04 നവംബർ 2012

മലയാള ഭാഷ തന്‍ മാദകഭംഗി !


'മലയാള ഭാഷ തന്‍ മാദക ഭംഗിയില്‍ മലര്‍ മന്ദഹാസമായ് വിരിയുമ്പോള്‍......' പാട്ടിന്റെ വരികളില്‍ മലയാളത്തിന്റെ മോഹിപ്പിക്കുന്ന മാദക ഭംഗിയെ പറ്റിയുന്ടെങ്കിലും അതിന്റെ പിറകെ മണത്തു പോകാന്‍ മാത്രം അത്ര മാദകത്വമോന്നും ഇതുവരെ ഭരണ ഭാഷയ്ക്ക്‌ വരെ തോന്നിയിട്ടില്ല. ആംഗലേയം ബികിനിയിട്ടു മോഹിപ്പിക്കുന്നത് കൊണ്ടായിരിക്കണം മലയാളത്തെ വിട്ടു ഭരണഭാഷയും, കോടതി ഭാഷയും,ഒക്കെ ആംഗലേയത്തിന്റെ പിറകെ  തങ്ങളുടെ വികാരം പങ്കു വെക്കുന്നത്. ബിഫോര്‍ ദ ഓണരബ്ള്‍ മിനിസ്ടെര്‍, ബിഫോര്‍ ഹിസ്‌ എക്സെലെന്‍സി , ബിഫോര്‍ ദ ഹോനരബ്ള്‍ ജസ്റ്റിസ് ....എന്നൊക്കെ കോള്‍മയിര്‍ കൊള്ളാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആംഗലേയത്തില്‍ എന്താണ് പറയുന്നതെന്നോ, എന്താണ് തങ്ങള്‍ക്കു വേണ്ടി എഴുതി കൊടുക്കുന്നതെന്നോ കോടതിയില്‍ കയറി ഇറങ്ങുന്ന ഒരു ശരാശരി മലയാളിക്ക് മനസ്സിലാകണമെങ്കില്‍ അതിയാന്‍ ഇംഗ്ലീഷ്‌  മീഡിയത്തില്‍ പഠിച്ചിരിക്കണം. അല്ലാത്തവര്‍ കോടതി കൂടുമ്പോള്‍ കോടതിയുടെ മുഖത്ത് കണ്ണ് തുറിച്ചു നോക്കും ! നീതിപീടവും, അഭിഭാഷകരും ഇംഗ്ലീഷ്‌  പറയുമ്പോള്‍ ഇംഗ്ലീഷ്‌  അറിയാത്ത കക്ഷികള്‍ മലയാളം കേള്‍ക്കുന്നത് വരെ കണ്ണ് മിഴിച്ചു നില്‍ക്കും. അത് ഓരോ കോടതിയിലെയും സ്ഥിരം കാഴ്ചയാണ് ! അതല്ലെങ്കില്‍ തന്നെ കേരളത്തിലെ മൊത്തം എഴുത്ത് കുത്തുകള്‍ എടുത്തു നോക്കിയാല്‍ ഭൂരിഭാഗവും ഇന്ഗ്ലീഷില്‍ തന്നെയാകാനാണ് സാധ്യത !

ഇടയ്ക്കിടയ്ക്ക് മലയാള സ്നേഹം എഴുനേറ്റു വരും. ഇപ്പോള്‍ തന്നെ ഭരണ ഭാഷ മൊത്തം മലയാളമാക്കും എന്നൊക്കെ കേള്‍പ്പിക്കും. ഇതൊക്കെ വിളിച്ചു പറയുമ്പോള്‍ തന്നെ "സെക്രെടെറിയറ്റ്" അങ്ങിനെ തന്നെ നില്‍ക്കും! തമിഴ്ന്നാട്ടിലെ പോലെ പാര്‍ട്ടി പേരുകള്‍ വരെ എല്ലാം തമിഴാക്കുന്ന സാക്ഷരത ഇവിടെ ആയിട്ടില്ല. തമിഴിനു അവിടെ മുന്നേറ്റ കഴകം ഉണ്ടെങ്കില്‍ ഇവിടെ പിന്നേറ്റ കഴകമാണ് മലയാള ഭാഷക്ക് !അല്ലെങ്കിലും എന്തിനു മലയാളത്തെ, അല്ല മലയാളിയെ പഴി പറയണം !
ഞാന്‍ മലയാളമേ സംസാരിക്കൂ എന്നാ ബോധം ഉന്നത സംസ്കാരമാനെന്നു സമ്മതിക്കാന്‍ മലയാളിക്ക് കഴിയില്ല. ഇന്ഗ്ലീഷില്‍ രണ്ടു ഡയലോഗ് വിട്ടാലേ കാര്യം നടക്കൂ എന്നിടത്താണ് കേരളത്തിലെ കാര്യങ്ങളും കാര്യാലയങ്ങളും ! ടിവി അവതാരകര്‍ മലയാളികള്‍ക്ക് വേണ്ടി കണ്ടുപിടിച്ച മംഗ്ലീഷ് ഭാഷ മലയാളത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. അതിനിടക്കാണ് തങ്ങളുടെ ഭാഷ അന്യം നിന്ന് പോകുമല്ലോ എന്നാ ശങ്കയില്‍ മാതൃ ഭാഷയോടുള്ള സ്നേഹം ഭരണകൂടത്തില്‍ നിന്നും കേരള പിറവിയില്‍ ഉയരുന്നത്. 


മലയാളത്തിനു ഒരു സര്‍വകലാശാല ! അത് കേട്ട് സര്‍ക്കാര്‍ സ്കൂളില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുയായിരുന്ന മലയാളം ഞെട്ടിയോ  ! ഇംഗ്ലീഷ്‌ പഠിക്കാന്‍ ഓടുന്ന മലയാളി പിന്തിരിഞ്ഞു നിര്‍വികാരതയോടെ നോക്കിയോ  ! നോക്കിയിട്ടുണ്ടാകും.ജനിക്കുന്നത് തന്നെ ഇംഗ്ലീഷ്‌ പഠിക്കാനെന്ന പോലെയാണ് ഇംഗ്ലീഷ്‌ മീടിയങ്ങള്‍ പകര്‍ച്ച വ്യാധി പോലെ പടരുന്നത്. ഭാഷ പടിക്കല്‍ നല്ലത് തന്നെ. പരസ്പരം ആശയങ്ങള്‍ മനസ്സിലാക്കാനുള്ള മീഡിയ യാണ് ഭാഷ. അപ്പോള്‍ സംസാരിക്കാന്‍ ഭാഷ വേണം. 

രണ്ടു മലയാളികള്‍ കണ്ടാല്‍ മലയാളം വിട്ടു ഇംഗ്ലീഷ്‌ സംസാരിക്കുന്നതിന്റെ 'ഗുട്ടന്‍സ്' ആണ് ഇംഗ്ലീഷ്‌ മീടിയങ്ങള്‍ ! ഇംഗ്ലീഷ്‌  നല്ലൊരു കണ്സൂമാര്‍ പ്രോടക്റ്റ് ആണെന്ന് കണ്ടുപിടിച്ച വിദ്വാനെ അഭിനന്ദിക്കണം ! വാസും ഈസും എവിടെ വെക്കണമെന്ന് പഠിക്കുന്നതിനു ആയിരങ്ങള്‍ ചിലവഴിക്കാന്‍ മലയാളി തയ്യാര്‍ ! ഇതിലൊന്നും ഇത്ര കാര്യമില്ലെന്ന് ഇതൊക്കെ നടത്തുന്നവര്‍ക്ക് അറിയാമെങ്കിലും ഇംഗ്ലീഷ്‌ എന്ന് കേട്ടാല്‍ അന്തരംഗം പിടക്കുന്ന മലയാളിക്ക് മുമ്പില്‍ മലയാളി തന്നെ ടൈയും കെട്ടി വാസും, ഈസും പറഞ്ഞു ഫീസ്‌ വസൂലാക്കും ! 

മലയാളം സര്‍വകലാശാല വന്നാല്‍ മലയാളം പച്ച പിടിക്കും, പച്ച പിടിക്കണം ! ഡോക്ടര്‍മാരും, മെഡിക്കല്‍ റെപ്കളും, അഭിഭാഷകരും, കോടതിയും എല്ലാം മലയാളത്തില്‍ ആശയ വിനിമയം നടത്തട്ടെ ! അങ്ങിനെ എല്ലാവരും മലയാളം സംസാരിക്കട്ടെ ! പക്ഷെ ഇങ്ങിനെയായാല്‍ 
ഇംഗ്ലീഷ്‌  അന്യം നിന്ന് പോകില്ലേ എന്നൊക്കെ ഇന്ഗ്ലീഷിനെ പ്രൊമോട്ട് ചെയ്യുന്ന ഇംഗ്ലീഷ്‌ മീഡിയങ്ങള്‍  തലയില്‍ കൈവെക്കാം  ! കടമെടുത്തായാലും ഇംഗ്ലീഷ്‌മീടിയത്തിലേക്ക് പറഞ്ഞയക്കുന്ന ഒരു വിദ്യാഭ്യാസ സംസ്കാരത്തില്‍ നില്‍ക്കുന്ന കേരളത്തെ അങ്ങിനെയൊരു സംസ്കാരത്തില്‍ നിന്നും മലയാളത്തിലേക്ക് മാറ്റി പണിയാതെ സര്‍വകലാശാല ഉണ്ടാക്കിയത് കൊണ്ട് കാര്യമുണ്ടാകുമോ എന്നറിയില്ല. ഇംഗ്ലീഷ്‌മീടിയങ്ങളില്‍ നിന്നും മലയാള മീടിയങ്ങളിലേക്ക് ഒരു പരിണാമമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യം ഉണ്ടായി തീരെണ്ടാത്. ഇംഗ്ലീഷ്‌  വിദ്യാഭ്യാസമെന്നു പറഞ്ഞു ഒരു സമൂഹത്തെ ചൂഷണം ചെയ്യാന്‍ ഭാഷയെ കച്ചവടം ചെയ്തു ലാഭമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പിക്കെണ്ടാതുണ്ട്. വിദ്യാഭ്യാസത്തിന്റെ മീഡിയ മലയാളവും, ഇന്ഗ്ലീഷിനെ സെകണ്ടരി ഭാഷ എന്നാ നിലയിലും കാണുന്ന വിദ്യാഭ്യാസ രീതിയിലൂടെ മാത്രമേ ഉന്നതമായ ചിന്തകളും, സംസ്കാരവും ഉള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ. അതല്ലായെങ്കില്‍ സര്‍വകലാശാല കൊണ്ട് പുതിയ മാര്‍ക്ക് ചോര്‍ത്തല്‍ വിവാദങ്ങള്‍ ഉണ്ടാക്കാം എന്നല്ലാതെ മറ്റൊന്നും സമൂഹത്തിനു പ്രതീക്ഷിക്കാന്‍ കഴിയില്ല...***

1 അഭിപ്രായം:

Jomy Jose പറഞ്ഞു...

മലയാളത്തെ രക്ഷിക്കുന്നതിന് ചില പ്രായോഗിക മാര്‍ഗങ്ങള്‍ :

1.സര്‍വകലാശാലതലം വരെ വിദ്യാഭ്യാസം മലയാളത്തിലാക്കും

2. വിവാഹ ക്ഷണ കത്തുകള്‍ മലയാളത്തില്‍ അച്ചടിക്കുക
3.കോടതികളില്‍ വിനിമയങ്ങള്‍ മലയാളത്തില്‍
4. ഭരണ ഭാഷ ( ഭരണം ജനങ്ങളുടെ ഭാഷയിലാവണം)

5.കേരളത്തിലെ പൊതു ഗ്രന്ഥശാലകള്‍ സംരക്ഷിക്കുക

6.സര്‍ക്കാര്‍ രേഖകള്‍ മലയാളത്തില്‍ ആക്കുക

7.സര്‍ക്കാര്‍ ഓഫീസകള്‍,പൊതു മേഖല സ്ഥാപനങ്ങള്‍,സര്‍വകാലശാലകള്‍,ആശുപത്രികള്‍,കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളി ലെ ബോര്‍ഡുകള്‍ നിര്‍ബന്ധമായും മലയാളത്തിലേക്ക് മാറ്റുക

8. PSC പരീഷകള്‍ മലയാളികരിക്കുക.

9. മലയാളം ബ്ലോഗ്‌ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക

10.മലയാളം ഒരു പേപ്പര്‍ ആയി എല്ലാ ക്ലാസ്സിലും പഠിപ്പിക്കുക