29 മേയ് 2012

ആരുണ്ടിവിടെ ചോദിക്കാന്‍ ?

സമയം ഇരുപത്തൊന്നാം നൂറ്റാണ്ടു ! ജാനാധിപത്യം പോലൊരു സ്ഥലം.   ജനങ്ങളാല്‍ തെരെഞ്ഞെടുക്കപെടുന്ന ജന പ്രതിനിധികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭരിക്കുന്നുവെന്നു  ഇടയ്ക്കു ഓര്‍ത്തെടുക്കുന്നു.     
നാലാംഎസ്റ്റെറ്റില്‍ പെട്ട ഒരു പെട്ടിക്കു മുമ്പിലിരുന്നു റിയാലിറ്റി ഷോ കണ്ടു കൊണ്ടിരിക്കുകയാണ് ആര് ഭരിച്ചാലെന്തു ഭരിച്ചില്ലെന്കിലെന്ത്, മുക്കിയാലെന്തു, മുക്കിയില്ലെന്കിലെന്ത്  എന്ന ജനം !  
വാര്‍ത്തകള്‍ ഇനി ഇവന്മാര് കേള്‍ക്കാനേ പാടില്ലെന്ന മട്ടില്‍ രാഷ്ട്രീയോം തര്‍ക്കോം കേള്‍പ്പിച്ച് കേള്‍പ്പിച്ച് ഫോര്‍ത്ത് എസ്റ്റേറ്റ്   ! 
അയ്യേ ദേ വാര്‍ത്ത എന്നു പറയിപ്പിച്ചു അടുത്ത ചാനലിലേക്ക് തവള കുളത്തിലേക്ക്‌ ചാടുന്ന പോലെ ജനങ്ങളെ  ചാടിപ്പിച്ചു കൊണ്ടിരിക്കുന്ന ടീവികള്‍  ആളുകളെ  പലതും കാണിക്കുന്നു   

ചാനലില്‍ നിന്നും ഒരു വാര്‍ത്ത ഒച്ചവെക്കുന്നു!
"രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും, വകവരുത്തിയും സിപിഎമ്മിന് ശീലമുന്ടെന്നു പാര്‍ടി ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. കൊല്ലെണ്ടവരെ  കൊല്ലുക തന്നെ ചെയ്യും. ഇനിയും കൊല്ലും"!!!

ഒരു രാഷ്ട്രീയ നേതാവിന്റെ വേദിയിലെ പ്രസംഗത്തിന് വെറി പിടിക്കുന്ന രംഗം ! ആക്ഷന്‍ സിനിമേലെ  ടയലോഗ് വാര്‍ത്തയില്‍ കേട്ടു ടി വി ഞെട്ടി. ഇതുവരെ കേള്‍ക്കാത്ത ജനാധിപത്യം കേട്ടു തലയുള്ളവരെല്ലാരും  ഒരു പോലെ ഞെട്ടുന്നു... !  പ്രതിയോഗിയായാലോ എന്ന് ഭാവന കണ്ടു കൊണ്ടിരുന്നവര്‍ക്ക് തങ്ങള്‍ക്ക് ഒരു നിമിഷം തലയില്ലാത്തത് പോലെ അനുഭവപെട്ടതായി തോന്നി 

വൈ ദിസ്‌ കൊലവെറി പാട്ടിനെ ഓര്‍മിപ്പിച്ചു കൊലവെറി താളത്തില്‍ തുടര്‍ന്നുള്ള വരികള്‍ ടീ വികള്‍ നിര്‍വികാരതയോടെ  ആവര്‍ത്തിച്ചു കൊണ്ടിരുന്നു. 

രണ്ടാം ക്ലാസീ  പഠിക്കുന്ന    മോള്‍ അടുത്തുണ്ടായിരുന്നു. പ്രസംഗവും, ശൈലിയും, ആളുടെ ഭാവവും  കണ്ടു അവള്‍ കണ്ണ് പൊത്തി. പത്തു വയസ്സുകാരന്‍ അത്‌ കേള്‍ക്കാന്‍ വയ്യാതെ റിമോട്ട് വാങ്ങി ചാനല്‍ മാറ്റി. 

രണ്ടാം ക്ലാസ്സ് കാരി എന്നോട് ചോദിച്ചു, എന്തിനാ ആ ചേട്ടന്‍ കൊല്ലുമെന്ന് ഒച്ചവെക്കണേ ?    നമ്മളെയൊക്കെ ഇവര്  കൊല്ലോ ????

