍ ആണ് നമുക്ക് ചുറ്റുമുള്ള "കോടികള്‍" പറയുന്നത്.മൊത്തം ആത്മീയ വ്യവസായത്തിന്റെ കോടികളുടെ കണക്കു പുറത്തേക്കു വരുമെങ്കില്‍, ആരെങ്കിലും ഞെട്ടുമോ !! ചായ്, ഒരാളും ഞെട്ടില്ല ! കോടികള്‍ അത്രമാത്രം ചെറുതായിരിക്കുന്നു, നമ്മുടെ ഇന്ത്യയില്‍ ! എന്നീട്ടും, ഇന്ത്യയില്‍ പട്ടിണി ഉണ്ടെന്നു പറഞ്ഞാല്‍, ദരിദ്രര്‍ ഉണ്ടെന്നു പറഞ്ഞാല്‍ ഈ ""കോടികള്‍"" ചിരിക്കും !!

26 മേയ് 2011

ഒരേക്കര്‍ പറമ്പും, ആയിരം രൂപ പെന്‍ഷനും...

അല്ല ഇതെന്താഹെ ഇങ്ങിനെ !!
എങ്ങിനെ !

അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക്..
അമ്മമാര്‍ക്ക് ?
ഒരേക്കര്‍ പറമ്പും, ആയിരം രൂപ പെന്‍ഷനും...
ആര് കൊടുക്കുന്നൂന്ന് ?
എന്തിനു ?
ആദിവാസികള്‍ അവിഹിതമായി ഗര്‍ഭം ധരിച്ചു പ്രസവിച്ചു മാതാക്കള്‍ ആയതിനു !
എന്റമ്മേ !
ഇത് ശരിയാണോ അണ്ണാ..
പുതിയ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് കേട്ടില്ലേ ഹേ !
അതിനു സര്‍ക്കാര്‍ എന്ത് പിഴച്ചു അണ്ണാ ?
പിഴപ്പിച്ചവരെ കൊണ്ടല്ലേ ഇതൊക്കെ ചെയ്യിക്കേണ്ടത് അണ്ണാ ?
ഇക്കണക്കിനു പോയാല്‍ ?
ഇക്കണക്കിനു പോയാല്‍ !
കാട് മുഴുവന്‍ അവിഹിതം കൂടും...
എന്ന് വെച്ചാല്‍..
വിവാഹിതരായ അമ്മമാരുടെ എണ്ണം കുറയ്ക്കും..
ആര് ?


ഓ ഈ അണ്ണന് ഒന്നും അറിയില്ല !


അല്ലണ്ണാ.. ഈ അവിവാഹിതരായ അമ്മമാര്‍ എങ്ങിനെയാണ്‌ അണ്ണാ മാതാക്കള്‍ ആകുന്നത്‌ !
ഇവരെ മാതാക്കള്‍ ആക്കിയവര്‍ എന്തെടുക്കുവാ അണ്ണാ ?
ഇഗ്നിനെ കൊടുക്കാന്‍ തുടങ്ങിയാല്‍ അവിടെ തിരക്ക് കൂടൂലെ അണ്ണാ ?
അല്ല അണ്ണാ, ഇങ്ങിനെ പോയാല്‍ ഇനി എല്ലാവരും ആദിവാസികള്‍ ആകാന്‍ അപ്പ്ളികേശന്‍ കൊടുക്കുമോ അണ്ണാ ?
അല്ല അണ്ണാ..സര്‍ക്കാര്‍ ഇങ്ങിനെ കൊടുക്കാന്‍ തുടങ്ങിയാല്‍
നാട് കാടാവോ അണ്ണാ !
അല്ല അണ്ണാ, നഷ്ടപരിഹാരവും, പുനരധിവാസവും, ഈ യോഗ്യരായ അച്ചന്മാരുടെ കയ്യില്‍ നിന്നും വാങ്ങിയല്ലേ കൊടുക്കേണ്ടത് അണ്ണാ..
അല്ലാതെ ഇതെന്താഹെ ഇങ്ങിനെ...
അണ്ണാ, ഒരൈഡിയ !
എന്താണ് ?
പിന്നെ പറയാം, തിരക്കുണ്ട്‌...
____________


ശിഷ്ടം: ആരാ കുടിലില്‍ മകളെ തല്ലുന്നത് ??
കരയല്ലേ എന്തിനാ കുട്ടിയെ തല്ലിയത്.. ?
അത്, അത് ഒരേക്കര്‍ എങ്ങിനെയെങ്കിലും......
ങേ, ഹെന്റമ്മേ......
___
ശിഷ്ടം രണ്ടു: നിങ്ങളെന്താ കുന്തം വിഴുങ്ങിയ പോലെ ഇരിക്കനത് ?

അതോ..അല്ല ഞാന്‍ ആലോചിക്കായിരുന്നു,
എന്ത് !
വല്ല കാട്ടിലെങ്ങാന്‍ ജനിച്ചാ മത്യാര്‍ന്നു..
അതോണ്ടെന്താ കാര്യം ?
നീ അറിഞ്ഞില്ലേ, പ്രഖ്യാപനം ഒരേക്കര്‍.................
ങേ...

12 മേയ് 2011

ബൂമറാങ്ങ് !

തെരഞ്ഞെടുപ്പു കഴിഞ്ഞു.. രാഷ്ട്രീയക്കാര്‍ കണ്ണില്‍ എണ്ണയൊഴിച്ച് ഫലം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഇശി ആയി.



നാളെ ഫലം വരും. ഒരു പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടും. കിട്ടുന്ന പാര്‍ട്ടിക്ക് പ്രജകളെ ഭരിക്കാം. അവരുടെ ക്ഷേമങ്ങള്‍ നോക്കാം. ഭൂരി പക്ഷമില്ലാത്ത പാര്‍ട്ടിക്ക് പ്രതിപക്ഷതിരിക്കാം. കുറ്റങ്ങള്‍ കുറവുകള്‍ വിളിച്ചു പറയാം.


എത്ര സുന്ദരം ജനാധിപത്യം !


ഇഷ്ടമുള്ളവരെ ജനം തെരഞ്ഞെടുക്കുന്നു. അവര്‍ ഭരിക്കുന്നു. ഭരണത്തില്‍ അള്ളി പിടിച്ചു കയറാന്‍ കലാശ കൊട്ടും, കുരവയുമൊക്കെ നടത്തുവാന്‍ തങ്ങളെ പ്രേരിപ്പിക്കുന്ന ""ഈ സാമൂഹിക കടപ്പാട്"" എന്തെന്ന് രാഷ്ട്രീയക്കാര്‍ക്ക് മാത്രേ അറിയൂ. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് !


പുതിയ ഭരണക്കാര്‍ വന്നാലും പതിവ് പോലെ കോരന്‍ കൈകോട്ടും തൂമ്പയുമായി വിയര്‍ത്തു പണിയെടുക്കാന്‍ പോകും. കിട്ടിയ കൂലിയുമായി വൈകീട്ട് ഭക്ഷണ സാധനങ്ങള്‍ വാങ്ങുവാന്‍ കടയില്‍ കയറും. ഉള്ളിക്കും, മുളകിനും, ഉപ്പിനും, അരിക്കും വിലകൂടിയല്ലോ എന്ന് മുന്‍വര്‍ഷങ്ങളിലെ പോലെ പിറുപിറുത്തു, അരിഷ്ടിച്ച് കിട്ടിയ സാധനങ്ങളുമായി വീട്ടിലേക്കു വരും.


രാവിലെ വീണ്ടും പണിക്കു പോകും, തിരിച്ചു വരും, ഭക്ഷണം കഴിക്കും, കിടന്നുറങ്ങും, വീണ്ടും രാവിലെ പണിക്കു പോകും. കടക്കാരനുമായി വിലപെരുപ്പത്തെ കുറിച്ച് ജനാധി പഥ്യം കനിഞ്ഞരുളിയ സ്വാതന്ത്ര്യം വെച്ച് ഭരിക്കുന്നവരെ കുറ്റം പറയും.

ഇതിലൊന്നും ശ്രദ്ധിക്കാതെ ഭരണക്കാര്‍ തങ്ങളുടെ സ്വത സിദ്ധമായ വിവാധങ്ങലുമായി മീഡിയയില്‍ ചര്‍ച്ചകളുമായി നിറയും. ജനം എല്ലാം മറന്നു അവയ്ക്ക് വേണ്ടി കാത്തു കൂര്‍പ്പിക്കും. മന്ത്രി വാഹനങ്ങള്‍ റോട്ടിലൂടെ കുതിച്ചു പോകും, പിന്നാലെ പോലീസും പോകും.....




