16 സെപ്റ്റംബർ 2012

കൃഷിഭൂമിയിലുള്ള ആക്രികച്ചവടങ്ങള്‍ !!

നാട്ടിലുള്ള ഭൂപ്രകൃതിയും, അതിന്റെ ഫല സമൃധിയെയും കുറിച്ചു അറിയാന്‍ എമെര്‍ജിംഗ് കേരള ഒരു നിമിത്തമായിരിക്കുന്നു. ഇത്ര കാലവും ഇതൊക്കെ നമ്മുടെ സംസ്ഥാനതുന്ടെന്നും, അതിലൂടെ നമുക്ക് വികസിക്കാന്‍ കഴിയുമായിരുന്നുവേന്നുമുള്ള പരോക്ഷമായ ഒരു സൂചനയാണ് ഭരണകൂടം നല്‍കുന്നത്. വിദേശത്ത് നിന്നും തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്‍ക്ക് നിക്ഷേപമിറക്കാന്‍ തയ്യാറായി വരുന്ന ചൈനയടക്കമുള്ള രാജ്യങ്ങളിലെ സ്ഥാപനങ്ങളും വ്യക്തികളും കേരളത്തിന്റെ പ്രകൃതിയെയും, വ്യവസായത്തിനും, കൃഷിക്കും അനുകൂലമായ ഘടകങ്ങള്‍ മനസ്സിലാക്കി തന്നെയാണ് വരുന്നതെങ്കില്‍ തങ്ങളെ വിശ്വസിച്ചു പിന്നില്‍ അണിനിരന്ന ഒരു ജനതയെ എന്ത് കൊണ്ടു അതിന് വളര്‍ത്തി കൊണ്ടു വരാനുള്ള പദ്ധതികള്‍ ആവിഷകരിക്കപെട്ടില്ല എന്ന് ഇനിയെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ കുമ്പസാരം നടത്തേണ്ടതുണ്ട്. മനുഷ്യ ഊര്‍ജ്ജത്തെ ഉത്പാദനത്തിനും, വരുമാനതിനും ഉപയോഗിക്കുന്ന സമയങ്ങള്‍ ബന്ദും ഹര്‍ത്താലും, പണിമുടക്കും, വഴി തടയല്‍ ആഘോഷങ്ങളും , പൊതു യോഗങ്ങളും, തങ്ങളുടെ രാഷ്ട്രീയ ശക്തി പരസ്പരം തെളിയിച്ചു സംതൃപ്തി അടയാനുള്ള ജില്ലാ സമ്മേളനങ്ങളും, സംസ്ഥാന സമ്മേളനങ്ങളും നടത്തി പാഴാക്കിയെന്നുവേണം പറയാന്‍. വികസനത്തെ അന്യമാക്കിയ രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന വിരുദ്ധ കലാപരിപാടികള്‍ സമൂഹത്തില്‍ നിന്നും മറച്ചു പിടിച്ചു കൊണ്ടാണ് അത്തരം കലാപരിപാടികള്‍ ഇല്ലാത്ത വികസിത രാഷ്ട്രങ്ങളിലെ നിക്ഷേപം ക്ഷണിച്ചു കൊണ്ടു വരുന്നത്.