"ഹേയ് ! അത്‌ രാഷ്ട്രീയ പ്രതിയോഗികളെ ! നമ്മളൊന്നും പ്രതിയോഗികള്‍ അല്ലല്ലോ ! 
പ്രത്യോഗീന്നു പറഞ്ഞാല്‍ ആരാ ?
"പ്രതിയോഗീന്നു പറഞ്ഞാ പാര്‍ട്ടീടെ താല്പര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവര്‍,  ആരായാലും അവരൊക്കെ പ്രതിയോഗീടെ ഗണത്തില്‍ പെടും. 
"അപ്പൊ അമ്പത്തൊന്നു വെട്ടേറ്റ് മരിച്ച  ആ ആന്റീടെ  ഭര്‍ത്താവ് പ്രത്യോഗി ആയിരുന്നോ ? 
അറിയില്ല !
എന്തിനാ ഇവര്‍ കൊല്ലുന്നെ ?
വെട്ടുമ്പോ കൊറേ ചോര വരില്ലേ ? 
അവര്‍ക്ക് വേദനിക്കില്ലേ...? 

ചോര വരും, വേദനിക്കും...! മരിക്കും...! 
അങ്ങിനെ ചെയ്യുന്നത് തെറ്റല്ലേ...? മരിച്ചു ചെല്ലുമ്പോള്‍ അവര്‍ക്ക് ദൈവം നരകം കൊടുത്തു  ശിക്ഷിക്കില്ലേ ?

രണ്ടാം ക്ലാസ്കാരീടെ ചോദ്യം ഈ നൂറ്റാണ്ടില്‍  തികച്ചും ന്യായം !

കൊലകള്‍ക്ക് കാരണമൊന്നും വേണ്ടാത്ത കാലം. അധികാരോം, പണോം, പിടിപാടും ഉണ്ടെങ്കില്‍ ബുഷു മുതല്‍ താഴെ ലോകല്‍ പാര്‍ടിക്കാര്‍ക്ക് വരെ കാരണമുണ്ടാക്കി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഇവിടെ  ശിക്ഷകളില്‍ നിന്നൊക്കെ രക്ഷപെടുന്ന വിധത്തില്‍   എന്തും ആവാം. 

നാഗസ്സക്കില്‍ ബോംബിട്ടില്ലേ, കുറെ ജീവനുകള്‍ പിടഞ്ഞ് ചാരമായി. ഇറാക്കില്‍ ലക്ഷങ്ങള്‍...അങ്ങിനെ രാജ്യങ്ങള്‍ മുതല്‍ ഇങ്ങു നമ്മുടെ  ഗ്രാമങ്ങള്‍, തെരുവുകള്‍...ചുവക്കുന്നു...! 

ഇരകളുടെ കരച്ചില്‍  ...വേട്ടക്കാര്‍ ചിരിക്കുന്നു....! 

മകള്‍  ചോദ്യം ആവര്‍ത്തിച്ചു, പറ, മരിച്ചു ചെല്ലുമ്പോള്‍ അവര്‍ക്ക് ദൈവം നരകം കൊടുത്തു  ശിക്ഷിക്കില്ലേ ?
ശിക്ഷിക്കും, ചെയ്ത തെറ്റുകള്‍ക്കൊക്കെയും ശിക്ഷയുണ്ട്, ഉണ്ടാകണം. അമ്പത്തൊന്നു വെട്ടിന്റെ വേദന ചെയ്തവര്‍ക്കും അവിടെ ഉണ്ടാകും ! ഇരകളൊക്കെ ദൈവത്തിന്റെ നീതിപീടത്തില്‍ സാക്ഷിയാകും. അതാണ്‌ പരമമായ നീതി. ഇവരോട് ദൈവം തന്നെ ചോദിക്കട്ടെ !

എന്നാലും ഇവര്‍  ഈ  കൊല്ലുന്നതാര്‍ക്ക് വേണ്ടിയാ ? ജനങ്ങള്‍ക്ക്‌ വേണ്ടിയാണോ ?? 
അറിയില്ല ! 
അറിയില്ലേ ?
ചോദ്യങ്ങളൊക്കെ മതി, എണീറ്റ്‌ പോയെ ടീവീടെ മുന്നീന്ന് ! 
രണ്ടാം ക്ലാസ്സ് കാരി എന്റെ ഭാവമാറ്റം കണ്ടീട്ടാവണം എണീറ്റു. 
തിരിഞ്ഞു നിന്നു ഒരു ചോദ്യം 
അപ്പൊ നമ്മള് ആ പാര്‍ട്ടിയാണോ ? 
ഹേയ് നമ്മള് ആ പാര്‍ടിയല്ല ! 
അല്ലെ ! പിന്നേത് പാര്‍ടി, പ്രതിയോഗിയാണോ ?