പീഡന കഥകള്‍, അഴിമതികഥകള്‍, അങ്ങിനെ പലവിധ കഥകള്‍ കേള്‍പ്പിച്ചു അഞ്ചു വര്ഷം കാതു കൂര്പിച്ചു, കൂര്പിചിരിക്കെ കടന്നു പോകും....
_________________________
വെളിപാട്: രണ്ടു രൂപയ്ക്കു അരി കൊടുക്കും !


കൃഷിയെ കെട്ടുകെട്ടിച്ചു കൃഷി ഭൂമി തരിശാക്കി, അപാര്‍ത്മെന്ടു വിലയിപ്പിക്കുന്നതിന്റെ മൂര്‍ധന്യാവസ്തയില്‍ ആണ്, സമൃദ്ധമായി ഇതൊക്കെ കിട്ടുമായിരുന്ന കാലത്തില്ലാത്ത ഇളവു ജനങ്ങള്‍ക്ക്‌ കൊടുക്കുമെന്ന് പറയുന്നത് ! ഇതുകേട്ടപാതി കേള്‍ക്കാത്ത പാതി പ്രതിപക്ഷ വാഗ്ദ്ധനാവും വന്നു. ഞങ്ങളും കൊടുക്കും രണ്ടു രൂപയ്ക്കു അരി !!!


അല്ല അറിയാന്‍ പാടില്ലാന്ജീട്ടു ചോദിക്കുവ ! ഈ അരി കോരി കൊടുക്കുവാന്‍ എന്തിനാ നമുക്ക് കുറെ പാര്‍ടികള്‍. എല്ലാര്‍ക്കും കൂടി ഒന്ന് പോരെ ! ഒരു പാര്‍ടി. കുറെ നല്ലവരായ ജന പ്രധിനിധികള്‍, നന്നായി കാര്യങ്ങള്‍ ചെയ്യാത്തവരെ മാത്രം പുറത്താക്കുന്ന ഒരു ജനാധിപത്യം ഈ ഒരു പാര്‍ടി ചെയ്തു, നല്ലവരെ ത്രെഞ്ഞെടുക്കാനുള്ള ഒരു സാഹചര്യം എത്ര ചെലവ് കുറയ്ക്കും, എത്ര സംഘര്‍ഷങ്ങള്‍ കുറയ്ക്കും...


ഒരു കേരളം, ഒരു ജനപക്ഷ രാഷ്ട്രീയം, അത് പോരെ ?
__________
രാഷ്ട്രീയം പറഞ്ഞു തല്ലു പിടിക്കുന്ന ഹരം വേറൊന്നിനും കിട്ടാത്തത് കൊണ്ട് അത് വേറെ എവിടെയെങ്കിലും പോയി പറ..!!!

24 ഏപ്രിൽ 2011

എന്‍ഡോസള്‍ഫാന്‍ !

  • കീടനാശിനികള്‍ നിരോധിക്കുക !
  • ജൈവിക കൃഷി യിലേക്ക് കൃഷിയെ തിരിച്ചു വിടുക.
  • ജൈവിക വിത്തുകളെ സ്വതന്ത്രമാക്കുക.
  • രാസ-വിഷ മുക്തമാക്കി പരിസ്ഥിതിയെ സംരക്ഷിക്കുക.
  • രാസവള അധിനിവേശത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കുക.
  • രാസമുക്തമായ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുക.
  • കൃഷിഭൂമി കൃഷിക്കാര്‍ക്ക് നല്‍കുക.
  • ജൈവിക കൃഷിയെ പ്രോത്സാഹിപ്പിക്കുക ________________________________
    ഇന്ത്യയെന്ന് കേട്ടാല്‍ അഭിമാന
    പൂരിതമാകണം അന്ത:രംഗം!     കേരളമെന്നു കേട്ടാലോ തിളക്കണം.......
എന്ടോ സള്‍ഫാന്‍ നിരോധിക്കേണ്ടത് കേരളത്തിന്റെ മാത്രം കാര്യമല്ല ഇന്ധ്യയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ വേണ്ടിയാണ്.
ലോകത്തിനു വേണ്ടിയാണ്.
______________

എന്‍ഡോസള്‍ഫാന്‍ ! മാരകമായ ഈ കീടനാശിനി വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ ഉപയോഗിക്കപെട്ടപ്പോള്‍ അതിനു അനുമതി നല്‍കിയ "പ്രജാ ക്ഷേമ തല്‍പരരായ" അധികാരികള്‍ എന്ത് കൊണ്ട് അതുണ്ടാക്കുന്ന ദുരന്തത്തെ കുറിച്ച് അറിയാതെ പോയി ! ഒരു പ്രദേശത്തെ മനുഷ്യര്‍ അതിന്റെ ഇരകളായി കണ്മുന്നില്‍ ഉണ്ടായിട്ടും അതിനെ ലാഘവത്തോട്‌ കൂടി കൈകാര്യം ചെയ്യുന്നതിന്റെ പിന്നിലെ ചേതോ വികാരം എന്താണ്. ഇരകളുടെ ആര്‍ത്തനാദം കേള്‍ക്കാതെ പോകുന്നതിന്റെ പിറകിലെ സമവാക്ക്യം എന്താണ് !


ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപെട്ടവര്‍ അവര്‍ക്കെതിരായി രൂപം മാറുന്നതിന്റെ "പ്രജാക്ഷേമ" താല്പര്യം എന്താണ് ! മാരകമായ രോഗത്തിനും, നവജാത ശിശുക്കളുടെ വികൃതമായ രൂപങ്ങള്‍ക്കും പിറകിലെ കാരണം വ്യക്തമാക്കപെട്ടിരിക്കെ എന്‍ഡോ സള്‍ഫാന്‍ "പ്രജാക്ഷേമ" താല്‍പര്യങ്ങളില്‍ ഇടം പിടിക്കുന്നതിന്റെ രാഷ്ട്രീയ-രസതന്ത്രം ഇനിയെങ്കിലും പുറത്തു വരേണ്ടിയിരിക്കുന്നു.


അഴിമതി സാര്‍വത്രികമായിരിക്കുന്നു. കോഴ കഥകള്‍ പറഞ്ഞു മീഡിയയുടെ നാവു കുഴഞ്ഞിരിക്കുന്നു. വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. കോടികള്‍! ലക്ഷം കോടികള്‍ ! ഇവ അടുക്കി വെച്ച് രാഷ്ട്രീയം കളിക്കുമ്പോള്‍ തങ്ങളെ തെരെഞ്ഞെടുതയച്ച ജനങ്ങളുടെ ജനാധിപത്യ സ്വപനങ്ങളെ വിസ്മരിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ !
മാരകമായ കീടനാശിനിയെന്നു കണ്ടെത്തി 74 രാജ്യങ്ങളില്‍
നിരോധിചിരിക്കെ എന്ത് കൊണ്ട് ഇപ്പോഴും നമ്മുടെ നാട്ടില്‍ എന്‍ഡോസള്‍ഫാന്‍ !!!!
അധികാരികളുടെ കാഴ്ചകള്‍ക്ക് എന്ത് പറ്റി ? ജനങ്ങളുടെ രോദനം ഇവര്‍ കേള്‍ക്കാതതെന്തു ? ഇവരുടെ കേള്‍വിക്ക് എന്ത് പറ്റി ??


മനുഷ്യരെ ബലി കൊടുത്തു എന്ത് പ്രജാക്ഷേമാമാണ് അധികാരികള്‍ ജനങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കുന്നത്‌. എന്പതു ശതമാനവും ദാരിദ്ര്യത്തില്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ ടണ്‍ കണക്കിന് ഭക്ഷ്യ ധാന്യം ഉപയോഗശൂന്യമാക്കിയ ജനാധിപത്യ വ്യവസ്ഥിതിയാണ് എന്‍ഡോ സല്ഫാനിലൂടെ ജനങ്ങളെ സേവിക്കുന്നത്. കൃഷിയുടെ പേര് പറഞ്ഞു കീടനാശിനി തളിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ !
മനുഷ്യന്റെ രോദനം കേള്‍ക്കാത്ത ഈ കീടനാശിനിയുടെ നമ്മുടെ നാട്ടിലെ നിലനില്‍പ്പിനു പ്രേരകമായ രാഷ്ട്രീയ-കെമിക്കല്‍ ഫോര്‍മുലയുടെ ശക്തി എന്തായിരിക്കും..? മനുഷ്യനെ കീടമാക്കുന്ന ഈ വിഷം ഇനിയെങ്കിലും ഉപയോഗിക്കല്ലെയെന്നു ഒരു ജനത അധികാരികളുടെ മുമ്പില്‍ ഉറക്കെ വിളിച്ചു പറയുമ്പോള്‍ കേള്‍ക്കാതെ പോകുന്ന ജനാധിപത്യത്തിലെ പ്രജാക്ഷേമ നിര്‍വചനം വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്ന് കരുതാം.


ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ ശ്രീനിവാസന്‍ കഥാപാത്രമായ ഒരു രംഗം :
സ്വന്തം കച്ചവട സ്ഥാപനത്തിലേക്ക് ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുമ്പോള്‍ "തനിക്കു എത്ര ശതമാനം കമ്മീഷന്‍" കിട്ടുമെന്ന് ചോദിക്കുന്ന സ്ഥാപന ഉടമസ്ഥന്റെ ചോദ്യം !

നമ്മളെ ഭരിക്കാന്‍ വേണ്ടി നമ്മള്‍  തെരെഞ്ഞെടുതവരിലൂടെ പുറത്തു വരുന്ന കോഴ കഥകളുടെ ഫ്ലാഷ് ബാക്കുകളില്‍ അവസാനിക്കുന്നത് വൈരുധ്യം തോന്നുന്ന ശ്രീനിവാസന്റെ അതെ ചോദ്യമാണ് ! 
ലാഭം മുന്നില്‍ കണ്ടു കീടനാശിനികള്‍ തെളിക്കുമ്പോള്‍ കരിഞ്ഞു പോകുന്നത് മനുഷ്യരും, പ്രകൃതിയുടെ ജീവന വ്യവസ്ഥയുമാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍  ഗ്രസിച്ചിരിക്കുന്ന അഴിമതിയെ ഉന്മൂലനം ചെയ്യാനുള്ള "എന്‍ഡോ സല്ഫാനാണ്" ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള സര്‍ക്കാര്‍ ഉപയോഗിക്കേണ്ടത്, അതിനാണ് ഉത്സാഹം കാണിക്കേണ്ടത് !!
അതൊക്കെ തല്‍ക്കാലം മറക്കാം...
 എന്‍ഡോസള്‍ഫാന്‍ !
ഇനിയെങ്കിലും ഇരകളുടെ ശബ്ദം കേള്‍ക്കൂ.....
മാരകമായ കീടനാശിനികള്‍ നിരോധിക്കൂ !
___________________________________
""മനുഷ്യന്റെ കരങ്ങള്‍ തന്നെയാണ് ഭൂമിയില്‍ നാശമുണ്ടാക്കുന്നത്"" ! (കുര്‍ആന്‍ )

11 ഏപ്രിൽ 2011

ഇലക്ഷനും , അണ്ണാ ഹസാരെയും, പിന്നെ ജനങ്ങളും...!



പതിവ് പോലെ ഇക്കുറിയും ജനങ്ങള്‍ തങ്ങളുടെ അവകാശം വിനിയോഗിക്കും..
പതിവ് പോലെ ഭൂരിപക്ഷം കിട്ടുന്ന രാഷ്ട്രീയം അധികാരത്തില്‍ വരും.
ഭൂരിപക്ഷം കിട്ടാത്തവര്‍ അവസരം പോയതില്‍ ദുഖിച്ചു
 അടുത്ത അവസരത്തിന് വേണ്ടി
അക്ഷമയോടെ പ്രതിപക്ഷത്തിരിക്കും....


ഭരിക്കുന്നവരില്‍ ചിലര്‍ വിവാദങ്ങളായി വാര്‍ത്തയില്‍ നിറയും. മീഡിയ ചൂട് പിടിക്കും. വ്യക്തി വീക്നെസ്സുകള്‍, മാന്തിയെന്നും, തോന്ടിയെന്നും, ഐസ്ക്രീമെന്നും ഒക്കെ പറഞ്ഞു അസംബ്ലി നിറഞ്ഞു പുറത്തേക്കു വരും.. പിന്നെ ജനങ്ങള്‍ കാഴ്ച്ചക്കാരാവും, കേള്വിക്കാരാകും. അവരുടെ പ്രശ്നങ്ങള്‍ മറക്കും, നാടിന്റെ വികസന കാര്യത്തെ മറക്കും.. അങ്ങിനെ അങ്ങിനെ വീണ്ടും അഞ്ചു വര്ഷം വിവാദ വാര്‍ത്തകള്‍ കേട്ട് അടുത്ത ഇലക്ഷന്‍ വരും...
__________


ജനങ്ങള്‍ പതിവുപോലെ തങ്ങള്‍ക്കു ബോണസ്സായി കിട്ടുന്ന വിലവര്‍ധന പതിവ് പ്രതിഭാസം പോലെ സീകരിക്കും..


പെട്രോള്‍ ചാര്‍ജ്ജു വര്‍ധന വരും, അത് കേട്ട് ചരക്കു കൂലി വര്‍ധിക്കും, അത് കണ്ടു നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക്‌ നേരെ കണ്ണ് തുറിപ്പിക്കും..


പണി ചെയ്തു കിട്ടിയ കൂലി മുഴുവനോടെ അവ വിഴുങ്ങും. കാശ് തീര്‍ന്നു ഞരമ്പുകള്‍ വലിഞ്ഞു മുറുകി കണ്ണ് തുറിച്ചു ഇങ്ങിനെ പോയാല്‍ എങ്ങിനെ ജീവിക്കും എന്ന് പിറുപിറുക്കും..


തൊഴിലില്ലായ്മ പതിവ് പോലെ തൊഴിലൊന്നുമില്ലാതെ അലഞ്ഞു നടക്കും. ഇടയ്ക്കു കിട്ടുന്ന പ്രകടന മഹോല്സവങ്ങളില്‍ അവര്‍ തങ്ങളുടെ ഊര്‍ജ്ജം ഫ്രീയായി ജയ്‌ വിളിച്ചു തീര്‍ക്കും. നേതാക്കന്മാരുടെ പ്രസംഗം കേട്ട് കയ്യടിച്ചു പിരിഞ്ഞു പോകും.. അങ്ങിനെ പല സംഘടനകള്‍, അവിടെ ഓരോന്നിലും ജനങ്ങള്‍.. ആയിരങ്ങള്‍, പതിനായിരങ്ങള്‍, ലക്ഷങ്ങള്‍ എന്നൊക്കെ പറഞ്ഞു ഒരുപാട് മനുഷ്യ ഊര്‍ജ്ജങ്ങള്‍ തേരാ പാരാ തൊഴിലോന്നുമില്ലെന്ന് പറയുന്ന രീതിയില്‍ ഈ കൂട്ടങ്ങളില്‍ നടക്കുന്നുണ്ടാകും..


___________


അണ്ണാ ഹസാരെ പറഞ്ഞപ്പോഴാണ് എല്ലാരും കണ്ണ് തുറന്നത്.


എവിടെയൊക്കെയോ കേട്ടീട്ടുണ്ട്, അഴിമതി എന്ന്. പക്ഷെ അത് ഇങ്ങിനെയാണെന്ന് അറിഞ്ഞത് ഇപ്പോഴാനെന്നു തോന്നുന്നു. റിയാലിറ്റി ഷോ ചാനലുകളില്‍ ഇട്ടു കൊടുത്തു എസ് എം എസ് അയച്ചിരിക്കുന്ന ജനങ്ങള്‍ക്ക്‌ അഴിമതി യുടെ ആഴം മനസ്സിലാകാന്‍ കാലം കുറെ പിടിച്ചു..


ഇനി എന്ത് പരിഹാരം !


ഇലക്ഷന്‍ വന്നു.. ആരെ തെരഞ്ഞെടുക്കും.. വര്ഘീയ മുഖമില്ലാത്ത, അഴിമതിയുടെ കര പുരളാത്ത ഒരു വ്യക്തിയെ, രാഷ്ട്രീയത്തെ കുറിച്ച് പറയൂ.....

ജനങ്ങള്‍ക്ക്‌ വേണ്ടി, നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ഭരണത്തെ സമര്‍പ്പിക്കുന്ന, വൈകാരിക രാഷ്ട്രീയം അന്യമായ, ജനങ്ങളുടെ വികസന രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന ഒരു ഭരണത്തെ സ്വപ്നം കണ്ടു
വോട്ടു കൊടുക്കണം എന്ന് ചുരുക്കി പറയുന്നു അണ്ണാ ഹാസാരെയുടെ നാടിന്റെ രാഷ്ട്രീയം.

....
അപ്പൊ നിങ്ങടെ വോട്ടു !!!