അതിജീവനത്തിനായി തങ്ങളുടെ അറിവും, ക്രിയാശേഷിയും സ്വന്തം നാട്ടില്‍ പ്രയോജനപെടുതാനുള്ള അവസരങ്ങള്‍ നിഷേധിക്കപെടുന്ന സാഹചര്യം സൃഷ്ടിക്കപെട്ടപ്പോള്‍ പ്രവാസം എന്ന നിര്‍ബന്ധിതാവസ്ഥയാണ് മലയാളിക്ക് രാഷ്ട്രീയം സമ്മാനിച്ചത്‌. ആനാവശ്യ വിവാദങ്ങളും, രാഷ്ട്രീയ പോര്‍വിളികളും, സൃഷ്ടിക്കപെടുന്ന രാഷ്ട്രീയ, വര്‍ഗീയ സംഘട്ടനങ്ങളും നാട്ടിലെ വികസനതെയാണ് നൂറു വര്ഷം പിറകിലോട്ടു നയിച്ചത്. വിദേശ പണത്തിന്റെ നിറവില്‍ മാത്രം തെളിഞ്ഞു കാണുന്ന ഒരു റിയല്‍ എസ്റെറ്റ് വികസനത്തിന്റെ മുഖചായയിലാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. പ്രകൃതി കയ്യേറിയും , കൃഷി സ്ഥലങ്ങള്‍ നികത്തിയും, കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തി റിയല്‍ എസ്റെറ്റ് താല്പര്യങ്ങള്‍ അഴിഞ്ഞാടിയപ്പോള്‍ പോലും പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടു വരാന്‍ കഴിയാത്ത വിധമുള്ള സ്ഥായിയായ വികസനത്തെ തടയുകയായിരുന്നു അതൊക്കെ എന്ന് ഭരണകൂടം മനസ്സിലാക്കെണ്ടിയിരുന്നു. അധികാര സ്ഥാനതിരിക്കുന്നവരുടെ താല്പര്യങ്ങള്‍ അതിനൊക്കെ അനുകൂലമാകുന്ന രീതിയില്‍ ആയിരുന്നു എന്ന് കേരളം മനസ്സിലാക്കിയത് അതിന്റെ വളര്‍ച്ചയാണ്. പ്രകൃതി സമ്പത്ത് ഉപയോഗിക്കാതെ അതെല്ലാം നിഷ്ക്രിയമായി നില നിര്‍ത്തുന്ന ഒരു ജനതയെ തങ്ങളുടെ രാഷ്ട്രീയത്തിന് വേണ്ടി പരിപോഷിപ്പിക്കുകയായിരുന്നു എന്ന് തെളിയിക്കുന്ന രീതിയിലാണ് നവ വികസന താല്പര്യങ്ങള്‍ തെളിയിക്കുന്നത്. കേരളത്തെ വികസിപ്പിക്കാന്‍ ഒരു ജനതയുടെ ക്രിയാ ശേഷി മതി. പക്ഷെ ആ ക്രിയാ ശേഷി ഉപയോഗപെടുത്തുന്ന സാധ്യതകള്‍ മുന്നോട്ടു വെക്കുന്ന ഭരണകൂടവും, രാഷ്ട്രീയവുമാണ് ഇതിനായി ഉണ്ടായി വരേണ്ടത്. സുതാര്യവും അഴിമതിരഹിതവും, സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നതുമായ ഒരു ഭരണകൂടത്തിനു മാത്രമേ നാടിന്റെ സ്ഥായിയായ വികസനത്തെ നിര്‍മിക്കാന്‍ കഴിയൂ. വിദേശ നിക്ഷേപമില്ലാതെ വികസനം സാധ്യമാകുന്ന ചില സാഹചര്യങ്ങള്‍ ആദ്യം സൃഷ്ടിക്കപെടനം. 


സ്ഥായിയായ വികസനത്തിന്‌ പത്തു നിര്‍ദേശങ്ങള്‍:
1. വികസന കേരളം എന്ന ടൈറ്റിലില്‍ രാഷ്ട്രീയ ഭേദമന്യേ അഞ്ചു വരഷതെക്ക് ബന്ദ്‌ , ഹര്‍ത്താല്‍, പൊതു പണിമുടക്ക്‌, വരുമാനവും, ഉത്പാദനവും തടസ്സപെടുതുന്ന സമരങ്ങള്‍, വാഹന ഗതാകത തടസ്സപെടുതുന്ന രീതിയിലുള്ള പ്രതിഷേധങ്ങള്‍, റാലികള്‍ തുടങ്ങിയവ വികസനമെന്ന അജണ്ട മുന്നില്‍ വെച്ചു കൊണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയ ജനപക്ഷം ചേര്‍ന്ന് ഒഴിവാക്കണം. ജന വിരുദ്ധവും, വികസന വിരുദ്ധവുമായ അത്തരം പ്രതിഷേധങ്ങള്‍ക്ക് പകരം പ്രശ്ന പരിഹാരത്തിന്റെ സാധ്യതകള്‍ ലഭ്യമാകുന്ന രീതിയില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം. തങ്ങളുടെ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയിലേക്കും, വ്യവസായതിലെക്കും സജീവമാക്കുന്ന രീതിയില്‍ അനുയായികളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യണം.


2. തൊഴില്‍ മേഖലകളില്‍, ഉത്പാദന ക്ഷമമായ മാര്‍ഗ്ഗങ്ങളില്‍ മനുഷ്യ ഊര്‍ജ്ജം ചിലവഴിക്കപെടുന്നതിനു അവധി ദിവസങ്ങളില്‍ അല്ലാത്ത പൊതു പരിപാടികള്‍, മത, സാംസ്കാരിക രാഷ്ട്രീയ സമ്മേളനങ്ങള്‍, റാലികള്‍, പ്രതിഷേധ പരിപാടികള്‍ എന്നിവയൊക്കെ പകല്‍ സമയങ്ങളില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒഴിവാക്കണം. അത്തരം പരിപാടികള്‍ തൊഴിലിനേയും, ഉത്പാദനത്തെയും ബാധിക്കുന്നു എന്നത് കൊണ്ടു അവ നടത്തുന്നതിനുള്ള അനുമതി നിഷേദിക്കണം.
3. സര്‍ക്കാര്‍ ട്രഷരിയിലേക്ക് ലഭിക്കാനുള്ള നികുതിയടക്കമുള്ള എല്ലാ വരുമാനങ്ങളും ഓരോ വകുപ്പുകളിലും കൃത്യമായി എത്തുന്ന വിധം കാര്യക്ഷമമാക്കുക. കുടിശികകള്‍ സമയ ബന്ധിതമായി അടച്ചു തീര്‍ക്കുവാന്‍ നിര്‍ദേശം നല്‍കുക.
4. സ്വകാര്യ സംരംഭകര്‍ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്ന രീതിയില്‍ സംവിധാനം ചെയ്യുക. അടിയന്തിര നിര്ധേഷങ്ങള്‍ക്കും, സഹായത്തിനും ഹോട്ട്ലൈന്‍ സംവിധാനം പഞ്ചായത്തുകളിലും, ജില്ലകളിലും ഏര്‍പ്പെടുത്തുക. പഞ്ചായത്തുകളിലും, ജില്ലകളിലും "എമെര്‍ജിംഗ് പഞ്ചായത്ത്‌" എമെര്‍ജിംഗ് ജില്ല" എന്ന രീതിയില്‍ മത്സര ബുദ്ധിയോടെ വികസന നിക്ഷേപ, സാധ്യത, തൊഴില്‍ മേഖലകള്‍ക്കായി വേദികള്‍ വര്‍ഷംതോറും സംഘടിപ്പിക്കുക. പൊതു സമൂഹത്തെ ഉള്‍പെടുത്തി പ്രാദേശിക സാധ്യതകളെ ഉപയോഗിക്കാന്‍ കഴിയും വിധം വിവിധ മേഖലകളില്‍ പരിശീലനം നല്‍കുക.