13 മേയ് 2012

കുലംകുത്തുന്ന ഇടതു ഡാം !!

കമ്യൂണിസ്റ്റ് പാര്‍ടിയിലെ അഭ്യന്തര കലഹം കേവലം ഒരു പാര്‍ടി നേരിടുന്ന പ്രതിസന്ധിയല്ല. കേരള ജനതയ്ക്ക് തങ്ങളുടെ സത്വബോധത്തിന്റെ, രാഷ്ട്രീയത്തിന്റെ, അവകാശങ്ങളുടെ ആദ്യപാഠം പഠിപ്പിച്ചു കൊടുത്തു ചിന്താ മേഖലയെ സജീവമാക്കിയ തി ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ  പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. പക്ഷെ വിപ്ലവത്തിന്റെ ചരിത്ര സ്മൃതികള്‍ വഹിക്കുന്ന ഒരു പാര്‍ട്ടിയുടെ വര്‍ത്തമാന ചിത്രം അതിന്റെ അണികള്‍ക്ക് മുമ്പില്‍ പിടിക്കുമ്പോള്‍ ആദര്‍ശത്തിന്റെ അഭാവം അതില്‍ പ്രകടമാണ്.  രാഷ്ട്രീയ പാര്ടികലെല്ലാം മുതലാളിത്വതിന്റെ തടവറയില്‍ ആലസ്യതിലാകുമ്പോള്‍ വിപ്ലവ ചരിത്രങ്ങളൊക്കെ വെറും സ്മരണകളായി ആഘോഷിക്കപെടും !  അത്തരമൊരു ചരിത്രം കേരളത്തിന്റെ വര്‍ത്തമാന രാഷ്ട്രീയത്തിന് ആവശ്യമില്ലാത്ത വിധം  വികസനം മുഖ്യ അജണ്ടയായി അവതരിപ്പിക്കുന്നിടതാണ് പേരില്‍ മാത്രം വിത്യാസപെട്ടു നിലകൊള്ളുന്ന എല്ലാം രാഷ്ട്രീയവും.  

മാറി മാറി ഭരിച്ചിരുന്ന രണ്ടു പാര്‍ടികളില്‍ ഒന്നിന് ഉണ്ടാകുന്ന ബലക്ഷയം തീര്‍ച്ചയായും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്നതും കൂടിയാണ്. പിണറായിയും, വി എസും തമ്മിലുള്ള  വാഗ്വാദങ്ങള്‍ മീഡിയകള്‍ ആഘോഷിക്കുമ്പോള്‍ എരിതീയില്‍ എണ്ണ യൊഴിക്കുന്നവിധം എതിര്പാര്ടികള്‍ ഒരു പിളര്‍പ്പിനെ സ്വപ്നം കണ്ടു പ്രസ്താവനകള്‍ നടത്തുകയാണ്.   ക്രിക്കറ്റിലെ പോലെ കോഴ വിവാധമോന്നുമില്ലാതെ  മറു ടീം ഒരു സെല്‍ഫ് ഗോളില്‍ പൊട്ടണം എന്നാഗ്രഹിക്കുന്ന ഭരിക്കുന്ന പാര്‍ട്ടിയുടെ ആഗ്രഹത്തെ കുറ്റം പറയാന്‍ കഴിയില്ല. തുടര്‍ച്ചയായ അധികാരത്തിനു പ്രതിബന്ധമായി  ഉണ്ടായിരുന്ന ഒരു പാര്‍ട്ടി സ്വയം ദുര്‍ബലമാകുമ്പോള്‍ വലിയ വായില്‍  ചിരിച്ചു ഓണം ഉണ്ണുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ല. ആത്മാര്‍ഥത കുറച്ച്‌ ഉണ്ടെങ്കില്‍ ഒന്നുപദേശിച്ചു കൊടുക്കാം, തല്ലു പിടിച്ചു സ്വയം നശിക്കല്ലേ എന്ന് പറഞ്ഞു  ! പക്ഷെ അതിനേക്കാള്‍ വലിയ ഉരുള്‍പൊട്ടല്‍ ഭരണ പക്ഷത്ത് സാമുദായിക രൂപത്തില്‍ ഇടയ്ക്കിടയ്ക്ക് ഉരുണ്ടു കൂടുമ്പോള്‍ ഉപദേശിക്കാന്‍ ളോഹയിട്ട് പോവുന്നത് സ്വപ്നം കാണാന്‍ പോലും കഴിയില്ല.

ശക്തരായ ഒരു പ്രതിപക്ഷമാണ് ഭരിക്കുന്നവരെ ശരിയായ ഭരണം കാഴ്ച വെപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നതിന്റെയും, ഊര്‍ജ്ജം നല്‍കുന്നതിന്റെയും  അടിത്തറ ! ആ അടിത്തറ ഒന്ന് പൊളിഞ്ഞു പോയാല്‍  സംഭവിക്കുന്നത്‌ എന്താണെന്ന് പറയേണ്ടതില്ല! അഞ്ചു വര്‍ഷം ഇടവേളകളില്‍ മാറി വന്നിരുന്ന  ഭരണം കേരളത്തില്‍ അന്യമാക്കുന്ന രീതിയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ  അഭ്യന്തര കലാപങ്ങള്‍. പ്രത്യയ ശാസ്ത്ര നിലപാടുകളില്‍ നിന്നു നേതൃത്വം വളരെ അകന്നു പോയെങ്കിലും കേരള രാഷ്ട്രീയത്തില്‍ തങ്ങള്‍ സ്ഥാപിച്ചെടുത്ത സ്പേസിനെ നിസ്സാരവല്‍ക്കരിച്ചു കാണാന്‍ ആര്‍ക്കും കഴിയില്ല. മുതലാളിത്വത്തിനു മുഴുവനായോ, ഭാഗികമായോ ഇരയായി കൊണ്ടിരിക്കുന്ന കമ്യൂനിസതോടുള്ള പ്രതിബധതയെക്കാള്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പരിഗണിക്കേണ്ടത്. ഒരു വേള ജനങ്ങളോടൊപ്പം ഉണ്ടായിരുന്ന വിപ്ലവ പാര്‍ടി ഇന്ന് മറ്റു പാര്‍ടികളെ പോലെ നേത്രു താല്‍പര്യങ്ങളിലേക്ക് ചുരുങ്ങിയെന്നു വേണം കരുതാന്‍. ഞാനൊരു കമ്യൂനിസ്ടാണ് എന്ന് നേതൃത്വത്തില്‍ ആര്‍ക്കെങ്കിലും സ്വന്തം ജീവിതത്തെ ആദര്‍ശം കൊണ്ടു അടയാളപെടുത്തി   പറയാന്‍ കഴിയുമോ എന്ന ചോദ്യം ഈ കാലഘട്ടത്തില്‍ പ്രസക്തമാണോ എന്നറിയില്ല.  സമൂഹവും, പാര്‍ടിയും തമ്മിലുള്ള അകലം ആ ഉത്തരതിനെ ആശ്രയിച്ചാണിരിക്കുന്നത്  ! അസംഘടിതരായിരുന്ന തൊഴിലാളി വര്‍ഗ്ഗത്തെ മുന്‍ നിറുത്തി കൊണ്ടു ചോര നല്‍കി  മണ്ണില്‍ നിന്നുയര്‍ന്നു വന്ന ആദര്‍ശം ഇന്ന് തെരുവ് രാഷ്ട്രീയ ഗുണ്ടായിസതിലേക്ക് പരിണാമം സംഭവിചീട്ടുണ്ട്  എന്നാണ് ഒഞ്ചിയം പറയുന്നത് എങ്കില്‍ അതൊക്കെ തിരുത്തി ജനങ്ങളിലേക്ക് തിരിച്ചു വരാനുള്ള "ഗോള്‍ഡന്‍ ഒപ്പര്‍ചൂണിറ്റി "യാണ് പാര്‍ടിക്ക് മുന്നില്‍ ഇപ്പോഴുള്ളത്.  

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉരുള്‍പൊട്ടികൊണ്ടിരിക്കുന്ന  തര്‍ക്കങ്ങള്‍ മുല്ലപെരിയാര്‍ ഡാം വിഷയം പോലെയാണ്.    അണകെട്ടിന്റെ ഉറപ്പ് എത്ര ഉണ്ടെന്നതിനെ ആശ്രയിച്ചാണ് ഡാം പൊട്ടുമോ, പൊട്ടില്ലേ എന്ന് പറയാന്‍ കഴിയുക.  തര്‍ക്കങ്ങള്‍ കുലംകുത്തി  ഉയരുമ്പോള്‍ അത്‌ താങ്ങാനുള്ള ഉറപ്പിനെ ആശ്രയിച്ചിരിക്കും പൊട്ടല്‍. പൊട്ടിയാല്‍ പൊട്ടുന്നതിന്റെ ശക്തി അനുസരിച്ചു പലരും ഒലിച്ച് പോകും. അപ്പോള്‍ ബക്കറ്റില്‍ പിടിച്ചു വെച്ച വെള്ളത്തിനും ഒരു ചരിത്രം പറയാന്‍ ഉണ്ടാകും എന്ന വി എസിന്റെ പഴയ വചനത്തിനു അറം പറ്റും ! അങ്ങിനെ ഒരു ചരിത്രത്തെ മാത്രം ഓര്‍മിപ്പിക്കാന്‍ വേണ്ടി   ബാക്കിയാകേന്ടതല്ല കേരള രാഷ്ട്രീയത്തിലെ കമ്യൂണിസം എന്ന്  തീരുമാനിക്കേണ്ടത് അതിനെ നയിക്കുന്നവര്‍  തന്നെയാണ്. 
ശക്തമായ ഒരു ജനകീയ ബദലിന് മറ്റൊരു പാര്‍ട്ടിയും ഇല്ലാത്ത അവസ്ഥയില്‍ പ്രത്യേകിച്ചും ! വിധിയില്‍ വിശ്വാസമില്ലാത്ത കമ്യൂണിസത്തിന്റെ വിധി എന്താണെന്ന് കാത്തിരുന്നു കാണാം.

ഡാമില്‍ വിള്ളലുകള്‍ ഉണ്ടെങ്കില്‍ ആ വിള്ളലുകള്‍ വരാനുള്ള കാരണങ്ങളെ കുറിച്ചും, അത്‌ വളരാതിരിക്കാനുള്ള പോം വഴികളെ കുറിച്ചുമാണ്   അതിന്റെ പി ബി എക്സ്പെര്ട്ടീസ്   ചിന്തിക്കേണ്ടത്. സാമൂഹ്യ വിരുദ്ധമായ ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞു പുണ്യാഹം തെളിച്ചു പാര്‍ടിയെ ജനകീയമാക്കുകയാണ്  കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥക്ക്  ആരോഗ്യകരം.  അവയൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും  നടിച്ചു   വിള്ളലില്‍ കുന്തമെടുത്ത് കുത്തിയിളക്കി  നോക്കിയിട്ടാണ് പൊട്ടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഡാമിന്റെ ഉറപ്പ് നോക്കുന്നതെങ്കില്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു പാര്‍ടി "കുലം കുത്തി" എന്ന ഒറ്റ കാരണത്തിന്റെ  പേരില്‍  ഒലിച്ച് പോകുന്നത് കേരള ജനത കാണേണ്ടി വരും.  രാഷ്ട്രീയ മണ്ഡലത്തില്‍ അത്‌ കനത്ത പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും ! 

06 മേയ് 2012

"അശ്വമേധം" ഫെയിം ജി എസ് പ്രദീപ്‌ നയിക്കുന്ന ജി സി സി മെഗാക്വിസ് ഫൈനല്‍ ബഹറൈനില്‍ !

Click to Enlarge it !
 ജി സി സിയില്‍ 50000 - വിദ്യാര്ഥികളെ   പങ്കെടുപ്പിച്ചു കൊണ്ടു
വിവിധ ഘട്ടങ്ങളില്നടത്തിയ ക്വിസ്  മത്സരങ്ങളില്വിജയികാളായവര്‍ 
മെഗാക്വിസ്  ഫൈനലില്
മാറ്റുരക്കുന്നതിനു ബഹ്റൈന്വേദിയാകുകയാണ്. ക്വിസ് രംഗത്ത്‌ അശ്വമേധം നടത്തിയ ജി എസ് പ്രദീപ്‌ ക്വിസ് മാസ്ടരാകുന്ന മത്സരം   ബഹ്‌റൈന്‍ കേരളീയ സമാജം ഓഡിറ്റോരിയത്തില്‍ മേയ് 11 വെള്ളിയാഴ്ച 2 മണിക്കാണ് അരങ്ങേറുന്നത്.  ബഹ്‌റൈന്‍, ഖത്തര്‍, യു എ ഇ, ഒമാന്‍, കുവൈറ്റ്‌, സൗദി  എന്നീ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള വിജയികള്‍ പങ്കെടുക്കുന്ന അവസാന റൌണ്ട് മത്സരതോട് കൂടി  ഏറ്റവും  കൂടുതല്‍  വിദ്യാര്‍ഥികളെ   പങ്കെടുപിച്ചു കൊണ്ടു നടത്തപെട്ട ക്വിസ് മത്സരമായി മാറും.  റിയാലിറ്റി ഷോകളിലൂടെയും, വൈജ്ഞാനിക മേഖലയില്‍ തങ്ങള്‍ക്കുള്ള അറിവ് സ്വയം പരീക്ഷിക്കാനുള്ള അവസരമെന്ന നിലയിലും  ക്വിസ് മത്സരങ്ങള്‍ കൂടുതല്‍  ജനപ്രീതിയാര്‍ജിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ മത്സരം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വിവിധ ടെലിവിഷന്‍ മീഡിയാ സാന്നിധ്യം ഉണ്ടാകുന്ന പ്രഥമ  ജി സി സി  മെഗാക്വിസ് മത്സരം ജി സി സി രാഷ്ട്രങ്ങളിലെയും, ബഹറിനിലേയും കുടുംപങ്ങള്‍ക്കും,  മറ്റുള്ളവര്‍ക്കും സൌകര്യപ്രഥമായി വീക്ഷിക്കുവാന്‍ കഴിയുന്ന രീതിയിലാണ് സംഘാടകര്‍ സജ്ജീകരിക്കുന്നത്.   


കുട്ടികള്‍ക്ക്  നന്മയുടെ വായനാലോകം നല്‍കുന്ന മലര്‍വാടിയുടെ ഈ മെഗാ ക്വിസ് മാമാങ്കത്തിന്  വിജയാശംസകള്‍ നേരുന്നു !

03 മേയ് 2012

ഇനി ചീത്ത പറയരുത്, പ്ലീസ് !

മാനവികതാ യാത്ര കഴിഞ്ഞു  കാന്തപുരം  ഉസ്താദ് തിരിച്ചെത്തിയിരിക്കുന്നു !  തിരിച്ചെത്തിയപ്പോള്‍ അനുയായികള്‍ക്ക് സന്തോഷം ! എല്ലാവര്ക്കും സന്തോഷം ! ഇപ്പോള്‍ തങ്ങളും, തങ്ങളുടെ അനുയായികളും,  ഇ.കെ സുന്നികളും, മുജാഹിടും, ജമാഅത്തും,  ഇതര മതസ്ഥരും  എല്ലാവരും തങ്ങളുടെ മാനവികതയില്‍ ഉണര്‍ന്നിരിക്കുന്നു. ഇനിയും  സന്തോഷമില്ലാവര്‍ തങ്ങള്‍ ഉണര്‍ത്താന്‍ ഇറങ്ങിയ മാനവികതക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍ !


എന്തായാലും, കുറ്റങ്ങളും ആരോപണങ്ങളും മാറ്റിവെച്ചാല്‍ കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് കാന്തപുരം നയിച്ച യാത്ര  കുറച്ചെങ്കിലും  മാനവികതയെ ഉണര്തിയിട്ടുന്ടെങ്കില്‍ അദ്ധേഹത്തെ അഭിനന്ദിക്കാം !  മനുഷ്യ  ഊര്‍ജ്ജവും, വളരെയേറെ ചിലവുകളും  വഹിച്ചു നടത്തിയ യാത്രയുടെ ലക്ഷ്യം  സമൂഹത്തില്‍ പ്രതിഫലിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം !


തര്‍ക്കങ്ങളെ വിട, പരിഹാസങ്ങളെ വിട !! എന്നന്നേക്കും വിട !
ഇനി ഇതുവരെ ഉത്തരമില്ലാതിരുന്ന ഒരു ചോദ്യം "മാനവികതയില്‍" നിന്നും സ്വന്തം സമുധായത്തിനു നേരെ ഉയരുന്നു !  താനുള്‍കൊള്ളുന്ന സമുദായത്തില്‍ മാനവികതക്കുള്ള സ്ഥാനം കാന്തപുരം എങ്ങിനെ ഇനി പ്രതിഫലിപ്പിക്കാന്‍ പോകുന്നു ? തീര്‍ച്ചയായും മാനവികത ഒരു വെടിനിര്‍ത്തല്‍ ആണെന്ന് കരുതാം. സമുദായത്തിലെ മറ്റുള്ളവരെ പോലും ഒറ്റപെടുത്തി നിലനിര്‍ത്തിയിരുന്ന തന്റെ സംഘടനാ പക്ഷപാതിത്വം മാനവികതയുടെ വിശാലലോകത്തേക്കുള്ള  തിരിച്ചറിവ് നല്കീയിട്ടുന്ടെങ്കില്‍ അത്‌ തന്നെ വലിയൊരു മാറ്റമാണ്. നിസ്സാര ആശയ വൈജാത്യങ്ങളുടെ പേരില്‍ സമുദായ സംഘടനകളെ കാഫിര്‍ മുദ്രയടിച്ച കാലങ്ങള്‍ വിസ്മരിച്ചു കൊണ്ടു ഇതര മതസ്ഥരെ പോലും ഉള്‍കൊള്ളാന്‍ കഴിഞ്ഞ കാന്തപുരത്തിന്റെ ഇപ്പോഴത്തെ മാനവികത ഇനിയുള്ള അദ്ധേഹത്തിന്റെ കാഴ്ച്ചപാടുകളെ അടിമുടി മാറ്റിമറിക്കുമെന്ന്  വിശ്വസിക്കാം. 

സമൂഹം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ ഉണ്ട്. ഈ പ്രശ്നങ്ങളെല്ലാം ജീവിതത്തില്‍ സമൂഹം നേരിടുന്നതായിരിക്കെ അതിനെതിരെ ഇനിയും പുറം തിരിഞ്ഞു നില്‍ക്കേണ്ടതില്ല എന്നാണ് മാനവികത യാത്രയില്‍ കാന്തപുരത്തിന്റെ വിഷയങ്ങളില്‍ പ്രതിഫലിച്ചത്. എതിര്പക്ഷനെതിരെ മൈക്കും വേദിയും ഒരുക്കി അനുയായി വൃന്ടങ്ങളെ ത്രസിപ്പിക്കുന്ന രീതിയില്‍ പരിഹാസങ്ങളും, ആക്ഷേപങ്ങളും വിനോദമാക്കിയ പണ്ഡിതരെ നിയന്ത്രിക്കാന്‍ മാനവികതക്കു മുന്നിട്ടിറങ്ങിയവര്‍ തയ്യാറാകണം. 
സമൂഹത്തിന്റെ ആരോഗ്യകരമായ ചിന്തകള്‍ക്ക് തുടക്കമിടാനും, സാമൂഹിക ഐക്യത്തിന് ബലമെകാനും ചിലവോന്നുമില്ലാത്ത ഈ പ്രവര്‍ത്തനത്തിലൂടെ കഴിയും.  പരസ്പരം മത്സരിച്ചു യാത്രകള്‍ക്കും, പ്രഹസന കാംപൈനുകള്‍ക്കും  വേണ്ടി ചിലവഴിക്കുന്ന ലക്ഷങ്ങള്‍ സമൂഹത്തിന്റെ ഉന്നമനത്തിനു കാര്യക്ഷമമായി വിനിയോഗിക്കാന്‍ കഴിയുന്ന ഒരു സാമൂഹിക അന്തരീക്ഷം നിര്‍മിക്കാന്‍ കാന്തപുരമടക്കമുള്ള എല്ലാ വിഭാഗം പണ്ഡിതരും ഇനിയെങ്കിലും തയ്യാറാകട്ടെ.  

അതുകൊണ്ട് ഇനി ചീത്ത പറയരുത്. പരിഹസിക്കരുത്,  പ്ലീസ്‌ ! മൈക്കെടുത്ത് ആശയ വിത്യാസങ്ങളുടെ  പേരില്‍ മറ്റുള്ളവരെ പരിഹസിച്ചു മിമിക്സ് പരേഡ് നടത്തി മാനവികതയില്‍ ഉണര്‍ന്ന ആളുകളെ ചിരിപ്പിക്കരുത്! ആളുകളെ കൊണ്ടു പറയിപ്പിക്കരുത് !