29 മേയ് 2012

ആരുണ്ടിവിടെ ചോദിക്കാന്‍ ?

സമയം ഇരുപത്തൊന്നാം നൂറ്റാണ്ടു ! ജാനാധിപത്യം പോലൊരു സ്ഥലം.   ജനങ്ങളാല്‍ തെരെഞ്ഞെടുക്കപെടുന്ന ജന പ്രതിനിധികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭരിക്കുന്നുവെന്നു  ഇടയ്ക്കു ഓര്‍ത്തെടുക്കുന്നു.     
നാലാംഎസ്റ്റെറ്റില്‍ പെട്ട ഒരു പെട്ടിക്കു മുമ്പിലിരുന്നു റിയാലിറ്റി ഷോ കണ്ടു കൊണ്ടിരിക്കുകയാണ് ആര് ഭരിച്ചാലെന്തു ഭരിച്ചില്ലെന്കിലെന്ത്, മുക്കിയാലെന്തു, മുക്കിയില്ലെന്കിലെന്ത്  എന്ന ജനം !  
വാര്‍ത്തകള്‍ ഇനി ഇവന്മാര് കേള്‍ക്കാനേ പാടില്ലെന്ന മട്ടില്‍ രാഷ്ട്രീയോം തര്‍ക്കോം കേള്‍പ്പിച്ച് കേള്‍പ്പിച്ച് ഫോര്‍ത്ത് എസ്റ്റേറ്റ്   ! 
അയ്യേ ദേ വാര്‍ത്ത എന്നു പറയിപ്പിച്ചു അടുത്ത ചാനലിലേക്ക് തവള കുളത്തിലേക്ക്‌ ചാടുന്ന പോലെ ജനങ്ങളെ  ചാടിപ്പിച്ചു കൊണ്ടിരിക്കുന്ന ടീവികള്‍  ആളുകളെ  പലതും കാണിക്കുന്നു   

ചാനലില്‍ നിന്നും ഒരു വാര്‍ത്ത ഒച്ചവെക്കുന്നു!
"രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും, വകവരുത്തിയും സിപിഎമ്മിന് ശീലമുന്ടെന്നു പാര്‍ടി ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. കൊല്ലെണ്ടവരെ  കൊല്ലുക തന്നെ ചെയ്യും. ഇനിയും കൊല്ലും"!!!

ഒരു രാഷ്ട്രീയ നേതാവിന്റെ വേദിയിലെ പ്രസംഗത്തിന് വെറി പിടിക്കുന്ന രംഗം ! ആക്ഷന്‍ സിനിമേലെ  ടയലോഗ് വാര്‍ത്തയില്‍ കേട്ടു ടി വി ഞെട്ടി. ഇതുവരെ കേള്‍ക്കാത്ത ജനാധിപത്യം കേട്ടു തലയുള്ളവരെല്ലാരും  ഒരു പോലെ ഞെട്ടുന്നു... !  പ്രതിയോഗിയായാലോ എന്ന് ഭാവന കണ്ടു കൊണ്ടിരുന്നവര്‍ക്ക് തങ്ങള്‍ക്ക് ഒരു നിമിഷം തലയില്ലാത്തത് പോലെ അനുഭവപെട്ടതായി തോന്നി 

വൈ ദിസ്‌ കൊലവെറി പാട്ടിനെ ഓര്‍മിപ്പിച്ചു കൊലവെറി താളത്തില്‍ തുടര്‍ന്നുള്ള വരികള്‍ ടീ വികള്‍ നിര്‍വികാരതയോടെ  ആവര്‍ത്തിച്ചു കൊണ്ടിരുന്നു. 

രണ്ടാം ക്ലാസീ  പഠിക്കുന്ന    മോള്‍ അടുത്തുണ്ടായിരുന്നു. പ്രസംഗവും, ശൈലിയും, ആളുടെ ഭാവവും  കണ്ടു അവള്‍ കണ്ണ് പൊത്തി. പത്തു വയസ്സുകാരന്‍ അത്‌ കേള്‍ക്കാന്‍ വയ്യാതെ റിമോട്ട് വാങ്ങി ചാനല്‍ മാറ്റി. 

രണ്ടാം ക്ലാസ്സ് കാരി എന്നോട് ചോദിച്ചു, എന്തിനാ ആ ചേട്ടന്‍ കൊല്ലുമെന്ന് ഒച്ചവെക്കണേ ?    നമ്മളെയൊക്കെ ഇവര്  കൊല്ലോ ????

"ഹേയ് ! അത്‌ രാഷ്ട്രീയ പ്രതിയോഗികളെ ! നമ്മളൊന്നും പ്രതിയോഗികള്‍ അല്ലല്ലോ ! 
പ്രത്യോഗീന്നു പറഞ്ഞാല്‍ ആരാ ?
"പ്രതിയോഗീന്നു പറഞ്ഞാ പാര്‍ട്ടീടെ താല്പര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവര്‍,  ആരായാലും അവരൊക്കെ പ്രതിയോഗീടെ ഗണത്തില്‍ പെടും. 
"അപ്പൊ അമ്പത്തൊന്നു വെട്ടേറ്റ് മരിച്ച  ആ ആന്റീടെ  ഭര്‍ത്താവ് പ്രത്യോഗി ആയിരുന്നോ ? 
അറിയില്ല !
എന്തിനാ ഇവര്‍ കൊല്ലുന്നെ ?
വെട്ടുമ്പോ കൊറേ ചോര വരില്ലേ ? 
അവര്‍ക്ക് വേദനിക്കില്ലേ...? 

ചോര വരും, വേദനിക്കും...! മരിക്കും...! 
അങ്ങിനെ ചെയ്യുന്നത് തെറ്റല്ലേ...? മരിച്ചു ചെല്ലുമ്പോള്‍ അവര്‍ക്ക് ദൈവം നരകം കൊടുത്തു  ശിക്ഷിക്കില്ലേ ?

രണ്ടാം ക്ലാസ്കാരീടെ ചോദ്യം ഈ നൂറ്റാണ്ടില്‍  തികച്ചും ന്യായം !

കൊലകള്‍ക്ക് കാരണമൊന്നും വേണ്ടാത്ത കാലം. അധികാരോം, പണോം, പിടിപാടും ഉണ്ടെങ്കില്‍ ബുഷു മുതല്‍ താഴെ ലോകല്‍ പാര്‍ടിക്കാര്‍ക്ക് വരെ കാരണമുണ്ടാക്കി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഇവിടെ  ശിക്ഷകളില്‍ നിന്നൊക്കെ രക്ഷപെടുന്ന വിധത്തില്‍   എന്തും ആവാം. 

നാഗസ്സക്കില്‍ ബോംബിട്ടില്ലേ, കുറെ ജീവനുകള്‍ പിടഞ്ഞ് ചാരമായി. ഇറാക്കില്‍ ലക്ഷങ്ങള്‍...അങ്ങിനെ രാജ്യങ്ങള്‍ മുതല്‍ ഇങ്ങു നമ്മുടെ  ഗ്രാമങ്ങള്‍, തെരുവുകള്‍...ചുവക്കുന്നു...! 

ഇരകളുടെ കരച്ചില്‍  ...വേട്ടക്കാര്‍ ചിരിക്കുന്നു....! 

മകള്‍  ചോദ്യം ആവര്‍ത്തിച്ചു, പറ, മരിച്ചു ചെല്ലുമ്പോള്‍ അവര്‍ക്ക് ദൈവം നരകം കൊടുത്തു  ശിക്ഷിക്കില്ലേ ?
ശിക്ഷിക്കും, ചെയ്ത തെറ്റുകള്‍ക്കൊക്കെയും ശിക്ഷയുണ്ട്, ഉണ്ടാകണം. അമ്പത്തൊന്നു വെട്ടിന്റെ വേദന ചെയ്തവര്‍ക്കും അവിടെ ഉണ്ടാകും ! ഇരകളൊക്കെ ദൈവത്തിന്റെ നീതിപീടത്തില്‍ സാക്ഷിയാകും. അതാണ്‌ പരമമായ നീതി. ഇവരോട് ദൈവം തന്നെ ചോദിക്കട്ടെ !

എന്നാലും ഇവര്‍  ഈ  കൊല്ലുന്നതാര്‍ക്ക് വേണ്ടിയാ ? ജനങ്ങള്‍ക്ക്‌ വേണ്ടിയാണോ ?? 
അറിയില്ല ! 
അറിയില്ലേ ?
ചോദ്യങ്ങളൊക്കെ മതി, എണീറ്റ്‌ പോയെ ടീവീടെ മുന്നീന്ന് ! 
രണ്ടാം ക്ലാസ്സ് കാരി എന്റെ ഭാവമാറ്റം കണ്ടീട്ടാവണം എണീറ്റു. 
തിരിഞ്ഞു നിന്നു ഒരു ചോദ്യം 
അപ്പൊ നമ്മള് ആ പാര്‍ട്ടിയാണോ ? 
ഹേയ് നമ്മള് ആ പാര്‍ടിയല്ല ! 
അല്ലെ ! പിന്നേത് പാര്‍ടി, പ്രതിയോഗിയാണോ ?

അഭിപ്രായങ്ങളൊന്നുമില്ല: