13 മേയ് 2012

കുലംകുത്തുന്ന ഇടതു ഡാം !!

കമ്യൂണിസ്റ്റ് പാര്‍ടിയിലെ അഭ്യന്തര കലഹം കേവലം ഒരു പാര്‍ടി നേരിടുന്ന പ്രതിസന്ധിയല്ല. കേരള ജനതയ്ക്ക് തങ്ങളുടെ സത്വബോധത്തിന്റെ, രാഷ്ട്രീയത്തിന്റെ, അവകാശങ്ങളുടെ ആദ്യപാഠം പഠിപ്പിച്ചു കൊടുത്തു ചിന്താ മേഖലയെ സജീവമാക്കിയ തി ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ  പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. പക്ഷെ വിപ്ലവത്തിന്റെ ചരിത്ര സ്മൃതികള്‍ വഹിക്കുന്ന ഒരു പാര്‍ട്ടിയുടെ വര്‍ത്തമാന ചിത്രം അതിന്റെ അണികള്‍ക്ക് മുമ്പില്‍ പിടിക്കുമ്പോള്‍ ആദര്‍ശത്തിന്റെ അഭാവം അതില്‍ പ്രകടമാണ്.  രാഷ്ട്രീയ പാര്ടികലെല്ലാം മുതലാളിത്വതിന്റെ തടവറയില്‍ ആലസ്യതിലാകുമ്പോള്‍ വിപ്ലവ ചരിത്രങ്ങളൊക്കെ വെറും സ്മരണകളായി ആഘോഷിക്കപെടും !  അത്തരമൊരു ചരിത്രം കേരളത്തിന്റെ വര്‍ത്തമാന രാഷ്ട്രീയത്തിന് ആവശ്യമില്ലാത്ത വിധം  വികസനം മുഖ്യ അജണ്ടയായി അവതരിപ്പിക്കുന്നിടതാണ് പേരില്‍ മാത്രം വിത്യാസപെട്ടു നിലകൊള്ളുന്ന എല്ലാം രാഷ്ട്രീയവും.  

മാറി മാറി ഭരിച്ചിരുന്ന രണ്ടു പാര്‍ടികളില്‍ ഒന്നിന് ഉണ്ടാകുന്ന ബലക്ഷയം തീര്‍ച്ചയായും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്നതും കൂടിയാണ്. പിണറായിയും, വി എസും തമ്മിലുള്ള  വാഗ്വാദങ്ങള്‍ മീഡിയകള്‍ ആഘോഷിക്കുമ്പോള്‍ എരിതീയില്‍ എണ്ണ യൊഴിക്കുന്നവിധം എതിര്പാര്ടികള്‍ ഒരു പിളര്‍പ്പിനെ സ്വപ്നം കണ്ടു പ്രസ്താവനകള്‍ നടത്തുകയാണ്.   ക്രിക്കറ്റിലെ പോലെ കോഴ വിവാധമോന്നുമില്ലാതെ  മറു ടീം ഒരു സെല്‍ഫ് ഗോളില്‍ പൊട്ടണം എന്നാഗ്രഹിക്കുന്ന ഭരിക്കുന്ന പാര്‍ട്ടിയുടെ ആഗ്രഹത്തെ കുറ്റം പറയാന്‍ കഴിയില്ല. തുടര്‍ച്ചയായ അധികാരത്തിനു പ്രതിബന്ധമായി  ഉണ്ടായിരുന്ന ഒരു പാര്‍ട്ടി സ്വയം ദുര്‍ബലമാകുമ്പോള്‍ വലിയ വായില്‍  ചിരിച്ചു ഓണം ഉണ്ണുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ല. ആത്മാര്‍ഥത കുറച്ച്‌ ഉണ്ടെങ്കില്‍ ഒന്നുപദേശിച്ചു കൊടുക്കാം, തല്ലു പിടിച്ചു സ്വയം നശിക്കല്ലേ എന്ന് പറഞ്ഞു  ! പക്ഷെ അതിനേക്കാള്‍ വലിയ ഉരുള്‍പൊട്ടല്‍ ഭരണ പക്ഷത്ത് സാമുദായിക രൂപത്തില്‍ ഇടയ്ക്കിടയ്ക്ക് ഉരുണ്ടു കൂടുമ്പോള്‍ ഉപദേശിക്കാന്‍ ളോഹയിട്ട് പോവുന്നത് സ്വപ്നം കാണാന്‍ പോലും കഴിയില്ല.

ശക്തരായ ഒരു പ്രതിപക്ഷമാണ് ഭരിക്കുന്നവരെ ശരിയായ ഭരണം കാഴ്ച വെപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നതിന്റെയും, ഊര്‍ജ്ജം നല്‍കുന്നതിന്റെയും  അടിത്തറ ! ആ അടിത്തറ ഒന്ന് പൊളിഞ്ഞു പോയാല്‍  സംഭവിക്കുന്നത്‌ എന്താണെന്ന് പറയേണ്ടതില്ല! അഞ്ചു വര്‍ഷം ഇടവേളകളില്‍ മാറി വന്നിരുന്ന  ഭരണം കേരളത്തില്‍ അന്യമാക്കുന്ന രീതിയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ  അഭ്യന്തര കലാപങ്ങള്‍. പ്രത്യയ ശാസ്ത്ര നിലപാടുകളില്‍ നിന്നു നേതൃത്വം വളരെ അകന്നു പോയെങ്കിലും കേരള രാഷ്ട്രീയത്തില്‍ തങ്ങള്‍ സ്ഥാപിച്ചെടുത്ത സ്പേസിനെ നിസ്സാരവല്‍ക്കരിച്ചു കാണാന്‍ ആര്‍ക്കും കഴിയില്ല. മുതലാളിത്വത്തിനു മുഴുവനായോ, ഭാഗികമായോ ഇരയായി കൊണ്ടിരിക്കുന്ന കമ്യൂനിസതോടുള്ള പ്രതിബധതയെക്കാള്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പരിഗണിക്കേണ്ടത്. ഒരു വേള ജനങ്ങളോടൊപ്പം ഉണ്ടായിരുന്ന വിപ്ലവ പാര്‍ടി ഇന്ന് മറ്റു പാര്‍ടികളെ പോലെ നേത്രു താല്‍പര്യങ്ങളിലേക്ക് ചുരുങ്ങിയെന്നു വേണം കരുതാന്‍. ഞാനൊരു കമ്യൂനിസ്ടാണ് എന്ന് നേതൃത്വത്തില്‍ ആര്‍ക്കെങ്കിലും സ്വന്തം ജീവിതത്തെ ആദര്‍ശം കൊണ്ടു അടയാളപെടുത്തി   പറയാന്‍ കഴിയുമോ എന്ന ചോദ്യം ഈ കാലഘട്ടത്തില്‍ പ്രസക്തമാണോ എന്നറിയില്ല.  സമൂഹവും, പാര്‍ടിയും തമ്മിലുള്ള അകലം ആ ഉത്തരതിനെ ആശ്രയിച്ചാണിരിക്കുന്നത്  ! അസംഘടിതരായിരുന്ന തൊഴിലാളി വര്‍ഗ്ഗത്തെ മുന്‍ നിറുത്തി കൊണ്ടു ചോര നല്‍കി  മണ്ണില്‍ നിന്നുയര്‍ന്നു വന്ന ആദര്‍ശം ഇന്ന് തെരുവ് രാഷ്ട്രീയ ഗുണ്ടായിസതിലേക്ക് പരിണാമം സംഭവിചീട്ടുണ്ട്  എന്നാണ് ഒഞ്ചിയം പറയുന്നത് എങ്കില്‍ അതൊക്കെ തിരുത്തി ജനങ്ങളിലേക്ക് തിരിച്ചു വരാനുള്ള "ഗോള്‍ഡന്‍ ഒപ്പര്‍ചൂണിറ്റി "യാണ് പാര്‍ടിക്ക് മുന്നില്‍ ഇപ്പോഴുള്ളത്.  

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉരുള്‍പൊട്ടികൊണ്ടിരിക്കുന്ന  തര്‍ക്കങ്ങള്‍ മുല്ലപെരിയാര്‍ ഡാം വിഷയം പോലെയാണ്.    അണകെട്ടിന്റെ ഉറപ്പ് എത്ര ഉണ്ടെന്നതിനെ ആശ്രയിച്ചാണ് ഡാം പൊട്ടുമോ, പൊട്ടില്ലേ എന്ന് പറയാന്‍ കഴിയുക.  തര്‍ക്കങ്ങള്‍ കുലംകുത്തി  ഉയരുമ്പോള്‍ അത്‌ താങ്ങാനുള്ള ഉറപ്പിനെ ആശ്രയിച്ചിരിക്കും പൊട്ടല്‍. പൊട്ടിയാല്‍ പൊട്ടുന്നതിന്റെ ശക്തി അനുസരിച്ചു പലരും ഒലിച്ച് പോകും. അപ്പോള്‍ ബക്കറ്റില്‍ പിടിച്ചു വെച്ച വെള്ളത്തിനും ഒരു ചരിത്രം പറയാന്‍ ഉണ്ടാകും എന്ന വി എസിന്റെ പഴയ വചനത്തിനു അറം പറ്റും ! അങ്ങിനെ ഒരു ചരിത്രത്തെ മാത്രം ഓര്‍മിപ്പിക്കാന്‍ വേണ്ടി   ബാക്കിയാകേന്ടതല്ല കേരള രാഷ്ട്രീയത്തിലെ കമ്യൂണിസം എന്ന്  തീരുമാനിക്കേണ്ടത് അതിനെ നയിക്കുന്നവര്‍  തന്നെയാണ്. 
ശക്തമായ ഒരു ജനകീയ ബദലിന് മറ്റൊരു പാര്‍ട്ടിയും ഇല്ലാത്ത അവസ്ഥയില്‍ പ്രത്യേകിച്ചും ! വിധിയില്‍ വിശ്വാസമില്ലാത്ത കമ്യൂണിസത്തിന്റെ വിധി എന്താണെന്ന് കാത്തിരുന്നു കാണാം.

ഡാമില്‍ വിള്ളലുകള്‍ ഉണ്ടെങ്കില്‍ ആ വിള്ളലുകള്‍ വരാനുള്ള കാരണങ്ങളെ കുറിച്ചും, അത്‌ വളരാതിരിക്കാനുള്ള പോം വഴികളെ കുറിച്ചുമാണ്   അതിന്റെ പി ബി എക്സ്പെര്ട്ടീസ്   ചിന്തിക്കേണ്ടത്. സാമൂഹ്യ വിരുദ്ധമായ ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞു പുണ്യാഹം തെളിച്ചു പാര്‍ടിയെ ജനകീയമാക്കുകയാണ്  കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥക്ക്  ആരോഗ്യകരം.  അവയൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും  നടിച്ചു   വിള്ളലില്‍ കുന്തമെടുത്ത് കുത്തിയിളക്കി  നോക്കിയിട്ടാണ് പൊട്ടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഡാമിന്റെ ഉറപ്പ് നോക്കുന്നതെങ്കില്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു പാര്‍ടി "കുലം കുത്തി" എന്ന ഒറ്റ കാരണത്തിന്റെ  പേരില്‍  ഒലിച്ച് പോകുന്നത് കേരള ജനത കാണേണ്ടി വരും.  രാഷ്ട്രീയ മണ്ഡലത്തില്‍ അത്‌ കനത്ത പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും ! 

അഭിപ്രായങ്ങളൊന്നുമില്ല: