29 മേയ് 2012

ആരുണ്ടിവിടെ ചോദിക്കാന്‍ ?

സമയം ഇരുപത്തൊന്നാം നൂറ്റാണ്ടു ! ജാനാധിപത്യം പോലൊരു സ്ഥലം.   ജനങ്ങളാല്‍ തെരെഞ്ഞെടുക്കപെടുന്ന ജന പ്രതിനിധികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭരിക്കുന്നുവെന്നു  ഇടയ്ക്കു ഓര്‍ത്തെടുക്കുന്നു.     
നാലാംഎസ്റ്റെറ്റില്‍ പെട്ട ഒരു പെട്ടിക്കു മുമ്പിലിരുന്നു റിയാലിറ്റി ഷോ കണ്ടു കൊണ്ടിരിക്കുകയാണ് ആര് ഭരിച്ചാലെന്തു ഭരിച്ചില്ലെന്കിലെന്ത്, മുക്കിയാലെന്തു, മുക്കിയില്ലെന്കിലെന്ത്  എന്ന ജനം !  
വാര്‍ത്തകള്‍ ഇനി ഇവന്മാര് കേള്‍ക്കാനേ പാടില്ലെന്ന മട്ടില്‍ രാഷ്ട്രീയോം തര്‍ക്കോം കേള്‍പ്പിച്ച് കേള്‍പ്പിച്ച് ഫോര്‍ത്ത് എസ്റ്റേറ്റ്   ! 
അയ്യേ ദേ വാര്‍ത്ത എന്നു പറയിപ്പിച്ചു അടുത്ത ചാനലിലേക്ക് തവള കുളത്തിലേക്ക്‌ ചാടുന്ന പോലെ ജനങ്ങളെ  ചാടിപ്പിച്ചു കൊണ്ടിരിക്കുന്ന ടീവികള്‍  ആളുകളെ  പലതും കാണിക്കുന്നു   

ചാനലില്‍ നിന്നും ഒരു വാര്‍ത്ത ഒച്ചവെക്കുന്നു!
"രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും, വകവരുത്തിയും സിപിഎമ്മിന് ശീലമുന്ടെന്നു പാര്‍ടി ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. കൊല്ലെണ്ടവരെ  കൊല്ലുക തന്നെ ചെയ്യും. ഇനിയും കൊല്ലും"!!!

ഒരു രാഷ്ട്രീയ നേതാവിന്റെ വേദിയിലെ പ്രസംഗത്തിന് വെറി പിടിക്കുന്ന രംഗം ! ആക്ഷന്‍ സിനിമേലെ  ടയലോഗ് വാര്‍ത്തയില്‍ കേട്ടു ടി വി ഞെട്ടി. ഇതുവരെ കേള്‍ക്കാത്ത ജനാധിപത്യം കേട്ടു തലയുള്ളവരെല്ലാരും  ഒരു പോലെ ഞെട്ടുന്നു... !  പ്രതിയോഗിയായാലോ എന്ന് ഭാവന കണ്ടു കൊണ്ടിരുന്നവര്‍ക്ക് തങ്ങള്‍ക്ക് ഒരു നിമിഷം തലയില്ലാത്തത് പോലെ അനുഭവപെട്ടതായി തോന്നി 

വൈ ദിസ്‌ കൊലവെറി പാട്ടിനെ ഓര്‍മിപ്പിച്ചു കൊലവെറി താളത്തില്‍ തുടര്‍ന്നുള്ള വരികള്‍ ടീ വികള്‍ നിര്‍വികാരതയോടെ  ആവര്‍ത്തിച്ചു കൊണ്ടിരുന്നു. 

രണ്ടാം ക്ലാസീ  പഠിക്കുന്ന    മോള്‍ അടുത്തുണ്ടായിരുന്നു. പ്രസംഗവും, ശൈലിയും, ആളുടെ ഭാവവും  കണ്ടു അവള്‍ കണ്ണ് പൊത്തി. പത്തു വയസ്സുകാരന്‍ അത്‌ കേള്‍ക്കാന്‍ വയ്യാതെ റിമോട്ട് വാങ്ങി ചാനല്‍ മാറ്റി. 

രണ്ടാം ക്ലാസ്സ് കാരി എന്നോട് ചോദിച്ചു, എന്തിനാ ആ ചേട്ടന്‍ കൊല്ലുമെന്ന് ഒച്ചവെക്കണേ ?    നമ്മളെയൊക്കെ ഇവര്  കൊല്ലോ ????

"ഹേയ് ! അത്‌ രാഷ്ട്രീയ പ്രതിയോഗികളെ ! നമ്മളൊന്നും പ്രതിയോഗികള്‍ അല്ലല്ലോ ! 
പ്രത്യോഗീന്നു പറഞ്ഞാല്‍ ആരാ ?
"പ്രതിയോഗീന്നു പറഞ്ഞാ പാര്‍ട്ടീടെ താല്പര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവര്‍,  ആരായാലും അവരൊക്കെ പ്രതിയോഗീടെ ഗണത്തില്‍ പെടും. 
"അപ്പൊ അമ്പത്തൊന്നു വെട്ടേറ്റ് മരിച്ച  ആ ആന്റീടെ  ഭര്‍ത്താവ് പ്രത്യോഗി ആയിരുന്നോ ? 
അറിയില്ല !
എന്തിനാ ഇവര്‍ കൊല്ലുന്നെ ?
വെട്ടുമ്പോ കൊറേ ചോര വരില്ലേ ? 
അവര്‍ക്ക് വേദനിക്കില്ലേ...? 

ചോര വരും, വേദനിക്കും...! മരിക്കും...! 
അങ്ങിനെ ചെയ്യുന്നത് തെറ്റല്ലേ...? മരിച്ചു ചെല്ലുമ്പോള്‍ അവര്‍ക്ക് ദൈവം നരകം കൊടുത്തു  ശിക്ഷിക്കില്ലേ ?

രണ്ടാം ക്ലാസ്കാരീടെ ചോദ്യം ഈ നൂറ്റാണ്ടില്‍  തികച്ചും ന്യായം !

കൊലകള്‍ക്ക് കാരണമൊന്നും വേണ്ടാത്ത കാലം. അധികാരോം, പണോം, പിടിപാടും ഉണ്ടെങ്കില്‍ ബുഷു മുതല്‍ താഴെ ലോകല്‍ പാര്‍ടിക്കാര്‍ക്ക് വരെ കാരണമുണ്ടാക്കി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഇവിടെ  ശിക്ഷകളില്‍ നിന്നൊക്കെ രക്ഷപെടുന്ന വിധത്തില്‍   എന്തും ആവാം. 

നാഗസ്സക്കില്‍ ബോംബിട്ടില്ലേ, കുറെ ജീവനുകള്‍ പിടഞ്ഞ് ചാരമായി. ഇറാക്കില്‍ ലക്ഷങ്ങള്‍...അങ്ങിനെ രാജ്യങ്ങള്‍ മുതല്‍ ഇങ്ങു നമ്മുടെ  ഗ്രാമങ്ങള്‍, തെരുവുകള്‍...ചുവക്കുന്നു...! 

ഇരകളുടെ കരച്ചില്‍  ...വേട്ടക്കാര്‍ ചിരിക്കുന്നു....! 

മകള്‍  ചോദ്യം ആവര്‍ത്തിച്ചു, പറ, മരിച്ചു ചെല്ലുമ്പോള്‍ അവര്‍ക്ക് ദൈവം നരകം കൊടുത്തു  ശിക്ഷിക്കില്ലേ ?
ശിക്ഷിക്കും, ചെയ്ത തെറ്റുകള്‍ക്കൊക്കെയും ശിക്ഷയുണ്ട്, ഉണ്ടാകണം. അമ്പത്തൊന്നു വെട്ടിന്റെ വേദന ചെയ്തവര്‍ക്കും അവിടെ ഉണ്ടാകും ! ഇരകളൊക്കെ ദൈവത്തിന്റെ നീതിപീടത്തില്‍ സാക്ഷിയാകും. അതാണ്‌ പരമമായ നീതി. ഇവരോട് ദൈവം തന്നെ ചോദിക്കട്ടെ !

എന്നാലും ഇവര്‍  ഈ  കൊല്ലുന്നതാര്‍ക്ക് വേണ്ടിയാ ? ജനങ്ങള്‍ക്ക്‌ വേണ്ടിയാണോ ?? 
അറിയില്ല ! 
അറിയില്ലേ ?
ചോദ്യങ്ങളൊക്കെ മതി, എണീറ്റ്‌ പോയെ ടീവീടെ മുന്നീന്ന് ! 
രണ്ടാം ക്ലാസ്സ് കാരി എന്റെ ഭാവമാറ്റം കണ്ടീട്ടാവണം എണീറ്റു. 
തിരിഞ്ഞു നിന്നു ഒരു ചോദ്യം 
അപ്പൊ നമ്മള് ആ പാര്‍ട്ടിയാണോ ? 
ഹേയ് നമ്മള് ആ പാര്‍ടിയല്ല ! 
അല്ലെ ! പിന്നേത് പാര്‍ടി, പ്രതിയോഗിയാണോ ?

13 മേയ് 2012

കുലംകുത്തുന്ന ഇടതു ഡാം !!

കമ്യൂണിസ്റ്റ് പാര്‍ടിയിലെ അഭ്യന്തര കലഹം കേവലം ഒരു പാര്‍ടി നേരിടുന്ന പ്രതിസന്ധിയല്ല. കേരള ജനതയ്ക്ക് തങ്ങളുടെ സത്വബോധത്തിന്റെ, രാഷ്ട്രീയത്തിന്റെ, അവകാശങ്ങളുടെ ആദ്യപാഠം പഠിപ്പിച്ചു കൊടുത്തു ചിന്താ മേഖലയെ സജീവമാക്കിയ തി ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ  പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. പക്ഷെ വിപ്ലവത്തിന്റെ ചരിത്ര സ്മൃതികള്‍ വഹിക്കുന്ന ഒരു പാര്‍ട്ടിയുടെ വര്‍ത്തമാന ചിത്രം അതിന്റെ അണികള്‍ക്ക് മുമ്പില്‍ പിടിക്കുമ്പോള്‍ ആദര്‍ശത്തിന്റെ അഭാവം അതില്‍ പ്രകടമാണ്.  രാഷ്ട്രീയ പാര്ടികലെല്ലാം മുതലാളിത്വതിന്റെ തടവറയില്‍ ആലസ്യതിലാകുമ്പോള്‍ വിപ്ലവ ചരിത്രങ്ങളൊക്കെ വെറും സ്മരണകളായി ആഘോഷിക്കപെടും !  അത്തരമൊരു ചരിത്രം കേരളത്തിന്റെ വര്‍ത്തമാന രാഷ്ട്രീയത്തിന് ആവശ്യമില്ലാത്ത വിധം  വികസനം മുഖ്യ അജണ്ടയായി അവതരിപ്പിക്കുന്നിടതാണ് പേരില്‍ മാത്രം വിത്യാസപെട്ടു നിലകൊള്ളുന്ന എല്ലാം രാഷ്ട്രീയവും.  

മാറി മാറി ഭരിച്ചിരുന്ന രണ്ടു പാര്‍ടികളില്‍ ഒന്നിന് ഉണ്ടാകുന്ന ബലക്ഷയം തീര്‍ച്ചയായും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്നതും കൂടിയാണ്. പിണറായിയും, വി എസും തമ്മിലുള്ള  വാഗ്വാദങ്ങള്‍ മീഡിയകള്‍ ആഘോഷിക്കുമ്പോള്‍ എരിതീയില്‍ എണ്ണ യൊഴിക്കുന്നവിധം എതിര്പാര്ടികള്‍ ഒരു പിളര്‍പ്പിനെ സ്വപ്നം കണ്ടു പ്രസ്താവനകള്‍ നടത്തുകയാണ്.   ക്രിക്കറ്റിലെ പോലെ കോഴ വിവാധമോന്നുമില്ലാതെ  മറു ടീം ഒരു സെല്‍ഫ് ഗോളില്‍ പൊട്ടണം എന്നാഗ്രഹിക്കുന്ന ഭരിക്കുന്ന പാര്‍ട്ടിയുടെ ആഗ്രഹത്തെ കുറ്റം പറയാന്‍ കഴിയില്ല. തുടര്‍ച്ചയായ അധികാരത്തിനു പ്രതിബന്ധമായി  ഉണ്ടായിരുന്ന ഒരു പാര്‍ട്ടി സ്വയം ദുര്‍ബലമാകുമ്പോള്‍ വലിയ വായില്‍  ചിരിച്ചു ഓണം ഉണ്ണുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ല. ആത്മാര്‍ഥത കുറച്ച്‌ ഉണ്ടെങ്കില്‍ ഒന്നുപദേശിച്ചു കൊടുക്കാം, തല്ലു പിടിച്ചു സ്വയം നശിക്കല്ലേ എന്ന് പറഞ്ഞു  ! പക്ഷെ അതിനേക്കാള്‍ വലിയ ഉരുള്‍പൊട്ടല്‍ ഭരണ പക്ഷത്ത് സാമുദായിക രൂപത്തില്‍ ഇടയ്ക്കിടയ്ക്ക് ഉരുണ്ടു കൂടുമ്പോള്‍ ഉപദേശിക്കാന്‍ ളോഹയിട്ട് പോവുന്നത് സ്വപ്നം കാണാന്‍ പോലും കഴിയില്ല.

ശക്തരായ ഒരു പ്രതിപക്ഷമാണ് ഭരിക്കുന്നവരെ ശരിയായ ഭരണം കാഴ്ച വെപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നതിന്റെയും, ഊര്‍ജ്ജം നല്‍കുന്നതിന്റെയും  അടിത്തറ ! ആ അടിത്തറ ഒന്ന് പൊളിഞ്ഞു പോയാല്‍  സംഭവിക്കുന്നത്‌ എന്താണെന്ന് പറയേണ്ടതില്ല! അഞ്ചു വര്‍ഷം ഇടവേളകളില്‍ മാറി വന്നിരുന്ന  ഭരണം കേരളത്തില്‍ അന്യമാക്കുന്ന രീതിയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ  അഭ്യന്തര കലാപങ്ങള്‍. പ്രത്യയ ശാസ്ത്ര നിലപാടുകളില്‍ നിന്നു നേതൃത്വം വളരെ അകന്നു പോയെങ്കിലും കേരള രാഷ്ട്രീയത്തില്‍ തങ്ങള്‍ സ്ഥാപിച്ചെടുത്ത സ്പേസിനെ നിസ്സാരവല്‍ക്കരിച്ചു കാണാന്‍ ആര്‍ക്കും കഴിയില്ല. മുതലാളിത്വത്തിനു മുഴുവനായോ, ഭാഗികമായോ ഇരയായി കൊണ്ടിരിക്കുന്ന കമ്യൂനിസതോടുള്ള പ്രതിബധതയെക്കാള്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പരിഗണിക്കേണ്ടത്. ഒരു വേള ജനങ്ങളോടൊപ്പം ഉണ്ടായിരുന്ന വിപ്ലവ പാര്‍ടി ഇന്ന് മറ്റു പാര്‍ടികളെ പോലെ നേത്രു താല്‍പര്യങ്ങളിലേക്ക് ചുരുങ്ങിയെന്നു വേണം കരുതാന്‍. ഞാനൊരു കമ്യൂനിസ്ടാണ് എന്ന് നേതൃത്വത്തില്‍ ആര്‍ക്കെങ്കിലും സ്വന്തം ജീവിതത്തെ ആദര്‍ശം കൊണ്ടു അടയാളപെടുത്തി   പറയാന്‍ കഴിയുമോ എന്ന ചോദ്യം ഈ കാലഘട്ടത്തില്‍ പ്രസക്തമാണോ എന്നറിയില്ല.  സമൂഹവും, പാര്‍ടിയും തമ്മിലുള്ള അകലം ആ ഉത്തരതിനെ ആശ്രയിച്ചാണിരിക്കുന്നത്  ! അസംഘടിതരായിരുന്ന തൊഴിലാളി വര്‍ഗ്ഗത്തെ മുന്‍ നിറുത്തി കൊണ്ടു ചോര നല്‍കി  മണ്ണില്‍ നിന്നുയര്‍ന്നു വന്ന ആദര്‍ശം ഇന്ന് തെരുവ് രാഷ്ട്രീയ ഗുണ്ടായിസതിലേക്ക് പരിണാമം സംഭവിചീട്ടുണ്ട്  എന്നാണ് ഒഞ്ചിയം പറയുന്നത് എങ്കില്‍ അതൊക്കെ തിരുത്തി ജനങ്ങളിലേക്ക് തിരിച്ചു വരാനുള്ള "ഗോള്‍ഡന്‍ ഒപ്പര്‍ചൂണിറ്റി "യാണ് പാര്‍ടിക്ക് മുന്നില്‍ ഇപ്പോഴുള്ളത്.  

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉരുള്‍പൊട്ടികൊണ്ടിരിക്കുന്ന  തര്‍ക്കങ്ങള്‍ മുല്ലപെരിയാര്‍ ഡാം വിഷയം പോലെയാണ്.    അണകെട്ടിന്റെ ഉറപ്പ് എത്ര ഉണ്ടെന്നതിനെ ആശ്രയിച്ചാണ് ഡാം പൊട്ടുമോ, പൊട്ടില്ലേ എന്ന് പറയാന്‍ കഴിയുക.  തര്‍ക്കങ്ങള്‍ കുലംകുത്തി  ഉയരുമ്പോള്‍ അത്‌ താങ്ങാനുള്ള ഉറപ്പിനെ ആശ്രയിച്ചിരിക്കും പൊട്ടല്‍. പൊട്ടിയാല്‍ പൊട്ടുന്നതിന്റെ ശക്തി അനുസരിച്ചു പലരും ഒലിച്ച് പോകും. അപ്പോള്‍ ബക്കറ്റില്‍ പിടിച്ചു വെച്ച വെള്ളത്തിനും ഒരു ചരിത്രം പറയാന്‍ ഉണ്ടാകും എന്ന വി എസിന്റെ പഴയ വചനത്തിനു അറം പറ്റും ! അങ്ങിനെ ഒരു ചരിത്രത്തെ മാത്രം ഓര്‍മിപ്പിക്കാന്‍ വേണ്ടി   ബാക്കിയാകേന്ടതല്ല കേരള രാഷ്ട്രീയത്തിലെ കമ്യൂണിസം എന്ന്  തീരുമാനിക്കേണ്ടത് അതിനെ നയിക്കുന്നവര്‍  തന്നെയാണ്. 
ശക്തമായ ഒരു ജനകീയ ബദലിന് മറ്റൊരു പാര്‍ട്ടിയും ഇല്ലാത്ത അവസ്ഥയില്‍ പ്രത്യേകിച്ചും ! വിധിയില്‍ വിശ്വാസമില്ലാത്ത കമ്യൂണിസത്തിന്റെ വിധി എന്താണെന്ന് കാത്തിരുന്നു കാണാം.

ഡാമില്‍ വിള്ളലുകള്‍ ഉണ്ടെങ്കില്‍ ആ വിള്ളലുകള്‍ വരാനുള്ള കാരണങ്ങളെ കുറിച്ചും, അത്‌ വളരാതിരിക്കാനുള്ള പോം വഴികളെ കുറിച്ചുമാണ്   അതിന്റെ പി ബി എക്സ്പെര്ട്ടീസ്   ചിന്തിക്കേണ്ടത്. സാമൂഹ്യ വിരുദ്ധമായ ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞു പുണ്യാഹം തെളിച്ചു പാര്‍ടിയെ ജനകീയമാക്കുകയാണ്  കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥക്ക്  ആരോഗ്യകരം.  അവയൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും  നടിച്ചു   വിള്ളലില്‍ കുന്തമെടുത്ത് കുത്തിയിളക്കി  നോക്കിയിട്ടാണ് പൊട്ടാന്‍ ഒരുങ്ങി നില്‍ക്കുന്ന ഡാമിന്റെ ഉറപ്പ് നോക്കുന്നതെങ്കില്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു പാര്‍ടി "കുലം കുത്തി" എന്ന ഒറ്റ കാരണത്തിന്റെ  പേരില്‍  ഒലിച്ച് പോകുന്നത് കേരള ജനത കാണേണ്ടി വരും.  രാഷ്ട്രീയ മണ്ഡലത്തില്‍ അത്‌ കനത്ത പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും ! 

06 മേയ് 2012

"അശ്വമേധം" ഫെയിം ജി എസ് പ്രദീപ്‌ നയിക്കുന്ന ജി സി സി മെഗാക്വിസ് ഫൈനല്‍ ബഹറൈനില്‍ !

Click to Enlarge it !
 ജി സി സിയില്‍ 50000 - വിദ്യാര്ഥികളെ   പങ്കെടുപ്പിച്ചു കൊണ്ടു
വിവിധ ഘട്ടങ്ങളില്നടത്തിയ ക്വിസ്  മത്സരങ്ങളില്വിജയികാളായവര്‍ 
മെഗാക്വിസ്  ഫൈനലില്
മാറ്റുരക്കുന്നതിനു ബഹ്റൈന്വേദിയാകുകയാണ്. ക്വിസ് രംഗത്ത്‌ അശ്വമേധം നടത്തിയ ജി എസ് പ്രദീപ്‌ ക്വിസ് മാസ്ടരാകുന്ന മത്സരം   ബഹ്‌റൈന്‍ കേരളീയ സമാജം ഓഡിറ്റോരിയത്തില്‍ മേയ് 11 വെള്ളിയാഴ്ച 2 മണിക്കാണ് അരങ്ങേറുന്നത്.  ബഹ്‌റൈന്‍, ഖത്തര്‍, യു എ ഇ, ഒമാന്‍, കുവൈറ്റ്‌, സൗദി  എന്നീ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള വിജയികള്‍ പങ്കെടുക്കുന്ന അവസാന റൌണ്ട് മത്സരതോട് കൂടി  ഏറ്റവും  കൂടുതല്‍  വിദ്യാര്‍ഥികളെ   പങ്കെടുപിച്ചു കൊണ്ടു നടത്തപെട്ട ക്വിസ് മത്സരമായി മാറും.  റിയാലിറ്റി ഷോകളിലൂടെയും, വൈജ്ഞാനിക മേഖലയില്‍ തങ്ങള്‍ക്കുള്ള അറിവ് സ്വയം പരീക്ഷിക്കാനുള്ള അവസരമെന്ന നിലയിലും  ക്വിസ് മത്സരങ്ങള്‍ കൂടുതല്‍  ജനപ്രീതിയാര്‍ജിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ മത്സരം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വിവിധ ടെലിവിഷന്‍ മീഡിയാ സാന്നിധ്യം ഉണ്ടാകുന്ന പ്രഥമ  ജി സി സി  മെഗാക്വിസ് മത്സരം ജി സി സി രാഷ്ട്രങ്ങളിലെയും, ബഹറിനിലേയും കുടുംപങ്ങള്‍ക്കും,  മറ്റുള്ളവര്‍ക്കും സൌകര്യപ്രഥമായി വീക്ഷിക്കുവാന്‍ കഴിയുന്ന രീതിയിലാണ് സംഘാടകര്‍ സജ്ജീകരിക്കുന്നത്.   


കുട്ടികള്‍ക്ക്  നന്മയുടെ വായനാലോകം നല്‍കുന്ന മലര്‍വാടിയുടെ ഈ മെഗാ ക്വിസ് മാമാങ്കത്തിന്  വിജയാശംസകള്‍ നേരുന്നു !

03 മേയ് 2012

ഇനി ചീത്ത പറയരുത്, പ്ലീസ് !

മാനവികതാ യാത്ര കഴിഞ്ഞു  കാന്തപുരം  ഉസ്താദ് തിരിച്ചെത്തിയിരിക്കുന്നു !  തിരിച്ചെത്തിയപ്പോള്‍ അനുയായികള്‍ക്ക് സന്തോഷം ! എല്ലാവര്ക്കും സന്തോഷം ! ഇപ്പോള്‍ തങ്ങളും, തങ്ങളുടെ അനുയായികളും,  ഇ.കെ സുന്നികളും, മുജാഹിടും, ജമാഅത്തും,  ഇതര മതസ്ഥരും  എല്ലാവരും തങ്ങളുടെ മാനവികതയില്‍ ഉണര്‍ന്നിരിക്കുന്നു. ഇനിയും  സന്തോഷമില്ലാവര്‍ തങ്ങള്‍ ഉണര്‍ത്താന്‍ ഇറങ്ങിയ മാനവികതക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍ !


എന്തായാലും, കുറ്റങ്ങളും ആരോപണങ്ങളും മാറ്റിവെച്ചാല്‍ കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് കാന്തപുരം നയിച്ച യാത്ര  കുറച്ചെങ്കിലും  മാനവികതയെ ഉണര്തിയിട്ടുന്ടെങ്കില്‍ അദ്ധേഹത്തെ അഭിനന്ദിക്കാം !  മനുഷ്യ  ഊര്‍ജ്ജവും, വളരെയേറെ ചിലവുകളും  വഹിച്ചു നടത്തിയ യാത്രയുടെ ലക്ഷ്യം  സമൂഹത്തില്‍ പ്രതിഫലിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം !


തര്‍ക്കങ്ങളെ വിട, പരിഹാസങ്ങളെ വിട !! എന്നന്നേക്കും വിട !
ഇനി ഇതുവരെ ഉത്തരമില്ലാതിരുന്ന ഒരു ചോദ്യം "മാനവികതയില്‍" നിന്നും സ്വന്തം സമുധായത്തിനു നേരെ ഉയരുന്നു !  താനുള്‍കൊള്ളുന്ന സമുദായത്തില്‍ മാനവികതക്കുള്ള സ്ഥാനം കാന്തപുരം എങ്ങിനെ ഇനി പ്രതിഫലിപ്പിക്കാന്‍ പോകുന്നു ? തീര്‍ച്ചയായും മാനവികത ഒരു വെടിനിര്‍ത്തല്‍ ആണെന്ന് കരുതാം. സമുദായത്തിലെ മറ്റുള്ളവരെ പോലും ഒറ്റപെടുത്തി നിലനിര്‍ത്തിയിരുന്ന തന്റെ സംഘടനാ പക്ഷപാതിത്വം മാനവികതയുടെ വിശാലലോകത്തേക്കുള്ള  തിരിച്ചറിവ് നല്കീയിട്ടുന്ടെങ്കില്‍ അത്‌ തന്നെ വലിയൊരു മാറ്റമാണ്. നിസ്സാര ആശയ വൈജാത്യങ്ങളുടെ പേരില്‍ സമുദായ സംഘടനകളെ കാഫിര്‍ മുദ്രയടിച്ച കാലങ്ങള്‍ വിസ്മരിച്ചു കൊണ്ടു ഇതര മതസ്ഥരെ പോലും ഉള്‍കൊള്ളാന്‍ കഴിഞ്ഞ കാന്തപുരത്തിന്റെ ഇപ്പോഴത്തെ മാനവികത ഇനിയുള്ള അദ്ധേഹത്തിന്റെ കാഴ്ച്ചപാടുകളെ അടിമുടി മാറ്റിമറിക്കുമെന്ന്  വിശ്വസിക്കാം. 

സമൂഹം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ ഉണ്ട്. ഈ പ്രശ്നങ്ങളെല്ലാം ജീവിതത്തില്‍ സമൂഹം നേരിടുന്നതായിരിക്കെ അതിനെതിരെ ഇനിയും പുറം തിരിഞ്ഞു നില്‍ക്കേണ്ടതില്ല എന്നാണ് മാനവികത യാത്രയില്‍ കാന്തപുരത്തിന്റെ വിഷയങ്ങളില്‍ പ്രതിഫലിച്ചത്. എതിര്പക്ഷനെതിരെ മൈക്കും വേദിയും ഒരുക്കി അനുയായി വൃന്ടങ്ങളെ ത്രസിപ്പിക്കുന്ന രീതിയില്‍ പരിഹാസങ്ങളും, ആക്ഷേപങ്ങളും വിനോദമാക്കിയ പണ്ഡിതരെ നിയന്ത്രിക്കാന്‍ മാനവികതക്കു മുന്നിട്ടിറങ്ങിയവര്‍ തയ്യാറാകണം. 
സമൂഹത്തിന്റെ ആരോഗ്യകരമായ ചിന്തകള്‍ക്ക് തുടക്കമിടാനും, സാമൂഹിക ഐക്യത്തിന് ബലമെകാനും ചിലവോന്നുമില്ലാത്ത ഈ പ്രവര്‍ത്തനത്തിലൂടെ കഴിയും.  പരസ്പരം മത്സരിച്ചു യാത്രകള്‍ക്കും, പ്രഹസന കാംപൈനുകള്‍ക്കും  വേണ്ടി ചിലവഴിക്കുന്ന ലക്ഷങ്ങള്‍ സമൂഹത്തിന്റെ ഉന്നമനത്തിനു കാര്യക്ഷമമായി വിനിയോഗിക്കാന്‍ കഴിയുന്ന ഒരു സാമൂഹിക അന്തരീക്ഷം നിര്‍മിക്കാന്‍ കാന്തപുരമടക്കമുള്ള എല്ലാ വിഭാഗം പണ്ഡിതരും ഇനിയെങ്കിലും തയ്യാറാകട്ടെ.  

അതുകൊണ്ട് ഇനി ചീത്ത പറയരുത്. പരിഹസിക്കരുത്,  പ്ലീസ്‌ ! മൈക്കെടുത്ത് ആശയ വിത്യാസങ്ങളുടെ  പേരില്‍ മറ്റുള്ളവരെ പരിഹസിച്ചു മിമിക്സ് പരേഡ് നടത്തി മാനവികതയില്‍ ഉണര്‍ന്ന ആളുകളെ ചിരിപ്പിക്കരുത്! ആളുകളെ കൊണ്ടു പറയിപ്പിക്കരുത് !


24 ഏപ്രിൽ 2012

മാനവികതയെ ഇങ്ങിനെയും ഉണര്‍ത്തും !!

GMC എന്നവണ്ടിയുടെ പരസ്യം അല്ലേയല്ല !
കേരളത്തില്‍ മാനവികതക്കു എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ ? രാഷ്ട്രീയ കൊലപാതകങ്ങളും, വര്‍ഗീയ സംഘട്ടനങ്ങളും അരങ്ങേറിയിരുന്ന മുന്‍കാലങ്ങളെ അപേക്ഷിച്ച് മാനവികത ഒരു പണത്തൂക്കം മുമ്പില്‍ ആണ് ഇന്ന്. പിന്നെ അന്നും ഇന്നും എന്നും മാനവികതക്കു ആരും എതിരല്ല. അതിന് വിരുദ്ധമായി ചെയ്യുന്നവരാകട്ടെ അന്നും ഇന്നും എന്നും അതൊക്കെ അവരുടെ താല്പര്യങ്ങള്‍ക്കായി അനുയോജ്യമായ സമയത്ത്  ചെയ്തു കൊണ്ടിരിക്കും. ആരൊക്കെ യാത്ര ചെയ്താലും, ആത്മീയം പറഞ്ഞാലും, സ്വലാത്ത് ചൊല്ലിയാലും ഇതൊക്കെ അതുപോലെ തന്നെ സംഭവിച്ചു കൊണ്ടിരിക്കും. മാധ്യമങ്ങളില്‍ വിളംബരം  ചെയ്തു ഒരു യാത്ര പോയത് കൊണ്ടു വേദികള്‍ക്ക്  മുന്നില്‍  തങ്ങളുടെ വഅള് പരിപാടികളില്‍ കൂടാറുള്ള അനുയായിവൃന്ടങ്ങളെ കൂട്ടമെന്നല്ലാതെ   നടേ പറഞ്ഞവര്‍ക്ക്  മാനസാന്തരം ഉണ്ടാകുമെന്ന്  കരുതുന്നത് അതിര് കടന്നതാകും ! യാത്രകളും, ചങ്ങലകളും, പ്രതിന്ജകളും  കണ്ടും കേട്ടും  തഴമ്പിച്ച കേരളത്തില്‍ പ്രത്യേകിച്ചും ! പ്രശ്നങ്ങള്‍ക്ക്  യാത്രകള്‍ പരിഹാരമാകുമെങ്കില്‍ മുട്ടിനു മുട്ടിനു ഓരോ യാത്രകളും, സീകരണങ്ങളും സംഘടിപ്പിച്ചാല്‍ മതി. യാത്ര പോകുന്നവര്‍ക്കും സുഖം, കാണുന്നവര്‍ക്കും സുഖം ! എല്ലാം ശുഭം !  

അപ്പോള്‍ പിന്നെ ഈ യാത്രയുടെ  സാംഗത്യം ! എല്ലാവര്ക്കും അവരുടെതായ ഓരോ രാഷ്ട്രീയമുണ്ട് ! ആത്മീയത പറഞ്ഞിരുന്നവര്‍ക്കും തങ്ങള്‍ പടിക്കു പുറത്തു നിറുത്തിയിരുന്ന സാമൂഹിക രാഷ്ട്രീയ മേഖലയില്‍ രാഷ്ട്രീയക്കാരുടെ യാത്രയെ അനുകരിക്കാന്‍ തോന്നിയെങ്കില്‍ അവരെ കുറ്റം പറയാന്‍ പാടില്ല. ഒരു ടൈറ്റില്‍ ! പിന്നെ പരസ്യം, കൊടി  തോരണങ്ങള്‍, യാത്ര, വാര്‍ത്ത, സമാപനം ! പക്ഷെ,  യാഥാര്ത്യങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു പ്രഹസനത്തില്‍ മാത്രം ഒതുങ്ങി പോകുന്നിടതാണ് കൊട്ടിഘോഷിക്കുന്ന ഈ യാത്രയും അവസാനിക്കുക. ആത്മീയ നേതാവെന്നു പറയുന്നവരില്‍ നിന്നു ലക്ഷങ്ങള്‍ ചിലവഴിച്ചുള്ള ഇത്തരം പ്രഹസന യാത്രകള്‍ വരുമ്പോള്‍ അവിടെ മാനവികതക്കുള്ള റോള്‍ എങ്ങിനെ എന്നാണ് സമൂഹം ഉയര്‍ത്തുന്ന ചോദ്യം ! 


മസ്ജിദിനകത്ത്‌ മാത്രമല്ല പുറത്തേക്കുള്ള വഴിയില്‍ കൂടിയും പ്രവാചകന്റെ ഇസ്ലാം ഉണ്ടെന്നു മനസ്സിലാക്കിയ പ്രബുദ്ധരായ  ജനസമൂഹം തങ്ങളുടെ രാജ്യങ്ങളിലെ  ഭരണങ്ങളില്‍ പൊറുതി മുട്ടിയാണ് വസന്തങ്ങള്‍ സ്വപ്നം കണ്ടത്,  ഭരണകൂടങ്ങളെ  ചിറകടിച്ചു തകര്‍ത്തത്‌! കണ്ടു പരിചയിച്ച കലുഷിതമായ ലോകമല്ലാതെ ഒരു നവലോകം മുമ്പിലുന്ടെന്നു "അറബ് വസന്തം" ലോക ജനതക്ക് പാഠം നല്‍കി. യൂറോപ്പിലും, പാശ്ചാത്യലോകത്തും അതിന്റെ തരംഗങ്ങള്‍ ഉണ്ടായി. ലോകത്ത് ചര്‍ച്ചയായി ! ഇങ്ങു കേരളത്തില്‍ രാഷ്ട്രീയ മേഖലകളില്‍ വരെ അതിന്റെ ചര്‍ച്ചകള്‍ സജീവമായി.   അത്തരമൊരു നവമാനവിക ലോകത്തിന്റെ ചലനാത്മകമായ സാഹചര്യം കേരളീയ മത, രാഷ്ട്രീയ ചിന്താമണ്ഡലത്തെ പോലും സജീവമാക്കിയ സന്ദര്‍ഭത്തെ       ഒരു "വിശുദ്ധ മുടി" കൊണ്ടാണ് തങ്ങളുടെ അനുയായികളുടെ ചിന്തയെ പള്ളികളിലും, കൂട്ട സ്വലാത്ത്, ദര്‍ശന പുണ്യങ്ങളിലും കെട്ടിയിട്ടത്.  പിന്നീടങ്ങോട്ട്  മതവും, രാഷ്ട്രീയവും, സമൂഹവും, മീഡിയകളും  മുടികളെ കൊണ്ടു നിറഞ്ഞു. അങ്ങിനെ രാഷ്ട്രീയത്തെയും, സമൂഹത്തെയും നാലുഭാഗതാക്കിയ "മുടിയുടെ" തിരക്ക് കഴിഞ്ഞാണ്, മാനവികതയുടെ ഉണര്തല്‍ യാത്ര രംഗപ്രവേശം ചെയ്യുന്നത്.  വിശുദ്ധമുടിയും, കോടികളുടെ പ്രോജെക്ടും വിവാദമായ സാഹചര്യത്തില്‍ സമൂഹത്തില്‍ നിന്നും തല്‍ക്കാലം അവ തിരശീലക്കു പിറകിലേക്ക്  മാറ്റിയതിന്റെ ഹീറോ "ഉണര്‍ത്തിയാല്‍  ഉണരുമെന്ന്  പറയുന്ന ഈ മാനവികതയാണ്"  !


സമുദായ മാനവികത !
എന്തായാലും പരസ്പരം ചേരി തിരിഞ്ഞു അങ്കം വെട്ടിയിരുന്ന സ്വന്തം സമുദായത്തിലെ അത്ര പ്രശ്നം പൊതു സമൂഹത്തിലെ മാനവികതക്കു ഉണ്ടായിരുന്നില്ല. ഐക്യപെടാനെ പാടില്ല എന്ന നിര്‍ബന്ധ ബുദ്ധിയില്‍ തന്നെ സമുദായത്തിന്റെ ആഘോഷ ദിവസങ്ങള്‍ വരെ തര്‍ക്കിച്ചും, അടിപിടി കൂടിയും നാല് ദിവസങ്ങളില്‍ വരെ ആഘോഷിപിചീട്ടുണ്ട്. സ്രഷ്ടാവ് ഒന്നേ ഉള്ളുവെങ്കിലും പള്ളികളില്‍ അടിപിടി കൂടി തങ്ങളുടെ വിഭാഗീയതകള്‍ പ്രതിഷ്ടിച്ചു  മൈക്കുകള്‍ സമൂഹത്തില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കും. നേതൃത്വങ്ങളുടെ ജോലിയും, സമൂഹത്തിന്റെ പ്രധാന വിനോദ പരിപാടികളുമായി അതൊക്കെ മാറി ! ഈ പരിപാടികള്‍ സമുധായത്തെ രണ്ടാക്കി, മൂന്നാക്കി, നാലാക്കി  ഇപ്പോള്‍ നാലുവഴിക്കു അടിച്ചു പിരിച്ചിരുത്തിയിരിക്കുന്നു.   

സംഘടനകളുടെ ഈ ആഘോഷങ്ങളുടെ" പിന്നാമ്പുറ ഗുട്ടന്‍സ്" മാസം അറിയിക്കുന്ന മാനത്തെ ചന്ദ്രന് അറിയില്ല. അതങ്ങിനെ പതിവ് പോലെ  ഭൂമിയെ ഭ്രമണം ചെയ്യും. ഗുട്ടന്‍സ് അറിയുന്നവര്‍ അനുയായികളെ തങ്ങള്‍ക്കു ചുറ്റും കറക്കി കൊണ്ടിരിക്കും. അങ്ങിനെ കറക്കി കറക്കിയാണ്‌ വിഭാഗീയതയില്‍ തന്നെ നിലകൊള്ളുന്ന സമുദായത്തില്‍ നിന്നും ഇപ്പോള്‍ മാനവികതയുടെ വിഭാഗീയ രൂപം റോഡിലൂടെ പോകുന്നത്.  ഈ മാനവികത ഒറ്റക്കാണ്. ഒറ്റക്കായലെ  അതിന് പ്രശസ്തിയുള്ളൂ. ഒന്നിച്ചിരുന്നു എല്ലാം മറന്നു സമുധായത്തെ ഒന്നാക്കി മാനവികത പറഞ്ഞാല്‍ "ന്യൂസ്  മൈലേജ്" കുറയുമെന്ന തിരിച്ചറിവായിരിക്കാം. അല്ലെങ്കില്‍ ആ മാനവികത വേറെ, ഈ മാനവികത വേറെ എന്ന അര്‍ത്ഥ വിത്യാസം സ്വന്തം നിഘണ്ടുവില്‍ ഉണ്ടായിരിക്കാം ! സ്വന്തം അനുയായികള്‍ മാത്രം ശുഭ്രവസ്ത്രത്തില്‍  പ്രത്യക്ഷപെടുന്ന മാനവികതയുടെ അതിര്‍ത്തി സ്വന്തം അതിര്‍ത്തിയില്‍ തന്നെ ഒതുങ്ങുമെന്ന് അത്‌ സ്വയം സമൂഹത്തില്‍ വിളിച്ചു പറയുന്നുണ്ട് !

തന്റെ അവസരവാദ നിലപാടുകളെ തിരിച്ചറിയാത്ത അനുയായി വൃന്ടങ്ങളെ  തങ്ങളുടെ  ഏത് പരിപാടിയിലും ഒരു ആള്കൂട്ടമാക്കി എത്തിക്കാന്‍ കഴിയുന്നിടത്താണ്‌ കാന്തപുരം വിജയിക്കുന്നത്. താന്‍ പറയുന്നതെല്ലാം അപ്പടി വിഴുങ്ങുന്ന വിധം തന്റെ വൈരുധ്യങ്ങള്‍ നിറഞ്ഞ നിലപാടുകള്‍ക്കെതിരെ ഒരു ചോദ്യം പോലും വരാത്ത വിധം "അനുയായികളുടെ ബോധ മണ്ഡലത്തെ" തന്റെ ആത്മീയ പ്രതിരൂപത്തില്‍ തളച്ചിടാന്‍ അദ്ദേഹത്തിന് കഴിന്ജീട്ടുന്ടെങ്കില്‍ കുറ്റപെടുതെണ്ടത്‌ വിഭാഗീയ കാഴ്ച്ചപാടുകളെ നിലനിര്‍ത്താന്‍  പിന്തുണ നല്‍കുന്ന ചിന്താശേഷി സ്വയം അന്യമാക്കാന്‍ നിന്നുകൊടുത്ത  സമൂഹത്തെയാണ്.  അതിന്റെ ഫൈനല്‍ ലിട്മസ് ടെസ്റ്റ്‌ ആണ് മുടിയിലൂടെ പ്രബുദ്ധ കേരളം കണ്ടത്. ഒരു കാലത്ത് സമുധായത്തിനു കിട്ടിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള ശ്രമത്തില്‍ പരാജയപെടുകയും, പിന്നീട് "വിശുദ്ധ മുടി"യും, മുടിയിട്ട വെള്ളവും ശാന്തിക്കും, രോഗശമനത്തിനുമായി  ഇതാ അവതരിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ "പിന്നെന്തിനായിരുന്നു ഉസ്‌താദെ ലോണിന്റെ പിറകെ പോയി മെഡിക്കല്‍ കോളെജിനു ശ്രമിച്ചത്"  എന്ന സംശയം പോലും ഇല്ലാത്ത അനുയായി വൃന്ദത്തെ കൂടും, കുടുക്കയുമായി പകലന്തിയോളം ദര്‍ശന പുണ്യത്തിന് കാത്തു നിര്‍ത്തിയാണ് അതിന്റെ ട്രയല്‍ ടെസ്റ്റ്‌ വിജയം ഉറപ്പിച്ചത്. 

യാത്രകളുടെ രാഷ്ട്രീയ മുഖമാണ്  കാസര്‍കോഡ്‌  മുതല്‍ കന്യാകുമാരി വരെയുള്ള റൂട്ട്. കേരളത്തിലെ റോഡുകള്‍ അങ്ങിനെ പല പേരുകളില്‍ പല യാത്രകളും കണ്ടീട്ടുണ്ട്.  പണ്ടത്തെ യാത്രക്കുണ്ടായിരുന്ന  ബുദ്ധിമുട്ട് ഇപ്പോഴത്തെ  റോഡുകല്‍ക്കില്ല .  ഇപ്പോഴത്തെ റോഡുകള്‍  മികച്ചതാണ്. നല്ല സ്പീഡില്‍ ഏത് യാത്രയും പോകും !  മാനവികത (ഹ്യുമാനിറ്റി) പുതിയൊരു വെളിപാട് അല്ലെങ്കിലും വേണമെങ്കില്‍ റോഡിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചുള്ള സുഖകരമായ ഒരു യാത്രക്കുള്ള ടൈറ്റില്‍ നല്‍കുന്നുണ്ട്. 

മാനവികത യാത്ര കടന്നു പോകുന്ന വഴികള്‍...
മദ്യത്തിന്റെ കുത്തൊഴുക്കില്‍ കേരളം ഒലിച്ച് കൊണ്ടിരിക്കുന്നത് ഇന്ന് വാര്‍ത്തയെ അല്ല. ആഘോഷങ്ങള്‍ വരെ മദ്യമാണ് നടത്തുന്നത്. മദ്യം ഹറാം ആക്കണമെന്ന്  പറഞ്ഞു  വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാദര്‍ വടക്കന്‍, പ്രൊഫ. മന്മഥന്‍ എന്നിവര്‍ ദീര്‍ഘ കാലം സമരം ചെയ്തിരുന്നു. അന്ന് പേരിനെങ്കിലും അവരോടൊപ്പം കൂടാന്‍ "മദ്യവിരുദ്ധ സമുദായത്തിന്റെ" ആരും ഉണ്ടായിരുന്നില്ല. ഇപ്പൊ എല്ലാവരും കുടിച്ചു കുടിച്ചു കുടിയില്‍ ഡിപ്ലോമ എടുത്തു കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോ കുടിക്കരുത് എന്ന് പറയുന്നവരുടെ മേല്‍ ബിവറേജസ് കമഴ്ന്നടിച്ചു വീഴും ! 

ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്ന ലോട്ടറി കേരളത്തില്‍  ചുരണ്ടി ചുരണ്ടി  ദാരിദ്ര്യത്തിന്റെ കൈ കഴച്ചു. കൈ നോട്ടക്കാര്‍ റോഡു വക്കിലിരുന്നു   ദരിദ്രരെ നോക്കി ഭാവി പറഞ്ഞു.  ലോട്ടറി കടലാസ്സ്‌ കൊടുത്തു പൈസ അടിച്ചു കൊണ്ടുപോകുന്ന  അന്യ സംസ്ഥാനങ്ങളെ പുറത്താക്കി  സ്വന്തം ലോട്ടറി കേരളം ഭാഗ്യം പരീക്ഷണത്തിന്‌ സമൂഹത്തിനു നല്‍കി. വിയര്‍ത്തു കിട്ടുന്ന പൈസ കൊടുത്തു കേരള സംസ്ഥാന ഭാഗ്യക്കുറി ദരിദ്രരുടെ പോക്കറ്റില്‍ ഓരോ ദിവസവും മാറി മാറി സ്ഥാനം പിടിച്ചു. അങ്ങിനെ ഒരാളെ ലക്ഷാധിപതിയാക്കി മറ്റുള്ളവരെ ദാരിദ്രാക്കുന്ന പദ്ധതിയിലൂടെ സര്‍ക്കാരിന് വരുമാനം കൂടി. പോഷകാഹാരം കിട്ടാതെ ദാരിദ്ര്യം കുഞ്ഞുങ്ങളുടെ എല്ലുന്തിച്ചു കൊണ്ടേയിരുന്നു. 

മദ്യവും, മയക്കു മരുന്നും, അശ്ലീല സീടികളും, പ്രസിദ്ധീകരണങ്ങളും, സ്കൂള്‍ കോളേജുകളെ കേന്ദ്രീകരിച്ചു വ്യാപകമെന്നു വാര്‍ത്തകള്‍ ! വഴിതെറ്റിക്കപെടുന്ന സാമൂഹിക സാഹചര്യങ്ങള്‍  ! ദൃശ്യാ മീഡിയകള്‍ വരെകുടുംപങ്ങളെയും,  സമൂഹത്തെയും  മലീമാസമാക്കുന്നതില്‍ മത്സരിക്കുന്നു.  സമൂഹത്തില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ വളരുന്നുവെന്നു സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെ വ്യാപകമാകുന്ന  ചൂഷണങ്ങള്‍ വ്യക്തമാക്കുന്നു. മദ്യവും, കുറ്റ കൃത്യങ്ങള്‍ വളരുന്ന സാമൂഹ്യ സാഹചര്യങ്ങളും  കുടുമ്പങ്ങളുടെ സമാധാനവും, സ്വസ്ഥതയും നശിപ്പിക്കുമ്പോള്‍ മാനവികത എന്നത് യാത്രയിലൂടെയല്ല, ഭരണ കൂടത്തിന്റെ നയങ്ങളുടെ പ്രയോഗവല്‍ക്കരനതിലൂടെയാണ്  സംഭാവിക്കെണ്ടാതെന്ന  തിരിച്ചറിവാണ് യാത്രക്കായി പൈസ ചിലവഴിക്കുന്നവര്‍ മനസ്സിലാക്കേണ്ടത്. 

മാനവികത ഉണര്തെണ്ട ഒന്നല്ല ! സംസ്കരിക്കപെടുന്ന സാമൂഹ്യ സാഹചര്യങ്ങളിലൂടെ  ഉണ്ടായി തീരേണ്ട ഒന്നാണ്.  അതിന് വേണ്ടത് ലക്ഷങ്ങള്‍ ചിലവഴിചു റോഡുകളില്‍ കൂടിയുള്ള റിയാലിറ്റി-ഷോ  പ്രഹസന യാത്രകളല്ല. 
സ്വാര്‍ത്ഥ ലക്ഷ്യങ്ങല്‍ക്കപ്പുരം മനുഷ്യ പുരോഗതിക്കു വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ആണ് മാനവികതക്കായി ആദ്യം സൃഷ്ടിക്കപെടെണ്ടത്. ജാതി, മത, സമുദായ ഭിന്നതകളില്‍ നിന്നു സമൂഹത്തെ പൊതുവായ ധാരയിലേക്ക് മാറ്റിയെടുക്കുന്നത്തിനു  രാഷ്ട്രീയമായ പക്വതയാണ് മാനവികതയുടെ യഥാര്‍ത്ഥ ആത്മീയത ! അത്‌ വിഭാഗീയ മത പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു യാത്രക്കായി പൊതു സമൂഹത്തില്‍ അവതരിപ്പിക്കുമ്പോള്‍ തങ്ങള്‍ നിലനിര്‍ത്തി പരിപോഷിപ്പിക്കുന്ന സ്വന്തം നിലപാടുകള്‍ അതിനെതിരെ പരിഹാസ്യമായി ഉയര്‍ന്നു വരും ! അതുകൊണ്ട് തന്നെ കാന്തപുരം എന്ന നേതൃത്വവും, അദ്ധേഹത്തിന്റെ സംഘടനയും ഇനിയെങ്കിലും സമൂഹതോടൊപ്പം യാത്ര ചെയ്യേണ്ടതുണ്ട്. വിവാദങ്ങളും, തര്‍ക്കങ്ങളും ഒഴിവാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചു എല്ലാവരുമായും ഐക്യത്തോടെ വര്തിക്കുന്നതിനു ഈ മാനവികത തിരിച്ചറിവ് നല്‍കേണ്ടതുണ്ട്. മാനവികതക്കു രാഷ്ട്രീയ, സാമൂഹിക ഇടപെടലുകള്‍ ആവശ്യമെന്ന ഇപ്പോഴത്തെ തിരിച്ചറിവ് അദ്ധേഹത്തിന്റെ യാഥാസ്ഥിതിക ഇസ്ലാമിക കാഴ്ചപാടില്‍ നിന്നുമുള്ള മാറ്റത്തിന്റെ ശുഭ സൂചകമായിട്ടു വേണം കരുതാന്‍. മാനവികതയുടെ ഈ ശബ്ദം ഇനിയെങ്കിലും സ്വന്തം സമൂഹത്തിലെ ഐക്യത്തിന് നന്ദി കുറിക്കാന്‍ സ്വയം പ്രേരകമാകട്ടെ. 

ശിഷ്ടം: കാന്തപുരം എന്ത് തൊട്ടാലും അത്‌ വിവാധമാകും. മതത്തില്‍ തന്റെ സങ്കുചിതത്വ കാഴ്ചപാടുകള്‍ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്ന സമയങ്ങളിലെല്ലാം വിവാദം കൂടപിറപ്പാണ്    !  വിശുധമുടിയും പ്രോജെക്ടും വിവാധമാക്കി. തുടര്‍ന്ന് വന്ന മാനവികത യാത്രക്ക് നേരെയും സമൂഹത്തില്‍ പല ഭാഗത്ത്‌ നിന്നും വിവാദങ്ങള്‍ ഉയര്‍ന്നു.  സമൂഹത്തില്‍ നിലകൊള്ളുന്ന തന്റെ നിലപാടുകളും താന്‍ ഉയര്‍ത്തുന്ന മാനവികതക്കും തന്റെ വണ്ടിയില്‍ ഒരേ സമയം യാത്ര ചെയാന്‍ കഴിയുമോ എന്നതാണ് പുതിയ വിവാദത്തിലെ ശിഷ്ടം !

18 മാർച്ച് 2012

ഐക്യപെടാന്‍ ഒരു മുടി !

പരസ്പരം കടിച്ചു കീറുന്ന തങ്ങള്‍ കൂടി നിലകൊള്ളുന്ന ഒരേ സംഘടനയിലെ രണ്ടു ഗ്രൂപ്പുകള്‍ ! മുജാഹിട് ഗ്രൂപ്പുകള്‍ ! ജമാഅതെ ഇസ്ലാമി, തബലീഗ്..സമുധായത്തിലുള്ള ഇവരെ എല്ലാവരെയും വിളിച്ചു ഒരു അസ്സലാമു അലൈക്കും പറയാന്‍ പോലും ശ്രമിക്കാതവരുടെ മാനവികത  ഇതര മതവിശ്വാസികള്‍ അടക്കമുള്ള പൊതു സമൂഹത്തോട്  എന്ത്  മാനവികതയായിരിക്കും   ഉദ്ഘോഷിക്കുന്നത് !   

മാനവികത ഉദ്ഘോഷിച്ചു കൊണ്ടു ഒരു യാത്ര നടക്കാന്‍ പോകുകയാണ്. കാന്തപുരത്തിന്റെ കേരളയാത്ര ! 


യാത്ര നല്ലത് തന്നെ. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഡ്രൈവര്‍ ഉള്ള വണ്ടിയില്‍ ഇരുന്നു പ്രകൃതി ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാന്‍ പൊതു ചിലവില്‍  ഒരു അവസരം കിട്ടിയാല്‍ ആര്‍ക്കും നല്ല രസമാണ്. അതിനെ എന്ത് പേരിട്ടും വിളിക്കാം. രാഷ്ട്രീയ നേതാക്കള്‍ ആയാലും, മത നേതാക്കള്‍ ആയാലും. അതിന് പ്രത്യേക അദ്വാനമോന്നും ഇല്ല. ഇടയ്ക്കു സീകരണവും, വിശ്രമവും രാജകീയമായി ഉണ്ടാകും. ജോലിയെടുക്കാന്‍ വേണ്ടി തിക്കി തിരക്കി തിരക്ക് പിടിച്ച റോഡിലൂടെ ഭ്രാന്തു പിടിച്ചവനെ പോലെ പായുന്ന ബസ്സുകളില്‍ ശ്വാസം വിടാന്‍ പറ്റാതെ പോകുന്ന അനേകായിരങ്ങള്‍ ഈ മാനവികത യാത്ര വണ്ടിയെ കാണാതെ എതിരെയും കുറുകെയും പോകുന്നുണ്ടാകും ! ഇതിലൊന്നും പെടാതെ ശ്വാസം വിട്ടു വിശ്രമിച്ചു പോകുന്ന മാനവികതയെ ശ്രദ്ധിക്കാന്‍ ആര്‍ക്ക് നേരം ! 

ഒരു നേരം പണിയെടുത്തില്ലെങ്കില്‍ പട്ടിണിയാകുന്ന കുടുമ്പങ്ങള്‍ ആണ് കേരളത്തില്‍ ഭൂരിഭാഗവും ! അത്‌ കാണണമെങ്കില്‍ രാവിലെ നിരത്തുകളില്‍ ഇറങ്ങണം ! വീട് വിട്ടു കിലോ മീട്ടരുകളോളം  സഞ്ചരിച്ചു തൊഴിലിടങ്ങളിലേക്ക്‌  സഞ്ചരിക്കുന്നവരെ കാണാം ! അടിക്കടി ഉയരുന്ന പെട്രോള്‍ വില വര്‍ധനവില്‍ യാത്ര കൂലി യാത്രക്കാരന്റെ വരുമാനത്തില്‍  കയ്യിട്ടു വലിക്കുന്നതിന്റെ വിഷമവും പേറി, നിത്യോപയോഗ സാധനങ്ങളുടെ  ചരക്കു കൂലി ജീവിതത്തിന്റെ കൊങ്ങക്ക്‌ പിടിച്ച് കണ്ണ് തുറിപ്പിക്കുന്ന  അസമയതാണ്  മുടിതര്‍ക്ക-മാനവികതക്കു   ശേഷം ഒരു മാനവികത യാത്ര കടന്നു പോകുന്നത്. 

സ്വന്തം സമുദായത്തില്‍ പോലും ഇത് വരെ കാണിക്കാത്ത എന്ത് മാനവികതയാണ് ഇപ്പോള്‍ പറയുന്നതെന്ന് ആര്‍ക്കും ഒരു പിടുത്തവും ഇല്ല. സ്വന്തം സമുദായത്തില്‍ മുടിക്ക് മുമ്പ് മാനവികതയുടെ ഒരു തരിമ്പു കാണിച്ചെങ്കിലും  മാതൃക ആയിട്ടില്ല. പരസ്പരം കടിച്ചു കീറുന്ന തങ്ങള്‍ കൂടി നിലകൊള്ളുന്ന ഒരേ സംഘടനയിലെ രണ്ടു ഗ്രൂപ്പുകള്‍ ! മുജാഹിട് ഗ്രൂപ്പുകള്‍ ! ജമാ അതെ ഇസ്ലാമി, തബലീഗ്..സമുധായത്തിലുള്ള ഇവരെ എല്ലാവരെയും വിളിച്ചു ഒരു അസ്സലാമു അലൈക്കും പറയാന്‍ പോലും ശ്രമിക്കാതവരുടെ മാനവികത  ഇതര മതവിശ്വാസികള്‍ അടക്കമുള്ള പൊതു സമൂഹത്തോട്  എന്ത്  മാനവികതയായിരിക്കും   ഉദ്ഗോഷിക്കുന്നത് ! അല്ലെങ്കില്‍ തന്നെ സ്വന്തം സമൂഹത്തിലെ വിഭാഗീയതക്ക് ആഴം കൂട്ടാന്‍ കാരണമാകുമെന്ന് അറിഞ്ഞു കൊണ്ടു തന്നെ ഒരു മുടി അവതരിപ്പിച്ചു കൊണ്ടാണ് മാനവികതക്കു ഇറങ്ങി തിരിച്ചിരിക്കുന്നത് എന്ന വൈരുധ്യം കൂടി ഈ യാത്ര സ്വന്തം സമൂഹത്തെ നോക്കി പല്ലിളിക്കുന്നുണ്ട് !!! ഒരു പണ്ഡിതന്‍ എന്ന നിലയില്‍ സാമൂഹിക കെട്ടുറപ്പും ഐക്യവും, മാനവികതയും സ്വന്തം സമൂഹത്തില്‍ പ്രായോഗികമാക്കി അവതരിപിചീട്ടായിരുന്നു കാന്തപുരം ഈ യാത്രയെ അണിയിച്ചൊരുക്കേണ്ടിയിരുന്നത് ! പക്ഷെ, ഈ കാര്യത്തില്‍ കേരളം കണ്ടു പരിചയിച്ച രാഷ്ട്രീയ പ്രഹസനതെക്കാള്‍ മറിചോന്നുമല്ല തന്റെ ഈ യാത്രയെന്നും സ്വന്തം സമുദായത്തില്‍ താന്‍ സൃഷ്ടിച്ചു കാത്തു സൂക്ഷിക്കുന്ന വിഭാഗീയതയിലൂടെ  മാനവര്‍ക്ക് തെളിയിച്ചു കൊടുക്കുകയാണ് കാന്തപുരം എന്ന് വേണം കരുതാന്‍  ! 

മുടി വിവാധമാകുമായിരുന്നില്ല. പക്ഷെ ആത്മീയ വിപണി മുന്നില്‍ കണ്ടു അതിലൂടെ തന്റെ അപ്രമാദിത്വം അരകിട്ടുരപ്പിക്കുക എന്ന ലക്‌ഷ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ കാര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ പരിഗണിക്കേണ്ടതില്ല എന്ന് കാന്തപുരം കരുതി കാണണം. സമുധായത്തിനു കിട്ടിയ പ്രഥമ മെഡിക്കല്‍ കോളേജ് പണിയുന്നതിനു മുമ്പ്  അത്‌ സമുധായത്തിനുപുറത്തേക്കു പോയ  വഴിക്ക് ഇനിയും പുല്ലു മുളചീട്ടില്ല. അതെല്ലാം സമൂഹം മറന്നിരിക്കുംപോഴാനു മുടിയും, പ്രോജെക്ടും പുതിയ ബര്കതായി  സമൂഹത്തില്‍ വരുന്നത്. മുടിയും അതിനെ  ചുറ്റിപറ്റിയുള്ള ഇമ്മിണി വലിയൊരു പ്രോജെക്ടും കോര്പരെട്റ്റ് രൂപത്തില്‍ അവതരിപ്പിക്കുന്നതിനു ആശ്രയമായി കാണുന്നത്   വിശുധമെന്നും, ബാര്കതെന്നുമുള്ള രണ്ടു വാക്കുകള്‍ ആണ്.   മുടി വിഴുങ്ങുന്ന പ്രോജെക്ടോ, പ്രോജെക്ട് വിഴുങ്ങുന്ന മുടിയോ എന്ന സംശയം  തെങ്ങാണോ തേങ്ങയാണോ ആദ്യം ഉണ്ടായതെന്ന പോലെയാണ്.  മൌലൂടും രാതീബും പാടിയിരുന്ന പണ്ഡിതവൃന്ടതിന്റെ  ആര്കിടെക്ചരല്‍-സാങ്കേതിക അകമ്പടിയോടു കൂടിയുള്ള  കോര്പരെട്ടു പ്രോജെക്ടിന്റെ ആണി മുടിയാകുന്നിടതാണ് വിവാദത്തിന്റെ തിരി കത്തിയത്.  ഭിന്നിപ്പും, വിവാദങ്ങളും  ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനു പകരം  വിഭാഗീയതക്കിടയില്‍ വിവാദങ്ങളെ മുടിയിട്ട് വാഴിക്കുകയാണ് അതിന്റെ നേതൃത്വം ! 
പണ്ഡിതര്‍ക്കു ഇനിയെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. മുടിയായാലും, മാനവികത ആയാലും എല്ലാത്തിനും ഒരു സാംഗത്യം ഉണ്ട് ! ഗ്രാമര്‍ അറിയാതെ അസ്ഥാനത് പ്രയോഗിക്കുന്ന വാക്ക് പോലെയാണ് കേരള യാത്രക്ക് ഇട്ടിരിക്കുന്ന പേര് ! മാനവികത ! എല്ലാര്‍ക്കും യാത്ര നടത്താം, ചിലവഴിക്കാന്‍ പൈസ ഉണ്ടെങ്കില്‍ ! ഒരു വണ്ടിയിലോ, ആയിരം വണ്ടികളുടെ അകമ്പടിയോടെയോ നടത്താം ! പെട്രോള്‍ വില വര്‍ധനയും, അന്തരീക്ഷ മലിനീകരണവും ഒന്നും അനുയായികള്‍ പോഷിപ്പിക്കുന്ന  തങ്ങളുടെ ട്രെഷറിക്ക്  ബാധകമല്ലെങ്കില്‍ ! യാത്രയും സ്വീകരനങ്ങളുമൊക്കെ കഴിഞ്ഞു പതിവുപോലെ വിശ്രമിക്കാം. യാത്ര പോയാലും, വിശ്രമിച്ചാലും  "സ്വന്തം സമുധായത്തിലും" പൊതു സമൂഹത്തിലും ഉണ്ടായിരുന്ന  "മാനവികത" പതിവുപോലെ തുടരും ! ഇല്ലാതെ പോയതിനു ഞാനെന്തു പിഴച്ച് എന്ന മറുപടിക്ക്  ഒരു  ചോദ്യം പോലും ആരില്‍ നിന്നും വരില്ല ! അത്‌ കൊണ്ടു സമൂഹത്തെ വിഡ്ഢികളായി കാണാതെ യാത്ര പോകുന്നതിനു മുമ്പ് സ്വന്തം സമുദായത്തില്‍ മാനവികതക്കു അതിന്റെ വക്താക്കള്‍ അടിത്തറ പാകട്ടെ ! വിഭാഗീയതക്കുള്ള  കാരണങ്ങളെ പൊതു സമൂഹത്തില്‍ നിന്നും മാറ്റി നിറുത്തി  എല്ലാ സംഘടനകളുമായി മാതൃകാപരമായ ഒരു ഐക്യത്തിന്   നാന്ദി കുറിക്കട്ടെ, എങ്കില്‍ മാത്രമേ മാനവികതയുടെ ആദ്യ ഭാഗം തുടങ്ങുകയുള്ളൂ !

വിവാദം ഒഴിവാക്കി സമൂഹത്തെ ഐക്യപെടുതാന്‍ ഒരു മാര്‍ഗം നിര്ധേഷിക്കൂ എന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞ ദിപ്ലോമാട്ടിക് പരിഹാരം. രാജ്യങ്ങള്‍ തമ്മില്‍ വരെ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കപെടുമ്പോള്‍ ഇത് നിസ്സാരം എന്ന് പറഞ്ഞ  ഫോര്‍മുല:
1 . സാമൂഹിക നന്മയും,  ഐക്യവും, മാനവികതയുമാണ്  ഇസ്ലാം മുന്നോട്ടു വെക്കുന്ന ലക്‌ഷ്യം എന്നതിനാല്‍ മുടിക്ക്  അതിന്റെ പൂര്‍വ സ്ഥാനമാണ് ഉത്തമം എന്ന നിലയില്‍ മുടി എവിടെയാണോ ഉണ്ടായിരുന്നത് അവിടേക്ക് തിരിച്ചേല്‍പ്പിക്കുക. 
2 . ഇസ്ലാമിക സമൂഹത്തില്‍ ഐക്യത്തിന് മുന്ഗണന നല്‍കി എല്ലാ സംഘടനകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്ന ഒരു പൊതു പ്ലാട്ഫോമിന് രൂപം നല്‍കുക.
3 . തര്‍ക്കങ്ങല്‍ക്കുപരി ഇസ്ലാമിക അധ്യാപനങ്ങള്‍  വിശ്വാസികള്‍ക്ക് ഓരോ വിഭാഗവും മാന്യമായ ഭാഷയില്‍ പരിചയപ്പെടുത്തുക.
4 . തര്‍ക്കങ്ങള്‍ പൊതു സമൂഹത്തില്‍ വലിചിഴക്കാതെ അതിനെ കുറിച്ചുള്ള പഠനങ്ങളും പണ്ഡിതര്‍ പരസ്പരം ചര്‍ച്ച ചെയ്തു തങ്ങളുടെ നിലപാടുകള്‍ ലഭിക്കുന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുക. മാന്യമായി പരിചയപെടുതുക.
5 . സമൂഹത്തിന്റെ പൊതു താല്പര്യത്തിനും, ഉന്നമനത്തിനും വേണ്ടി ഒറ്റകെട്ടായി നിലയുറപ്പിക്കുക. 
6 . പരിഹാസങ്ങളും, ആക്ഷേപങ്ങളും പണ്ഡിതര്‍ ഒഴിവാക്കുക,  അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കൂടിയും പണ്ഡിതര്‍ പരസ്പരം ബഹുമാനിക്കുക.
7 . ഒരൊറ്റ സമൂഹം ഒരൊറ്റ  "ക്നോലെജ് സിറ്റി" എന്ന ടൈറ്റിലില്‍ അതിന്റെ  യഥാര്‍ത്ഥ ലക്ഷ്യത്തിനു വേണ്ടി  എല്ലാ സംഘടനകളും ഒരുമിച്ചിരുന്നു പരസ്പരം തങ്ങളുടെ ഐടിയകള്‍ ഷയര്‍ ചെയ്തു റി-ഡിസൈന്‍ ചെയ്തു സമൂഹത്തിന്റെ ഗുണകരമായ മുന്നേറ്റത്തിനു സമൂഹത്തിനു സമര്‍പ്പിക്കുക. 

ഫോര്‍മുല ഇങ്ങനെ പോകവേ ഞാന്‍ പറഞ്ഞു, മതി മതി....ഇത്രക്കും മതി.. തനിക്കു തലയ്ക്കു നല്ല സുഖമില്ല അല്ലെ ! ഇതൊന്നും നടക്കാന്‍ പോണില്ല കോയാ. ഈ ആത്മീയത എന്ന് പറഞ്ഞാല്‍ കോടികള്‍ വാരുന്ന ബിസിനസ്സാ, അതൊക്കെ വിട്ടു ശാന്തി, സമാധാനം എന്നൊക്കെ പത്തു പൈസ ചിലവില്ലാത്ത ഉപധേഷതിനപ്പുരം കോടികള്‍ നഷ്ടപെടുതുന്ന  ആത്മീയ സാധ്യത കളഞ്ഞുള്ള ഫോര്‍മുലക്ക് ആരെങ്കിലും നില്ക്കോ. .അതിനിടക്കാ  നിങ്ങള്‍ടെ ഒരു നടക്കാത്ത ഫോര്‍മുല !!!

14 മാർച്ച് 2012

അഭിസാരിക, കുരങ്ങന്‍ വിളി, പിന്നെ കൊറേ ജനങ്ങളും !

ഒരു നാള്‍ ആരെങ്കിലും ഒന്ന് ഞങ്ങളെ സംഘടിപിചെങ്കില്‍ എന്ന് കാത്തു നില്‍ക്കവേ,  സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന പാട്ട് കേട്ടു! 
തൊഴിലാളികളൊക്കെ പാട്ടു കേട്ട സ്ഥലത്തും, അല്ലാതിടതുമൊക്കെ സംഘടിച്ചു. പാട്ടു എഴുതിയവരും, പാടിപ്പിച്ചവരും സംഘടിച്ചു. കൊയ്ത്തരിവാള്‍ അമ്ബിളിയില്‍ കണ്ണെറിഞ്ഞവര്‍ വയലേലകളില്‍ സംഘടിച്ചു... തെങ്ങ് ചെത്താന്‍ കയറിയവര്‍ തെങ്ങിന്റെ മണ്ടയില്‍ നിന്നും ഇറങ്ങി വന്നു സംഘടിച്ചു... സംഘടിച്ചു സംഘടിച്ചു ശക്തരായി... 
അങ്ങിനെ  സന്ഘടിച്ചവര്‍ കമ്മിറ്റികളായി, ഓല കൊണ്ടുള്ള കുടിലുകളില്‍, നിരപലകയുള്ള കട മുറികളില്‍ യോഗം കൂടി...  അവര്‍ വിപ്ലവത്തെ കുറിച്ച് ചര്‍ച്ച ചെയ്തു... കാജ ബീഡി വലിച്ചു, പരിപ്പ് വട തിന്നു..പരിപാടികളെ കുറിച്ച് തീരുമാനങ്ങള്‍ എടുത്തു....കട്ടന്‍ ചായ കുടിച്ചു......
അമേരിക്കയുടെ മോന്തയുള്ളവരായിരുന്നു അന്ന് സമൂഹത്തിലെ  മുതലാളിമാര്‍ ! അവര്‍ക്ക് വയലുകള്‍ ഉണ്ടായിരുന്നു...തൊഴില്‍ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു...തൊഴിലെടുക്കാന്‍ അവിടെ ആളുകള്‍ വന്നു. അവര്‍ തൊഴിലാളികള്‍ ആയി....പിന്നീട്,  നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും എന്നൊക്കെ പാടി രസം മൂത്ത് അവര്‍ക്ക് നേരെ മുഷ്ടിയുയുയര്‍ത്തി ..
സന്ഘടിച്ചവരെ നേതാക്കള്‍   ജാഥകളാക്കി .  ആ  ജാഥകള്‍ തെരുവുകളിലൂടെ ചോപ്പ കൊടികള്‍ പിടിച്ച് , മുഷ്ടികള്‍ ഉയര്‍ത്തി പല ഭാഗത്തും, പല സമയങ്ങളിലും നടന്നു പോയി. ഓരോ ജാഥകളും തെരുവുകളില്‍  ഇരുന്നു വിപ്ലവ പ്രസന്കങ്ങള്‍ കേട്ടു, പ്രസംഗങ്ങള്‍ ഇപ്പൊ വിപ്ലവം വേണമെന്ന് ഓരോരുത്തരെയും കോരി തരിപ്പിച്ചു.... പ്രസംഗം  കഴിഞ്ഞു മുതലാളികളില്ലാത്ത നാളെയെ സപ്നം കണ്ടു....  .വിപ്ലവ സമരങ്ങളിലൂടെ  നാളുകള്‍ കടന്നു പോകവേ .....

അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗമുളള   സമൂഹത്തിലേക്കു അമേരിക്ക കമ്പൂട്ടര്‍ രൂപത്തില്‍ എത്തി. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ  കടക്കല്‍ അരിവാള്‍ വെക്കാനുള്ള തന്ത്രങ്ങള്‍ മുതലാളിലത്വം പയട്ടുന്നതാണോ എന്ന സംശയത്തില്‍ ഈ കുന്ത്രാണ്ടം തൊഴില്‍ നഷ്ടപെടുതുമെന്നു ജാതകം നോക്കി ! വിയര്‍ക്കാത്ത ഈ കുന്ത്രാണ്ടം നമുക്ക് വേണ്ടെന്നു ഒറ്റ വാക്കില്‍ പറഞ്ഞു വിപ്ലവം വാതില്‍ അടച്ചു....അങ്ങിനെ നാളുകള്‍ കഴിഞ്ഞു പോയി...അതൊക്കെ മറന്നു...
പിന്നീട് പുളിയനുറുംപിന്കൂട്ടം  സന്യാസിയുടെ താടിയില്‍ കയറിയ പോലെ ബില്‍ഗേറ്റുകള്‍  പാര്‍ടി ഓഫീസുകളില്‍ വരെ സ്ഥാനംപിടിച്ചു...വിപ്ലവ ചാനലുകളില്‍ ഉശിരന്‍ മുതലാളി-ലോട്ടറി-സാമ്രാജ്യത്വ ഉത്പന്ന പരസ്യങ്ങളുടെ കാഴ്ചക്കാരും ഉപ ഭോക്താക്കളുമായി എല്ലാവരും മാറിയപ്പോള്‍ ഇപ്പൊ മുതലാളിയാര്, തൊഴിലാളിയാര്, കംമ്യൂനിസ്ടാര്, കോണ്ഗ്രസ് ആര് എന്ന് തിരിച്ചരിയാത്ര വിധം വിപ്ലവത്തിന് വരെ  വംശ നാശം സംഭവിച്ചു... 

ടീവിയില്‍ വാര്‍ത്ത വരുമ്പോള്‍ നേതാക്കന്മാരുടെ  പാര്‍ടി പേര് പറയും !  വിപ്ലവം പറഞ്ഞവര്‍ ആരെയെങ്കിലും അശ്ലീലം പറയുമ്പോള്‍ ടീവീലും പത്രത്തിലും പരസ്പരം വിവാദം വരും ! അങ്ങിനെ പാര്ട്ടികാരെ തിരിച്ചറിയാവുന്ന കാലത്താണ് വിപ്ലവ പാര്‍ടി കൊണ്ഗ്രെസ്സ് കഴിഞ്ഞു അതിന്റെ ചൂടാറുന്നതിനു  മുമ്പ് ജാതി പേര് വിളിച്ചു ആക്ഷേപിചെന്ന  പോലെ പൊറത്ത്‌ പോയ വനിതാ നേതാവിന് നേരെ വി എസില്‍ നിന്നും അശ്ലീലം വന്നത് .. പതിവ് പോലെ ടി വികളും പത്രങ്ങളും പറഞ്ഞത് വിവാദമാക്കി കേള്പിക്കാനുള്ളവരെ കേള്‍പിച്ചു. പതിവ് പോലെ വാക്കിന്റെ പുതിയ അര്‍ഥങ്ങള്‍ ന്യായീകരിച്ചു രംഗത്ത്‌ വന്നു. അഭിസാരികയെ ഉപയോഗിച്ച് കളയുന്നപോലെ എന്ന് വ്യന്ഗ്യമായ ഒരു പദ പ്രയോഗം നടത്തിയ പ്രതിപക്ഷ നേതാവിനെ എന്തെങ്കിലും കിട്ടാന്‍ വേണ്ടി കാത്തിരുന്ന പോലെ  ഭരണ രാഷ്ട്രീയം പിറവം സ്വപ്നം കണ്ടു കറക്കി. എല്ലാം തൊഴിലായി കാണുന്ന ഒരു വിപ്ലവ പാര്‍ട്ടിയില്‍ നിന്നും ഈ ഒരു വാക്കിനെ മാത്രം പടിയടച്ചു പിണ്ഡം വെക്കെണ്ടതില്ലെന്ന ചിന്തയിലായിരിക്കാം ഒരു പ്രാസത്തിനു വേണ്ടി അതുപയോഗിച്ചത്. 

ചിലര്‍ അങ്ങിനെയാണ്. ആപ്പിള്‍ എന്ത് കൊണ്ടു താഴോട്ടു വന്നു, മേലോട്ട് പോയില്ല ? അങ്ങിനെ ചിന്തിക്കുന്ന നെഗടീവിനെ പോസിടീവ് ആക്കും, അത്‌ പിന്നീട് വിജയത്തിന്റെ  തിയറിയാകും .  വിമര്‍ശനങ്ങള്‍ ശ്ലീലമായാലും, അശ്ലീലമായാലും സിന്ധു ജോയ് കോണ്‍ഗ്രസ്സില്‍ ഒരു ആകര്‍ഷണ സിദ്ദാന്തം ആകും ! വി എസ്സിന്റെ വാക്കിനു അറം പറ്റും. കറിവേപ്പിലയുടെ ആയുര്‍ വേദ രഹസ്യം വി എസ് അറിയാതെ പറഞ്ഞതാണെങ്കിലും ഈ വനിതാ നേതാവിന്റെ ഭാവി ഈ വാക്കിന്റെ യധാര്ത്യത്തെ ആശ്രയിച്ചിരിക്കും എന്ന് വരും നാളുകള്‍  തെളിയിക്കും. അല്ലെങ്കില്‍ തന്നെ  കോണ്ഗ്രസും കമ്യൂണിസ്റ്റും പല രീതിയിലും സങ്കരമാകുന്ന ഒരു രാഷ്ട്രീയം കേരളത്തിന്‌ അപരിചിതമല്ല. 
________________
ശിഷ്ടം:എന്തായാലും  വി എസ് ചീത്ത വിളിച്ചപ്പഴാ അറിഞ്ഞത് സിന്ധു  ജോയ് ഇപ്പൊ  കോണ്ഗ്രസ് ആണെന്ന് !
അല്ലെങ്കില്‍ തന്നെ എന്തിനാ അണ്ണാ  ചീത്ത വിളിക്കനത് ? അത്‌ ശരിയാണോ അണ്ണാ. ഒരു എക്സിക്യൂട്ടീവ്നു ചേര്‍ന്നതാണോ അണ്ണാ.
അല്ലെങ്കില്‍ തന്നെ ഈ കൊണ്ഗ്രസ്സും, കമ്യൂണിസ്റ്റും ഒന്ന് തന്നെ അല്ലെ അണ്ണാ ! സ്പെല്ലിങ്ങില്‍ ഉള്ള  വിത്യാസം മാത്രല്ലേ ഉള്ളൂ. 
മാമോദിസ മുക്കലോന്നും കമ്യൂനിസ്ടില്‍ ഇല്ലാത്തത് കൊണ്ടു പാര്‍ടി മാറാന്‍ പാടില്ലാ എന്നൊന്നും ഇല്ലല്ലോ. ആര്‍ക്കും എപ്പോ വേണമെങ്കിലും എവിടേക്ക്  വേണമെങ്കിലും പോകാം. ഇഷ്ടമുള്ളതെന്തും സീകരിക്കാം. അല്ലെങ്കില്‍ എന്ത് സ്വാതന്ത്ര്യം !