5. കാര്‍ഷിക/വ്യവസായ ക്ലബ്ബുകള്‍ രൂപീകരിക്കുക. പ്രദേശത്തെ തരിശായി കിടക്കുന്ന കൃഷി ഭൂമികളെ കുറിച്ചും, അവിടെ ചെയ്യാന്‍ കഴിയുന്ന കൃഷികളെ കുറിച്ചും, കൃഷി ചെയ്യാന്‍ തയ്യാറുള്ളവരെ കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കുക. തൊഴില്‍ രഹിതരായ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുക. അവരുടെ ക്രിയാ ശേഷി വളര്‍ത്തുന്നതിനുള്ള പരിശീലന പരിപാടികള്‍ നടത്തുകയും, മേഖലകള്‍ പരിചയപെടുതുകയും ചെയ്യുക. കൃഷിയും വ്യവസായവും ചെയ്യാന്‍ ലഭിക്കുന്ന സഹായങ്ങളെ കുറിച്ചു കൃഷി ഓഫീസ് വ്യവസായ വകുപ്പ്, ബാങ്കുകളുമായി സഹകരിപ്പിച്ചു നിര്‍ദേശങ്ങളും, സഹായങ്ങളും ലഭ്യമാക്കുക.
6. ബ്ലേഡ്, സ്വകാര്യ പലിശ പണമിടപാട് സ്ഥാപനങ്ങളുമായി സമൂഹത്തിനു ബന്ധപെടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് ബാങ്കിംഗ് ഇടപാടുകള്‍ സുതാര്യമാക്കുക. അതെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക.
7. ഓരോ പഞ്ചായത്തിലെയും വീടുകളില്‍ തങ്ങളുടെ പറമ്പുകളില്‍ ചെയ്യാന്‍ കഴിയുന്ന കൃഷിയും അനുയോജ്യമായ വിത്തുകളും ലഭ്യമാക്കുന്നതിനു കാര്‍ഷിക വകുപ്പ് വഴി മൊബൈല്‍ വിത്ത് വിതരണം നടപ്പിലാക്കുക. അതിലൂടെ ജനങ്ങളില്‍ കാര്‍ഷിക വൃത്തിയോട് ആഭിമുഖ്യം വളര്‍ത്തുക.
8. ഉദാരമായ സമീപനവും, സേവന സന്നദ്ധതയും പ്രത്യേകിച്ചും കാര്‍ഷിക, വ്യ്വവസായ വകുപ്പുകള്‍ ജനങ്ങള്‍ക്കായി നല്‍കുക. മേലാധികാരികള്‍ അവയെ കുറിച്ചു ഫീഡ്ബാക്ക് ശേഖരിക്കുകയും ചെയ്യുക. അതിന് വേണ്ടി ഓരോ ഓഫീസുകളിലും തങ്ങളുടെ സര്‍വീസിനെ കുറിച്ചു ഉപബോക്താവ് നല്‍കുന്ന ഫീഡ്ബാക്ക് നോട്ട് ചെയ്യാന്‍ രെജിസ്ടര്‍ സൂക്ഷിക്കുക.
9. എല്ലാ ജില്ലകളെയും ബന്ധപെടുത്തി ഓരോ ജില്ലകളിലെ കാര്‍ഷിക, വ്യവസായ നിക്ഷേപ സാധ്യകളെയും, അവസരങ്ങളെയും, അവയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെയും കുറിച്ചു ത്രൈമാസ മാഗസിന്‍ പ്രസിദ്ധീകരിക്കുക. അതിലൂടെ സംസ്ഥാനത്തുള്ള സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കാന്‍ കഴിയും. പ്രാദേശികമായി ഉത്പാദിപ്പിക്കാനും, നിര്‍മിക്കാനും കഴിയുന്ന ഉലപ്പന്നങ്ങള്‍ക്കും, വസ്തുക്കള്‍ക്കും വിദേശ വിപണി കണ്ടെത്തുന്നതിനും, കയറ്റുമതി ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കുക. കേരളത്തിന്റെ ധാതു, ഖനിജ, ലവണ വിഭവങ്ങളുടെ രിസര്‍വിനെ കുറിച്ചും അവ ഉപയോഗപ്പെടുതാന്‍ കഴിയുന്ന വ്യവസായങ്ങളും, നിക്ഷേപതെയും പരിസ്ഥിതിക്ക് അനുകൂലവും, അനുയോജ്യവുമായ രീതിയില്‍ പരിചയപെടുതുക.
10. പ്രവാസികള്‍ക്ക് വേണ്ടി ഒരു ഒരു കോ ഒപരെട്ടീവ് സൊസൈറ്റി തുടക്കത്തില്‍ ഓരോ ജില്ലകളിലും സ്ഥാപിക്കുക. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പരിചയവും, പരിശീലനവും ലഭിക്കുന്ന തരത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ഭാവി പദ്ധതിക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ സീകരിക്കാനുള്ള സാഹചര്യവും, വ്യാവസായിക സാധ്യതകളും അംഗങ്ങള്‍ക്കായി പരിചയപെടുതുകയും നിര്‍ദേശിക്കുകയും ചെയ്യുക.


സംരംഭകരേയും നിക്ഷേപത്തേയും വികസനത്തേയും പ്രോത്സാഹിപ്പിക്കുന്ന ഒരു ചാലകശക്തിയായി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കണം.പ്രാദേശിക നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തീവ്രമായ പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും വേണം. സര്‍ക്കാരിന്റെ നിക്ഷേപ വിഭവശേഷി പരിമിതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭരണ കൂടം ജില്ലാ-പഞ്ചായത്ത് ഭരണാധികാരികളെ ഉള്‍പെടുത്തി പൊതുസ്വകാര്യ പങ്കാളിത്ത സമഗ്രവികസന പദ്ധതിക്ക് രൂപം നല്കണം. നോര്‍ക്കയുടെ കീഴില്‍ വിദേശ മലയാളികളുടെ പങ്കാളിത്വതോടെ ചെറുതും വലുതുമായ പദ്ധതികളെ ആവിഷ്കരിച്ചു നടപ്പിലാക്കുവാനുള്ള സാധ്യതകളെ ഉപയോഗപെടുത്തുക. സംസ്ഥാനത്തിന്റെ വികസനത്തിന്‌ സമവാക്ക്യങ്ങള്‍ സാക്ഷാല്‍കരിക്കുവാന്‍ നാട്ടിലെ നിക്ഷേപകര്‍ക്ക് അനുകൂലമായ ആത്മാര്‍ഥമായ നടപടികളും പ്രവര്‍ത്തനങ്ങളുമാണ് സുസ്ഥിരമായ ഒരു വികസനത്തിന്‌ ഏകമാര്‍ഗ്ഗം. ജനങ്ങള്‍ക്ക് അവരുടെ ഊര്‍ജവും കഴിവും പരമാവധി പരിപോഷിപ്പിക്കാനും ക്രിയാത്മകമായി വിനിയോഗിക്കാനും അവരവരുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് ജീവിതം നയിക്കാനും കഴിയുന്ന ഒന്നായിരിക്കണം യഥാര്‍ത്ഥത്തില്‍ വികസനം. പ്രകൃതിയെ സംരക്ഷിച്ചും പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിയും നിലവിലുള്ള ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ മാത്രമാണ് സ്ഥായിയായ വികസനം (സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ്) സാധ്യമാകുകയുള്ളൂ. ജനങ്ങളാണ് നാടിന്റെ യഥാര്‍ഥ സമ്പത്ത്. അത്‌ വിനിയോഗിക്കാനുള്ള തൊഴില്‍ മേഖലകളെ സ്ഥാപിക്കുകയും, സമൂഹത്തിന്റെ ഊര്‍ജ്ജം സ്വയം വളര്‍ച്ച പ്രാപിക്കുന്നത്തിനു ഉപയോഗിക്കുകയും ചെയ്യുന്ന പദ്ധതികളാണ് സമൂഹത്തിനായി എമെര്ജ് ചെയ്തു കേരളത്തില്‍ വരേണ്ടത്.

ആക്രിഭാഷണം : അമ്മാ, പളയ കംപൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, നോട്ബുക്കുകള്‍, ഹോസ്പിടല്‍ മാലിന്യങ്ങള്‍, ഇ-മാലിന്യങ്ങള്‍, എല്ലാം ഇവിടെ പോടും !

അഭിപ്രായങ്ങളൊന്നുമില്ല: